മണ്ണിന്റെ സംരക്ഷണത്തിന് പ്രാദേശിക ജനതയുടെ അതിജീവനം

നിര്‍ണായകം- കൊച്ചി ബിനാലെയിലെ സോയില്‍ അസംബ്ലി സമ്മേളനം
Kochi / January 20, 2026

കൊച്ചി: ലോകത്തില്‍ അതിവേഗം നശിച്ചു കൊണ്ടിരിക്കുന്ന മണ്ണിനെ സംരക്ഷിക്കുന്നതിന് പ്രാദേശിക ജനതയുടെ അതിജീവനം അത്യാവശ്യമാണെന്ന് കൊച്ചി മുസിരിസ് ബിനാലെയില്‍ നടന്ന ദി സോയില്‍ അസംബ്ലി സമ്മേളനം അഭിപ്രായപ്പെട്ടു. മണ്ണിനെക്കുറിച്ചുള്ള ബോധവത്കരണം ശരിയായ രീതിയില്‍ നടത്തിയില്ലെങ്കില്‍ രണ്ട് പതിറ്റാണ്ടിനകം തന്നെ വലിയ പ്രത്യാഘതം നേരിടേണ്ടി വരുമെന്ന് നാല് ദിവസത്തെ സമ്മേളനത്തിൽ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

മണ്ണുമായി ബന്ധപ്പെട്ട ഇത്തരം അന്താരാഷ്ട്ര ഇടപെടലുകള്‍ വര്‍ത്തമാനകാലത്ത് നടത്തുന്നതിന് വ്യക്തമായ രാഷ്ട്രീയബോധം വേണമെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സഹസ്ഥാപകനായ ബോസ് കൃഷ്ണമാചാരി ചൂണ്ടിക്കാട്ടി. സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങളെ സമകാലീന കലയിലൂടെ അവതരിപ്പിക്കുമ്പോള്‍ അതിന് ലഭിക്കുന്ന സ്വീകാര്യത വലുതാണെന്ന് ബോസ് ചൂണ്ടിക്കാട്ടി. രാജ്യാന്തര തലത്തില്‍ ഇത്തരം വിഷയങ്ങളെ അവതരിപ്പിക്കുന്നതിന് സംഘാടകര്‍ പ്രദര്‍ശിപ്പിക്കുന്ന ധൈര്യവും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

പെഡ്രോ സോളര്‍, ഡാനിയേല മോറേനോ എന്നിവര്‍ ഇക്വഡോറിലെ ജനങ്ങളുടെ അതിജീവനത്തിനെക്കുറിച്ചുള്ള  ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചു. സോയില്‍ അസംബ്ലിയുടെ ക്യൂറേറ്റര്‍ മീന വാരി, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഓഫ് പ്രോഗ്രാംസ് മാരിയോ ഡിസൂസ,  സാമൂഹ്യപ്രവര്‍ത്തകനായ  മനോജ് കുമാര്‍, അസുന്‍സിയോണ്‍ മോലിനോസ് ഗോര്‍ഡോ, റാമോണ്‍ ഗ്രെന്‍ഡേന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ശില്പശാലയിൽ ചതുപ്പ് നിലങ്ങൾ, കണ്ടൽക്കാടുകൾ, സമുദ്ര വ്യാപാരം, മണ്ണിലെ സൂക്ഷ്മ ജീവജാലങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ സെഷനുകൾ നടക്കും. കേരളത്തിലെ തീരദേശങ്ങളുടെ ശോച്യാവസ്ഥ വിവരിക്കുന്ന ആരതി എം ആർ സംവിധാനം ചെയ്ത ഉപ്പുവീടുകൾ അടക്കം മൂന്ന് ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിക്കും.

ബ്രസീൽ, ചൈന, ജപ്പാൻ, ഇന്തോനേഷ്യ, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഇതിൽ പങ്കുചേരും. രണ്ടാം ദിവസമായ ബുധനാഴ്ച മംഗളവനം പക്ഷി സങ്കേതത്തിൽ  പ്രത്യേകം സെഷനും സംഘടിപ്പിക്കുന്നുണ്ട്. പരിസ്ഥിതി പ്രവർത്തക ശ്രുതി തേരായിലിന്റെ നേതൃത്വത്തിൽ ചുറ്റുമുള്ള ഭക്ഷ്യയോഗ്യമായ കാട്ടുചെടികളെ പരിചയപ്പെടുത്തുന്ന സെഷനും  ഉണ്ടാകും.

 

Photo Gallery

+
Content