ഗവ. സൈബർപാർക്കിൽ ഐടി ജീവനക്കാർക്കായി ആർത്തവ ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു

Kozhikode / January 28, 2026

കോഴിക്കോട്: ഗവൺമെന്റ് സൈബർപാർക്കും  ഫെമിസേഫ് സ്റ്റാര്‍ട്ടപ്പും (FemiSafe) സംയുക്തമായി സംഘടിപ്പിച്ച 'മെൻസ്ട്രുവൽ വെൽനസ് സെഷൻ' സൈബർപാർക്കിലെ ഐടി പ്രൊഫഷണലുകളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആർത്തവനാളുകളിലെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സുസ്ഥിര ശുചിത്വ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതും ലക്ഷ്യം വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സഹ്യ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സൈബർപാർക്കിലെ വിവിധ കമ്പനികളിൽ നിന്നുള്ള നിരവധി ജീവനക്കാര്‍ പങ്കെടുത്തു.

ഫെമിസേഫ് സഹസ്ഥാപക നൂറിൻ ആയിഷയാണ് സെഷന്‍ നയിച്ചത്. സുസ്ഥിര ആർത്തവ ആരോഗ്യത്തെക്കുറിച്ചുള്ള അറിവുകൾ പരിപാടിയില്‍ പങ്കുവെച്ചു. ആർത്തവകാലത്തെ ശുചിത്വം, പരിസ്ഥിതി സൗഹൃദ രീതികൾ എന്നിവയ്ക്ക് പുറമെ മെൻസ്ട്രുവൽ കപ്പുകളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് ലളിതമായ രീതിയിലുള്ള വിശദീകരണവും നൽകി. കൂടാതെ, ആർത്തവ സമയത്തെ ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് ധാരണ നൽകാനായി പരിപാടിയില്‍ പങ്കെടുത്ത പുരുഷന്മാര്‍ക്ക് പീരിയഡ് ക്രാംപ് സിമുലേറ്റർ ഉപയോഗിക്കാനുള്ള അവസരം നല്‍കിയത് വേറിട്ട അനുഭവമായി.

തൊഴിലിടങ്ങളിൽ സുസ്ഥിരമായ ആരോഗ്യശീലങ്ങള്‍‌ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചടങ്ങിൽ പങ്കെടുത്ത 200 വനിതകൾക്ക് സൗജന്യമായി ഫെമിസേഫ് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു.

ഐടി മേഖലയിലെ വനിതകൾക്കായി ഇത്തരമൊരു ശാക്തീകരണ പരിപാടി സംഘടിപ്പിച്ചതിന് സൈബർപാർക്ക് എച്ച്.ആർ ആന്റ് മാർക്കറ്റിംഗ് മാനേജർ അനുശ്രീ ഫെമിസേഫിനോട് നന്ദി രേഖപ്പെടുത്തി. ആരോഗ്യപരമായ അവബോധത്തിനും തുറന്ന ചർച്ചകൾക്കുമായി ഇത്തരം സുരക്ഷിതമായ ഇടങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ ക്ഷേമത്തിനും എല്ലാവരെയും ഉൾക്കൊള്ളുന്ന തൊഴിലിട സംസ്കാരം വളര്‍ത്തുന്നതിനുമായി സൈബർപാർക്ക് നടത്തുന്ന നിരന്തരമായ പരിശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

സ്ത്രീകളുടെ ആരോഗ്യസൗഖ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നൗറീൻ ഐഷയും നസീഫ് നാസറും ചേർന്ന് 2020-ൽ ആരംഭിച്ച ഫെംടെക് (femtech) സ്റ്റാർട്ടപ്പുാണ് ഫെമിസേഫ്. സ്ത്രീസഹജമായ ആരോഗ്യപ്രശ്നങ്ങളില്‍ പ്രായോഗിക ശാസ്ത്രീയ പരിഹാരമാര്‍ഗങ്ങള്‍ നല്‍കുന്ന ഉത്പന്നങ്ങളിലാണ് ഇവര്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 

Photo Gallery

+
Content
+
Content
+
Content