കേരള ടൂറിസത്തിന്റെ ഭാവിയില്‍ ഡിസൈന്‍ പോളിസി നിര്‍ണായകം- മന്ത്രി പി എ മുഹമ്മദ് റിയാസ്
Kochi / January 31, 2026
കൊച്ചി: വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിലുള്ള പ്രവേശനക്ഷമത അവിഭാജ്യ ഘടകമാകണമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരള ടൂറിസവും ദി ഹിന്ദു ദിനപ്പത്രവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കേരള ഫോര്‍ ഓള്‍, ടൂറിസം വിത്തൗട്ട് ബാരിയേഴ്സ് എന്ന ദ്വിദിന ഉച്ചകോടിയുടെ ആദ്യ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ടൂറിസം സൗകര്യങ്ങള്‍ക്ക് സംസ്ഥാനം പ്രഖ്യാപിച്ച ഡിസൈന്‍ നയം രാജ്യത്തിനാകെ മാതൃകയാണെന്ന് പി എ മുഹമ്മദ് റിയാസ് പറഞ്ഞു. എല്ലാവരെയും സ്വീകരിക്കുന്ന തരത്തിലുള്ള കാഴ്ചപ്പാടിലൂടെ മാത്രമേ വിനോദസഞ്ചാരത്തിന് വിവിധ സംസ്കാരങ്ങളെയും സമൂഹങ്ങളെയും യഥാർത്ഥത്തിൽ ബന്ധിപ്പിക്കാൻ കഴിയൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാവരെയും ഉൾക്കൊള്ളുന്ന ടൂറിസമെന്നത് കേവലം ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ളതാണെന്ന ധാരണ മാറണം. ഇതിന്റെ ഗുണഫലങ്ങൾ വയോജനങ്ങൾ, കൊച്ചുകുട്ടികളുമായി യാത്ര ചെയ്യുന്നവർ, പരിക്കുകളിൽ നിന്ന് സുഖം പ്രാപിക്കുന്നവർ, പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്നവർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം സഞ്ചാരികൾക്കും ലഭ്യമാകേണ്ടതുണ്ട്. ഭൗതികവും സാമൂഹികവും വിജ്ഞാനപരവുമായ തടസ്സങ്ങൾ നീക്കം ചെയ്യുന്നത് വിനോദസഞ്ചാരികൾക്ക് അന്തസ്സോടെയും സ്വതന്ത്രമായും യാത്ര ചെയ്യാൻ അവസരമൊരുക്കും. ഇത് മറിച്ച് വലിയൊരു സാമ്പത്തിക അവസരം കൂടിയാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമ്പോൾ റാംപുകൾ, ലിഫ്റ്റുകൾ, ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങൾ എന്നിവയ്ക്കൊപ്പം തന്നെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, വ്യക്തമായ ദിശാസൂചകങ്ങൾ, ലളിതമായ വിവരവിനിമയ രീതികൾ എന്നിവയ്ക്കും പ്രാധാന്യം നൽകണം. എന്നാൽ, അടിസ്ഥാന സൗകര്യങ്ങൾ കൊണ്ട് മാത്രം ടൂറിസം പൂർണ്ണമാകില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. വിനോദസഞ്ചാര മേഖലയിലെ ജീവനക്കാരുടെ ഇടപെടലുകളും മനോഭാവവും ഇതിൽ നിർണ്ണായകമാണ്. പ്രത്യേകമായ മാറ്റങ്ങൾ വരുത്താതെ തന്നെ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന സാര്‍വത്രിക രൂപകല്‍പനാരീതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. സാംസ്കാരികവും ഭാഷാപരവും സാമ്പത്തികവുമായ വൈവിധ്യങ്ങളെ കൂടി ഉൾക്കൊള്ളുന്ന രീതിയിലായിരിക്കണം ടൂറിസം പദ്ധതികൾ ആവിഷ്കരിക്കേണ്ടത്.
സംസ്ഥാനത്തെ ആദ്യത്തെ പൂർണ്ണ ഭിന്നശേഷി സൗഹൃദ നിയോജകമണ്ഡലമായി കോഴിക്കോട് ജില്ലയിലെ ബേപ്പൂരിനെ മാറ്റാനുള്ള പ്രവർത്തനങ്ങൾ ഈ മേഖലയിലെ വിദഗ്ധ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കി വരികയാണ്. പ്രാദേശിക സമൂഹങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള ടൂറിസം വികസനം കൂടുതൽ ഉത്തരവാദിത്തമുള്ളതും സുസ്ഥിരവുമാണെന്ന് മന്ത്രി പറഞ്ഞു. വിദേശ സഞ്ചാരികൾക്ക് പുറമെ ബജറ്റ് സൗഹൃദമായി യാത്ര ചെയ്യുന്ന പ്രാദേശിക സഞ്ചാരികൾക്കും അനുയോജ്യമായ സൗകര്യങ്ങൾ സംസ്ഥാനത്ത് അത്യാവശ്യമാണ്.
സംസ്ഥാനത്തെ പൊതുമരാമത്ത്-ടൂറിസം വകുപ്പുകൾ ചേർന്ന് തയ്യാറാക്കുന്ന പുതിയ ഡിസൈൻ പോളിസി രാജ്യത്തിന് തന്നെ മാതൃകയാണ്. ഇത്തരം നയം ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങളും ഡിസൈൻ പോളിസികൾ രൂപീകരിക്കാൻ മുന്നോട്ടുവരുന്നത് നമ്മുടെ കാഴ്ചപ്പാടിന്റെ വിജയമാണെന്നും മന്ത്രി പറഞ്ഞു. സർക്കാരുകൾക്കൊപ്പം തന്നെ വ്യവസായ പങ്കാളികളും സമൂഹവും ചേർന്ന് ഏറ്റെടുക്കേണ്ട പങ്കാളിത്ത ഉത്തരവാദിത്തമാണ് ഉൾക്കൊള്ളുന്ന ടൂറിസം എന്ന് അദ്ദേഹം പറഞ്ഞു. ദി ഹിന്ദു ഗ്രൂപ്പ് എഡിറ്റർ സുരേഷ് നമ്പത്ത്, കേരള ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവര്‍ പങ്കെടുത്തു.
Photo Gallery