കേരള ടൂറിസത്തിന്റെ അഖിലെന്ത്യാ ഫോട്ടോ പ്രദർശനം ‘ലെൻസ്കേപ്പ് കേരള’യ്ക്ക് തുടക്കമായി;

ടൂറിസം മന്ത്രി ശ്രീ പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
New Delhi / January 20, 2026

ന്യൂഡല്‍ഹി: സംസ്ഥാന ടൂറിസം വകുപ്പിന്റെ അഖിലേന്ത്യാ ഫോട്ടോ പ്രദർശനം ‘ലെൻസ്കേപ്പ് കേരള’യ്ക്ക് ന്യൂഡൽഹിയിൽ തുടക്കമായി. സംസ്ഥാന ടൂറിസം മന്ത്രി ശ്രീ പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി പ്രദർശനം ഉദ്ഘാടനം ചെയ്തു. കേരളത്തെ എല്ലാ വൈവിധ്യങ്ങളും പ്രകൃതി രമണീയമായ കാഴ്കകളും സഞ്ചാരികൾക്ക് അനുഭവവേദ്യമാക്കുന്നതിന്റെ ഭാഗമായാണ് കേരള ടൂറിസം ഈ ഉദ്യമം ഒരുക്കുന്നത്.

രാജ്യത്തെ പത്ത് പ്രമുഖ യാത്രാ-മാധ്യമ ഫോട്ടോഗ്രാഫർമാർ പകർത്തിയ നൂറ് ചിത്രങ്ങളാണ് ഈ പ്രദർശനത്തിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ മുംബൈ, കൊൽക്കത്ത, ചെന്നൈ ഉൾപ്പെടെ രാജ്യത്തെ ഒമ്പത് നഗരങ്ങളിൽ കൂടി ഈ ഫോട്ടോഗ്രഫി പ്രദര്‍ശനം നടക്കും.

ഡല്‍ഹിയിലെ ട്രാവൻകൂർ പാലസ് ഗാലറിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ടൂറിസം മന്ത്രാലയം അഡീഷണൽ സെക്രട്ടറിയും ഡയറക്ടർ ജനറലുമായ ശ്രീ സുമൻ ബില്ല ഐഎഎസ് മുഖ്യാതിഥിയായിരുന്നു. കേരള ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ (ജനറൽ) ശ്രീമതി ശ്രീധന്യ സുരേഷ് ഐഎഎസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഡൽഹി കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ്, ക്യുറേറ്റർ ഉമ നായർ, ഫോട്ടോഗ്രാഫി ഡയറക്ടർ ബാലൻ മാധവൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. കേരള ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ അജീഷ് കുമാർ ആർ നന്ദി പ്രകാശിപ്പിച്ചു. ജനുവരി 21, 22, 23 തീയതികളിൽ രാവിലെ 11 മുതൽ വൈകിട്ട് 7 വരെ പൊതുജനങ്ങൾക്ക് പ്രദർശനം സന്ദർശിക്കാവുന്നതാണ്.

കേരളത്തിന്റെ മനോഹരമായ പ്രകൃതിദൃശ്യങ്ങളും സാംസ്കാരിക വൈവിധ്യങ്ങളും ആസ്വദിക്കാൻ സഞ്ചാരികൾക്കുള്ള ക്ഷണമാണ് ഈ പ്രദർശനമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വര്‍ഷം തോറും ഇത് നടത്താനാണ് കേരള ടൂറിസം ഉദ്ദേശിക്കുന്നത്. ഓരോ വർഷവും വനിതാ ഫോട്ടോഗ്രാഫർമാർ, യുവാക്കൾ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലുള്ളവരെ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തും. ഇന്നത്തെ കാലത്തെ സഞ്ചാരികൾ ആഗ്രഹിക്കുന്ന എല്ലാം തികഞ്ഞ യാത്രാനുഭവം കേരളം എങ്ങനെ നൽകുന്നു എന്ന് ‘ലെൻസ്കേപ്പ് കേരള’ അവതരിപ്പിക്കും. പ്രകൃതി, മഴക്കാലം, പൈതൃകം, ഗ്രാമീണ-തീരദേശ ജീവിതം, ഭക്ഷണരീതികൾ, ഉത്സവങ്ങൾ, ആത്മീയത തുടങ്ങിയ വിവിധ പ്രമേയങ്ങളാണ് ചിത്രങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മികച്ച ദൃശ്യങ്ങൾ രൂപപ്പെടാൻ ഫോട്ടോഗ്രാഫർമാർക്ക് ലഭിച്ച പൂർണ്ണമായ സർഗ്ഗാത്മക സ്വാതന്ത്ര്യം സഹായിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം തന്നെ കേരളത്തിലേക്ക് യാത്ര ആസൂത്രണം ചെയ്യുന്നവർക്ക് ഈ പ്രദര്‍ശനം വഴികാട്ടിയാകും. വരും വർഷങ്ങളിൽ വിദേശ ഫോട്ടോഗ്രാഫർമാരെയും പദ്ധതിയിൽ പങ്കാളികളാക്കും. ഇതുവഴി കേരളത്തിന്റെ ദൃശ്യസാധ്യതകളെ ലോകത്തിന് മുന്നിൽ വ്യക്തമായി അവതരിപ്പിക്കാൻ സാധിക്കും.

ഐശ്വര്യ ശ്രീധർ, അമിത് പസ്രീച്ച, എച്ച് സതീഷ്, കൗന്തേയ സിൻഹ, മനോജ് അറോറ, നടാഷ കർതാർ ഹേമ്രാജനി, സായിബൽ ദാസ്, സൗരഭ് ആനന്ദ് ചാറ്റർജി, ശിവാംഗ് മേത്ത, ഉമേഷ് ഗോഗ്ന എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. കഴിഞ്ഞ വർഷം അവസാനം കേരളത്തിൽ നടത്തിയ യാത്രകളിലാണ് ഇവർ ഈ ചിത്രങ്ങൾ പകർത്തിയത്. പ്രമുഖ ക്യുറേറ്റർ ഉമ നായരും ഫോട്ടോഗ്രാഫർ ബാലൻ മാധവനും ചേർന്നാണ് പ്രദർശനം ക്യൂറേറ്റ് ചെയ്യുന്നത്.

ന്യൂഡൽഹിക്ക് ശേഷം വഡോദര (ജനുവരി 27-29), അഹമ്മദാബാദ് (ഫെബ്രുവരി 3-5), മുംബൈ (ഫെബ്രുവരി 11-14), പൂനെ (ഫെബ്രുവരി 17-20), ബെംഗളൂരു (ഫെബ്രുവരി 27-മാർച്ച് 1), ചെന്നൈ (മാർച്ച് 4-7), ഹൈദരാബാദ് (മാർച്ച് 12-14), കൊൽക്കത്ത (മാർച്ച് 22-24) എന്നീ നഗരങ്ങളിൽ പ്രദർശനം എത്തും. മാർച്ച് 29ന് സൂറത്തിലാണ് പ്രദര്‍ശനത്തിന്റെ അവസാനഘട്ടം. മാർച്ച് 31-ന്  പ്രദര്‍ശനം സമാപിക്കും.

 

Photo Gallery

+
Content
+
Content
+
Content