ഗ്ലോബല്‍ ആയുര്‍വേദ -വെല്‍നസ് കോണ്‍ക്ലേവില്‍ 34 രാജ്യങ്ങളില്‍ നിന്നുള്ള 125-ലധികം വിദേശ പ്രതിനിധികള്‍

കൂടുതല്‍ വിദേശ പ്രതിനിധികള്‍ റഷ്യ, ജര്‍മ്മനി എന്നിവിടങ്ങളില്‍നിന്ന്
Kozhikode / February 2, 2026

കോഴിക്കോട്: ആയുര്‍വേദ-വെല്‍നസ് ടൂറിസം മേഖലയിലെ മുന്‍നിരക്കാരായി കേരളത്തെ പ്രദര്‍ശിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത് ഏകദേശം 34 രാജ്യങ്ങളില്‍ നിന്നുള്ള 125-ലധികം പ്രതിനിധികള്‍. റഷ്യയില്‍ നിന്നാണ് കൂടുതല്‍ വിദേശ പ്രതിനിധികള്‍ എത്തിയത്, 22 പേര്‍. കോണ്‍ക്ലേവില്‍ 14 ജര്‍മ്മന്‍ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

ബയേഴ്‌സ്, സെല്ലേഴ്‌സ്, വെല്‍നസ് വിദഗ്ധര്‍ എന്നിവരടങ്ങുന്ന പ്രതിനിധികള്‍ പ്രധാനമായും റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ്, യുഎസ്, സ്ലൊവാക്യ, ലെബനന്‍, ഇറ്റലി, കസാക്കിസ്ഥാന്‍, സൗദി അറേബ്യ, ബള്‍ഗേറിയ, ഇസ്രായേല്‍, അര്‍മാനിയ, ജോര്‍ദാന്‍, തുര്‍ക്കി, പോളണ്ട്, പോര്‍ച്ചുഗല്‍, ദക്ഷിണ കൊറിയ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ആയുര്‍വേദ പ്രമോഷന്‍ സൊസൈറ്റി (എപിഎസ്) ടൂറിസം വകുപ്പുമായും ടൂറിസം, ആരോഗ്യ സംഘടനകളുമായും സഹകരിച്ച് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് ആയുര്‍വേദ പണ്ഡിതര്‍, ആഗോള വെല്‍നസ് വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍, അക്കാദമിക് വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, ട്രാവല്‍-കൊമേഴ്‌സ് പ്രൊഫഷണലുകള്‍, അന്താരാഷ്ട്ര പങ്കാളികള്‍ എന്നിവര്‍ക്ക് ഒത്തുചേരാന്‍ അവസരമൊരുക്കുന്നു.

ഏറെ സാധ്യതയുള്ള ആയുര്‍വേദ കേന്ദ്രമായി കേരളത്തെ കണക്കാക്കുന്നുവെന്നും കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ ആവേശകരവും വിജ്ഞാനപ്രദവുമായിരുന്നുവെന്നും റഷ്യന്‍ പ്രതിനിധി വിക്ടോറിയ സ്റ്റെഫനോവ പറഞ്ഞു. സാധാരണയായി റഷ്യയില്‍ വര്‍ഷത്തില്‍ 6-7 മാസം ശൈത്യകാലമാണ്. നിലവില്‍ കാലാവസ്ഥ മൈനസ് 20 ആണ്. അതാണ് ആയുര്‍വേദ ചികിത്സ തേടി ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. റഷ്യയില്‍ ആയുര്‍വേദം ജനപ്രിയമാണെങ്കിലും അതിന്റെ മറ്റ് പ്രത്യേകതകളെക്കുറിച്ച് വേണ്ടത്ര വിവരങ്ങള്‍ അവിടെ ലഭിക്കുന്നില്ലെന്നും സ്റ്റെഫനോവ കൂട്ടിച്ചേര്‍ത്തു.

വിജ്ഞാന കൈമാറ്റം, നയ വികസനം, ബി2ബി നെറ്റ്വര്‍ക്കിംഗ്, ആഗോള ബിസിനസ് സഹകരണം എന്നിവയ്ക്കുള്ള വേദിയായി കോണ്‍ക്ലേവ് മാറി. ഉത്തരവാദിത്ത- സുസ്ഥിര വികസന മാതൃകയെ അടിസ്ഥാനമാക്കി ആയുര്‍വേദ, വെല്‍നസ് ടൂറിസത്തിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നുവരാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് ഇത് പ്രചോദനമാണ്.

ഫെബ്രുവരി 3 ന് കോഴിക്കോട് ഡിമോറ ഹോട്ടലില്‍ 150 അന്താരാഷ്ട്ര, ആഭ്യന്തര ബയേഴ്‌സും കേരളത്തില്‍ നിന്നുള്ള 100 ആയുര്‍വേദ സേവന ദാതാക്കളെയും ബന്ധിപ്പിക്കുന്ന ബി2ബി മീറ്റ് നടക്കും. കേരളത്തില്‍ നിന്നുള്ള 100 സെല്ലേഴ്‌സ്, 120 അന്താരാഷ്ട്ര ഏജന്റുമാര്‍/ഓപ്പറേറ്റര്‍മാര്‍, 30 ഇന്ത്യന്‍ ഏജന്റുമാര്‍/ഓപ്പറേറ്റര്‍മാര്‍, 30 യോഗ ഓപ്പറേറ്റര്‍മാര്‍, വിദേശത്തുനിന്ന് 30 ഉം ഇന്ത്യയില്‍നിന്ന് 20 ഉം പേരടങ്ങിയ ബ്ലോഗര്‍മാര്‍മാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സംഘം എന്നിവര്‍ ബി2ബി നെറ്റ്വര്‍ക്കിംഗില്‍ ഭാഗമാകും.

അന്താരാഷ്ട്ര ആയുര്‍വേദ, യോഗ അംബാസഡര്‍മാര്‍ക്കായി ഫെബ്രുവരി 4 മുതല്‍ കേരളത്തിലുടനീളമുള്ള ആയുര്‍വേദ-വെല്‍നസ് കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത് ഫെബ്രുവരി 4 ന് കോഴിക്കോട് നിന്ന് ആരംഭിച്ച് ഫെബ്രുവരി 12 ന് തിരുവനന്തപുരത്ത് അവസാനിക്കും. പ്രതിനിധികള്‍ ആയുര്‍വേദ റിസോര്‍ട്ടുകളും വെല്‍നസ് റിട്രീറ്റുകളും, യോഗ ലക്ഷ്യസ്ഥാനങ്ങളും ആയുര്‍വേദ ആശുപത്രികളും സംസ്ഥാനത്തുടനീളമുള്ള ആയുര്‍വേദ നിര്‍മ്മാണ സൗകര്യങ്ങളും സന്ദര്‍ശിക്കും.

കേരള കലാമണ്ഡലം, കൊച്ചി മുസിരിസ് ബിനാലെ, കൊച്ചി പോര്‍ട്ട് ക്രൂയിസ് തുടങ്ങിയ സാംസ്‌കാരിക, പൈതൃക അനുഭവങ്ങളും മറ്റ് പ്രധാന ആകര്‍ഷണങ്ങളും സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു. ഇത് കേരളത്തിന്റെ ആയുര്‍വേദ, വെല്‍നസ് മേഖല, സാംസ്‌കാരിക ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ച് സമഗ്രമായ പരിചയം അന്താരാഷ്ട്ര പ്രതിനിധികള്‍ക്ക് നല്‍കും.



 

Photo Gallery

+
Content
+
Content
+
Content