ആയുര്‍വേദ മേഖലയിലെ കേരള ബ്രാന്‍ഡിന് സംസ്ഥാനം പ്രാധാന്യം നല്‍കണമെന്ന് അന്താരാഷ്ട്ര ആയുര്‍വേദ-വെല്‍നസ് കോണ്‍ക്ലേവ്

Kozhikode / February 2, 2026

കോഴിക്കോട്: ആയുര്‍വേദ മേഖലയില്‍ കേരള ബ്രാന്‍ഡ് എന്ന ആശയത്തിന് സംസ്ഥാനം പ്രാധാന്യം നല്‍കണമെന്നും ഇത് ആഗോള തലത്തിലെ വളര്‍ച്ചയില്‍ സുപ്രധാനമാണെന്നും വിദഗ്ധര്‍.  കോഴിക്കോട് നടക്കുന്ന പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവില്‍ 'ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമായി കേരളം' എന്ന വിഷയത്തിലെ പാനല്‍ സെഷനിലാണ് ഈ അഭിപ്രായമുയര്‍ന്നത്.

പരമ്പരാഗത അറിവുകളുടെ പിന്‍ബലത്തിലാണ് കേരളത്തിലെ ആയുര്‍വേദ രംഗം മുന്നോട്ടുപോകുന്നതെന്നും ഈ അതുല്യസ്വഭാവമാണ് കേരളം ബ്രാന്‍ഡ് ചെയ്യേണ്ടതെന്നും വടകരയിലെ ശാന്തിനികേതന്‍ ആയുര്‍വേദ കേന്ദ്ര-പഞ്ചകര്‍മ്മ ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് കണ്‍സള്‍ട്ടന്റും ഡയറക്ടറുമായ ഡോ. ടി.എസ്. കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു. പരമ്പരാഗത ആയുര്‍വേദം ശാസ്ത്രീയ രീതിയാണ് കേരളം പിന്തുടരുന്നത്. ഇതില്‍ അശാസ്ത്രീയത കലര്‍ത്തുന്നതാണ് പ്രശ്‌നം. അത് നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

ആയുര്‍വേദ മേഖലയില്‍ മികച്ച പഠന ഗവേഷണങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ടെന്നും ഇത് ഫലപ്രദമായി സംയോജിപ്പിച്ചാല്‍ ആയുര്‍വേദത്തിന്റെ ആഗോള ഹബ്ബ് ആയി മാറാന്‍ സംസ്ഥാനത്തിനാകുമെന്ന് അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം ആന്‍ഡ് വിദ്യാപീഠം പ്രിന്‍സിപ്പലും മെഡിക്കല്‍ ഡയറക്ടറുമായ പ്രൊഫ. ആലത്തിയൂര്‍ നാരായണന്‍ നമ്പി ചൂണ്ടിക്കാട്ടി.

പരമ്പരാഗത ആയുര്‍വേദ സമ്പ്രദായം പിന്തുടരുന്ന പ്രദേശം എന്ന നിലയില്‍ ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ നല്‍കുന്നത് പ്രധാനമാണെന്ന് സിജിഎച്ച് എര്‍ത്ത് എക്‌സ്പീരിയന്‍സ് സഹസ്ഥാപകന്‍ ജോസ് ഡൊമിനിക് പറഞ്ഞു. ഗുണമേന്‍മയില്‍ വിട്ടുവീഴ്ച വരുത്താതെ മുന്നോട്ടുപോയാല്‍ കേരളത്തിന് ഈ മേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ആയുര്‍വേദ മേഖലയില്‍ വര്‍ധിച്ചുവരുന്ന ആഗോള ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് സേവനം നല്‍കുന്നതില്‍ കേരളം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അങ്കമാലിയിലെ അകാമി ആയുര്‍വേദ ഫൗണ്ടേഷന്‍ ട്രസ്റ്റി ഡോ. ഇന്ദുലാല്‍ പറഞ്ഞു.

രുദ്രാക്ഷം ആരോഗ്യാശ്രമം മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ഇന്ദുചൂഢന്‍ മോഡറേറ്ററായി.

ആയുര്‍വേദ പ്രമോഷന്‍ സൊസൈറ്റി (എപിഎസ്) ടൂറിസം വകുപ്പുമായും ടൂറിസം, ആരോഗ്യ സംഘടനകളുമായും സഹകരിച്ചാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ആയുര്‍വേദ പണ്ഡിതര്‍, ആഗോള വെല്‍നസ് വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍, അക്കാദമിക് വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, ട്രാവല്‍-കൊമേഴ്‌സ് പ്രൊഫഷണലുകള്‍, അന്താരാഷ്ട്ര പങ്കാളികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

'ആയുര്‍വേദവും യോഗയും വെല്‍നസ് ടൂറിസത്തിലേക്ക് സമന്വയിപ്പിക്കുക' എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ സുദര്‍ശനം ആയുര്‍വേദ സ്ഥാപകനും കോയമ്പത്തൂരിലെ സുദര്‍ശന്‍ ആയുര്‍വേദ ക്ലിനിക്ക് ചീഫ് ഫിസിഷ്യനുമായ ഡോ.ഹരി പള്ളത്തേരി, എറണാകുളത്തെ പതഞ്ജലി യോഗ പരിശീലന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, തിരുവേഗപ്പുറ അശോകാലയം ആയുര്‍വേദ ചികിത്സാകേന്ദ്രം സ്ഥാപകനും ചീഫ് ഫിസിഷ്യനുമായ ഡോ. നരിപ്പറമ്പ് ദേവന്‍ നമ്പൂതിരി, പൂന്തോട്ടം ആയുര്‍വേദാശ്രമം മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രവീന്ദ്രനാഥ് എന്നിവര്‍ കാഴ്ചപ്പാടുകള്‍ പങ്കുവച്ചു.

കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.യദുനന്ദനന്‍ കെ.പി മോഡറേറ്ററായി.

 

Photo Gallery

+
Content