കരുവാറ്റയിലെ സിബിഎല്‍ രണ്ടാം മത്സരം- അട്ടിമറിയുമായി എന്‍സിഡിസി കുമരകം തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ ഒന്നാമത്

കരുവാറ്റയിലെ സിബിഎല്‍ രണ്ടാം മത്സരം- അട്ടിമറിയുമായി എന്‍സിഡിസി കുമരകം തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ ഒന്നാമത്
Alleppey / September 17, 2022

ആലപ്പുഴ: ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങളുടെ മാതൃകയില്‍ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ രണ്ടാം മത്സരത്തില്‍ എന്‍സിഡിസി ബോട്ട്ക്ലബ് കുമരകം തുഴഞ്ഞ (മൈറ്റി ഓര്‍സ്) നടുഭാഗം ചുണ്ടന്‍ ഒന്നാമതെത്തി (4.07.25 മിനിറ്റ്). കരുവാറ്റ ലീഡിംഗ് ചാനലില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ നെഹ്റു ട്രോഫി ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതിലിനെ (ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) ആറ് മൈക്രോസെക്കന്‍റ് (4.07.31 മിനിറ്റ്) വ്യത്യാസത്തിലാണ് നടുഭാഗം തോല്‍പ്പിച്ചത്.


നെഹ്റു ട്രോഫിയില്‍ സെക്കന്‍റുകളുടെ വ്യത്യാസത്തില്‍ ഒന്നാം സ്ഥാനം നഷ്ടമായ എന്‍സിഡിസി നടുഭാഗത്തിന്‍റെ ഉജ്ജ്വല തിരിച്ചുവരവാണ് കരുവാറ്റയില്‍ കണ്ടത്. 1250 മീറ്റര്‍ നീളമുള്ള ട്രാക്കിലെ ഹീറ്റ്സില്‍ തന്നെ മികച്ച സമയം കുറിച്ച് (4.04.65 മിനിറ്റ്) എന്‍സിഡിസി കുമരകം കലാശപ്പോരാട്ടത്തിന്‍റെ ഫലത്തിന്‍റെ സൂചന നല്‍കി. സിബിഎല്‍ ഒന്നാം സീസണില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ് (മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍) തീപാറുന്ന വെല്ലുവിളിയാണ് ഉയര്‍ത്തിയത്. പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ (റിപ്പിള്‍ ബ്രേക്കേഴ്സ്) വീയപുരം മൂന്നാം (4.08.82) സ്ഥാനത്തെത്തി
രണ്ട് സിബിഎല്‍ മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 19 പോയിന്‍റുകളുമായി മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍, നടുഭാഗം ചുണ്ടന്‍ എന്നിവ ഒന്നാം സ്ഥാനം പങ്കിടുന്നു. 16 പോയിന്‍റുകളോടെ വീയപുരമാണ് മൂന്നാം സ്ഥാനത്ത്. തുല്യ പോയിന്‍റ് വരുന്ന ടീമുകള്‍ പങ്കിടുന്ന സ്ഥാനത്തിനടുത്ത സ്ഥാനം ഒഴിവായി കണക്കാക്കും.


രണ്ട് വര്‍ഷത്തിന് ശേഷം നടന്ന വള്ളം കളിയെ പങ്കാളിത്തം കൊണ്ട് കരക്കാരും ഉത്സവമാക്കി മാറ്റി. കൃഷി വകുപ്പ് മന്ത്രി ശ്രീ പി പ്രസാദാണ് 53-കരുവാറ്റ വള്ളം കളിയും സിബിഎല്‍ രണ്ടാം മത്സരവും ഉദ്ഘാടനം ചെയ്തത്. ആലപ്പുഴ എം പി ശ്രീ എ എം ആരിഫ് സമ്മാനദാനം നടത്തി. 
കേരള പോലീസ് ബോട്ട് ക്ലബ് (റേജിംഗ് റോവേഴ്സ്) ചമ്പക്കുളം (നാല്-14 പോയിന്‍റ്), വേമ്പനാട് ബോട്ട് ക്ലബ് (പ്രൈഡ് ചേസേഴ്സ്) പായിപ്പാട് (അഞ്ച്-11 പോയിന്‍റ്), യുബിസി കൈനകരി (കോസ്റ്റ് ഡോമിനേറ്റേഴ്സ്) കാരിച്ചാല്‍ (അഞ്ച്-11 പോയിന്‍റ്), ടൗണ്‍ ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ വാരിയേഴ്സ്) സെ. പയസ് ടെന്‍ത് (ഏഴ്- എട്ട് പോയിന്‍റ്), കെബിസി-എസ്എഫ്ബിസി (തണ്ടര്‍ ഓര്‍സ്)ആയാപറമ്പ് പാണ്ടി (എട്ട്- ആറ് പോയിന്‍റ്), വില്ലേജ് ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ നൈറ്റ്സ്) ദേവാസ് (ഒമ്പത്- നാല് പോയിന്‍റ്) എന്നിങ്ങനെയാണ് സ്ഥാനങ്ങളും പോയിന്‍റുകളും.


ഓരോ ലീഗ് മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും നാല് ലക്ഷം രൂപ വീതം ലഭിക്കും. ഇതിന് പുറമെ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷവും, രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്നു ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും  അധികമായി ലഭിക്കും.
പുളിങ്കുന്ന്, ആലപ്പുഴ (സെപ്തംബര്‍ 24), പിറവം, എറണാകുളം (ഒക്ടോബര്‍ ഒന്ന്), മറൈന്‍ ഡ്രൈവ് എറണാകുളം (ഒക്ടോബര്‍ എട്ട്), കോട്ടപ്പുറം തൃശൂര്‍ (ഒക്ടോബര്‍ 15), കൈനകരി, ആലപ്പുഴ (ഒക്ടോബര്‍ 22), താഴത്തങ്ങാടി കോട്ടയം (ഒക്ടോബര്‍ 29), പാണ്ടനാട് ചെങ്ങന്നൂര്‍ (നവംബര്‍ അഞ്ച്), കായംകുളം, ആലപ്പുഴ (നവംബര്‍ 12), കല്ലട, കൊല്ലം (നവംബര്‍ 19), പ്രസിഡന്‍റ്സ് ട്രോഫി കൊല്ലം (നവംബര്‍ 26) എന്നിവിടങ്ങളിലാണ് അടുത്ത മത്സരങ്ങള്‍.
 

Photo Gallery

+
Content
+
Content