ഓണ്‍ലൈന്‍ പാല്‍വില്‍പ്പന ആപ്പായ എഎംനീഡ്സിനെ ഫാംഫ്രഷ് സോണ്‍ വാങ്ങി

ഓണ്‍ലൈന്‍ പാല്‍വില്‍പ്പന ആപ്പായ എഎംനീഡ്സിനെ ഫാംഫ്രഷ് സോണ്‍ വാങ്ങി
Kochi / September 20, 2022

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍ പാല്‍വില്‍പ്പന ആപ്പായ എഎംനീഡ്സിനെ ഏറ്റെടുത്തു. പണമായും ഓഹരികളായും 15. 95 കോടി രൂപ(രണ്ട് മില്യണ്‍ ഡോളര്‍) ചെലവഴിച്ചാണ് ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍ ഏറ്റെടുക്കല്‍ നടത്തിയത്. 
വിളവെടുത്ത് 16 മണിക്കൂറിനുള്ളില്‍ കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിക്കുയാണ് ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍ ചെയ്യുന്നത്. 2000 ഓളം കര്‍ഷകര്‍ ഇവരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ദക്ഷിണേന്ത്യയിലെ 5 പ്രധാന നഗരങ്ങളിലാണ് ഈ ആപ്പിന്‍റെ സേവനം ലഭ്യമാകുന്നത്. എഎം നീഡ്സിന്‍റെ ഏറ്റെടുക്കലോടെ പാല്‍വില്‍പനയും ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍ വഴി നടത്താനാകും. കഴിഞ്ഞ സെപ്തംബറില്‍ ഐഎഎന്‍ ഫണ്ടില്‍ നിന്നും 6 കോടി രൂപയുടെ നിക്ഷേപം ഫാര്‍മേഴ്സ് ഫ്രഷ് സോണിന് ലഭിച്ചിരുന്നു. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 1000 കോടി രൂപയുടെ വിറ്റുവരവാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.


സുജിത് സുധാകരനും രഞ്ജിത് ബാലനും ചേര്‍ന്ന് 2019 ലാണ് എഎം നീഡ്സ് ആരംഭിച്ചത്. രാവിലെ ഏഴു മണിക്ക് മുമ്പ് ഉത്പന്നങ്ങള്‍ ഉപഭോക്താവിന് എത്തിച്ചു നല്‍കും വിധമായിരുന്നു അവര്‍ തങ്ങളുടെ സേവനം ക്രമപ്പെടുത്തിയിരുന്നത്. മുഖ്യ ഉത്പന്നം പാലും പാലുല്‍പ്പന്നങ്ങളുമായിരുന്നെങ്കിലും പച്ചക്കറികളും പ്രാതല്‍വിഭവങ്ങളും എത്തിച്ച് നല്‍കിയിരുന്നു. മില്‍മയുമായി ചേര്‍ന്നാണ് ഇവര്‍ പാല്‍ വിതരണം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 12 ലക്ഷം ഓര്‍ഡറുകളാണ് ഇവര്‍ക്ക് ലഭിച്ചത്.


കൃഷിയിടത്തില്‍ നിന്നും നേരിട്ട് തീന്‍മേശയിലേക്കെന്ന ആശയത്തോടു കൂടിയാണ് ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍ ആരംഭിച്ചതെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ പ്രദീപ് പി എസ് പറഞ്ഞു. എഎംനീഡ്സിന്‍റെ ഏറ്റെടുക്കലോടെ പാലുല്‍പ്പന്നങ്ങളും ഇതിലേക്ക് ചേര്‍ന്ന് കഴിഞ്ഞു. ക്യാപ്റ്റന്‍ ഫാം എന്ന നിര്‍മ്മിത ബുദ്ധി അധിഷ്ഠിത ആപ്പ് വഴിയാണ് വിതരണം ക്രമീകരിക്കുന്നത്. താമസിയാതെ കൂടുതല്‍ ഉത്പന്നങ്ങള്‍ ഇതിലേക്ക് എത്തിക്കുകയും കൂടുതല്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്യുമെന്നും പ്രദീപ് പറഞ്ഞു.


വലിയ പ്രതീക്ഷകളാണ് ഈ ഏറ്റെടുക്കല്‍ മുന്നോട്ടു വയ്ക്കുന്നതെന്ന് എഎംനീഡ്സിന്‍റെ സഹസ്ഥാപകരായ സുജിത്തും രഞ്ജിത്തും പറഞ്ഞു. കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ഈ കൂട്ടുകെട്ടിലൂടെ സാധിക്കുമെന്നും ഇരുവരും പറഞ്ഞു.
കഴിക്കുന്ന ഭക്ഷണമുണ്ടാക്കിയവരെ അറിയൂ എന്നതാണ് ഫാര്‍മേഴ്സ് ഫ്രഷ് സോണിന്‍റെ ആപ്തവാക്യമെന്ന് പ്രശസ്ത എയ്ഞജല്‍ നിക്ഷേപകന്‍ നാഗരാജ പ്രകാശം പറഞ്ഞു. ഇനി പാലിന്‍റെ ഉറവിടവും ഉപഭോക്താക്കള്‍ക്ക് അറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു.


ഭക്ഷണത്തിന്‍റെ ഗുണമേന്മയെക്കുറിച്ചും അത് ആരോഗ്യത്തിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചും ഇന്നത്തെ ഉപഭോക്താക്കള്‍ വളരെ ബോധവാന്മാരാണെന്ന് ഐഎഎന്‍ ഫണ്ടിന്‍റെ സഹസ്ഥാപകയും എയ്ഞ്ജല്‍ നിക്ഷേപകയുമായ പദ്മജ രുപാരേല്‍ പറഞ്ഞു. കൃഷിയിടത്തില്‍ നിന്ന് നേരിട്ട് തീന്‍മേശയിലേക്ക് ഉത്പന്നങ്ങള്‍ എത്തിക്കുന്ന ശൃംഖലയിലൂടെ മാത്രമേ ഇത് ഉറപ്പുവരുത്താനാകൂ. ഫാര്‍മേഴ്സ് ഫ്രഷ് സോണിലൂടെ പാലിന്‍റെ കാര്യത്തിലും ഈ ഉറപ്പുണ്ടാകുമെന്നും അവര്‍ പറഞ്ഞു.
 

Photo Gallery

+
Content