കൊച്ചി ബിനാലെ 2025- തീരദേശ പ്രതിസന്ധികൾ ചർച്ചയാക്കി ഡോക്യുമെൻ്ററി- ഉപ്പുവീടുകൾ
Kochi / January 24, 2026
കൊച്ചി: തീരദേശ ജീവിതങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ഏൽപ്പിക്കുന്ന ആഴത്തിലുള്ള പ്രത്യാഘാതം അവതരിപ്പിച്ച് ആരതി എം.ആർ. സംവിധാനം ചെയ്ത 'ഉപ്പുവീടുകൾ' (Houses of Salt) എന്ന ഡോക്യുമെന്ററി കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ചു. ബിനാലയോടനുബന്ധിച്ച് ബാസ്റ്റ്യൻ ബംഗ്ലാവിൽ നാല് ദിവസമായി നടക്കുന്ന ദി സോയിൽ അസംബ്ലി സമ്മേളനത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.
എറണാകുളം ജില്ലയിലെ പുത്തൻവേലിക്കരയിലെ ജനങ്ങൾ നേരിടുന്ന വേലിയേറ്റ വെള്ളപ്പൊക്കത്തെയും തൽഫലമായി ഉണ്ടായ പലായനങ്ങളെയും 22 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെൻ്ററി അവതരിപ്പിക്കുന്നു. കേരളത്തിന്റെ തീരദേശങ്ങളിൽ സംഭവിക്കുന്ന 'നിശബ്ദമായ ആക്രമണങ്ങളെ ഇത് കാണിച്ചു തരുന്നു.
ദുരന്തത്തിന്റെ നിശബ്ദതയാണ് ഈ ചിത്രത്തിന്റെ കാതലെന്ന് സംവിധായിക ആരതി വിശേഷിപ്പിച്ചു. വെള്ളം ഇറങ്ങിയാലും ആ മുറിവുകൾ ജനങ്ങളുടെ മനസ്സിൽ ഉണങ്ങാതെ നിൽക്കുന്നുവെന്ന് പ്രദർശനത്തിന് ശേഷമുള്ള ചർച്ചയിൽ അവർ ചൂണ്ടിക്കാട്ടി. വെള്ളപ്പൊക്കത്തിന്റെ ഭാരം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് സ്ത്രീകളാണ്. ഉപ്പുവെള്ളം വീടുകളിൽ കയറുന്നതിനാൽ ദിവസവും രണ്ടുതവണ വീട് വൃത്തിയാക്കേണ്ടി വരുന്ന സ്ത്രീകളുടെ ദുരവസ്ഥയും, നഗരങ്ങളിൽ വീട്ടുജോലിക്ക് പോയി തിരിച്ചെത്തുമ്പോൾ ഉപ്പുവെള്ളം നിറഞ്ഞ വീടുകളിലേക്ക് മടങ്ങേണ്ടി വരുന്ന നിസ്സഹായാവസ്ഥയും ഡോക്യുമെന്ററി തുറന്നുകാട്ടുന്നു.
പ്രദേശത്തെ 40 ശതമാനത്തോളം ആളുകൾ ഇപ്പോൾ അവിടെനിന്ന് മാറി താമസിക്കാൻ ആഗ്രഹിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരവും ചിത്രം പങ്കുവെക്കുന്നുണ്ട്. "എനിക്ക് ഉണക്കുള്ള തറയിൽ താമസിക്കണം" എന്ന പ്രദേശവാസിയുടെ വാക്കുകൾ കാഴ്ചക്കാരനെ ആഴത്തിൽ ചിന്തിപ്പിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ പെട്ടെന്നുണ്ടാകുന്ന ദുരന്തമായല്ല, മറിച്ച് അനിവാര്യമായ മാറ്റമായാണ് ആരതി കാണുന്നത്. ഇതിന് ശാശ്വതമായ പരിഹാരങ്ങൾ കണ്ടെത്തുക പ്രയാസമാണെങ്കിലും കെട്ടിട നിർമ്മാണ രീതികളിൽ മാറ്റങ്ങൾ വരുത്തുന്നത് ചെറിയ തോതിലുള്ള ആശ്വാസം നൽകിയേക്കുമെന്ന് അവർ അഭിപ്രായപ്പെടുന്നു. ഉപ്പുവെള്ളത്തെ പ്രതിരോധിക്കുന്ന 'പൊക്കാളി' നെൽകൃഷി പോലുള്ള പരമ്പരാഗത രീതികളെയും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
'ഉപ്പുവീടുകൾ' എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയും വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് സംവിധായിക ചൂണ്ടിക്കാട്ടി. 2022-ൽ തുടങ്ങിയ ചിത്രീകരണം വ്യക്തിപരമായ നഷ്ടങ്ങൾ കാരണവും സാങ്കേതിക തടസ്സങ്ങൾ കാരണവുമാണ് നീണ്ടുപോയത്. സഹപ്രവർത്തകനായ ജോർജിന്റെ അപ്രതീക്ഷിത വിയോഗവും മറ്റ് രണ്ട് അണിയറ പ്രവർത്തകരുടെ അസാന്നിധ്യവും യൂണിറ്റിനെ ബാധിച്ചെങ്കിലും മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം പ്രേക്ഷകരിലെത്തിച്ചു. വെറുമൊരു കഥ പറയുക എന്നതിലുപരി, അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തരമായ നയരൂപീകരണത്തിനും ഇടപെടലുകൾക്കും കാരണമാവുകയാണ് ലക്ഷ്യമെന്ന് ആരതി പറഞ്ഞു. നിശബ്ദരായി സഹിക്കാൻ വിധിക്കപ്പെട്ട മനുഷ്യരുടെ ശബ്ദം ഉച്ചത്തിൽ കേൾപ്പിക്കാനുള്ള ശ്രമം കൂടിയാണ് ഈ ചിത്രം.