മിനി മ്യൂസിയങ്ങളെ വ്യാപകമായി പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Kochi / February 11, 2021

കൊച്ചി: കേരളത്തെ ഇന്ത്യയുടെ മ്യൂസിയം ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മിനി മ്യൂസിയങ്ങള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. കേരളത്തിന്‍റെ സാംസ്ക്കാരിക പൈതൃകം വിളിച്ചോതുന്ന മ്യൂസിയങ്ങളിലൂടെ യുവജനതയെ ആകര്‍ഷിക്കാനാണ് പദ്ധതി.
മ്യൂസിയങ്ങളുടെ പരമ്പരാഗത സ്വഭാവത്തില്‍ നിന്ന് വ്യത്യസ്തമായി ലോകത്ത് ഇന്ന് കാണുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ മ്യൂസിയങ്ങളില്‍ ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ആര്‍ക്കിയോളജി, മ്യൂസിയം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്ന അഡി. ചീഫ് സെക്രട്ടറി ഡോ. വേണു വി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 


മിനി മ്യൂസിയങ്ങളാണ് സംസ്ഥാനമെമ്പാടും ഈ നവ നടപടികളുടെ ഭാഗമായി വരാന്‍ പോകുന്നത്. ചില ചരിത്ര സംഭവങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടേണ്ടതും ചില പ്രാദേശിക ജനതയ്ക്ക് വൈകാരികമായ അടുപ്പമുള്ളതുമാണെന്ന് ഡോ. വേണു പറഞ്ഞു. അത്തരം  പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് മ്യൂസിയങ്ങള്‍ നിര്‍മ്മിക്കാന്‍ ആലോചിക്കുന്നത്. ഇത് ജനങ്ങള്‍ക്ക് അഭിമാനത്തിന്‍റെ സ്മാരകമാകുമെന്നും അദ്ദേഹം പറഞ്ഞു.


മ്യൂസിയങ്ങളെ ആധുനികവത്കരിക്കാന്‍ കേരള മ്യൂസിയം എന്ന സ്ഥാപനത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഈ സ്ഥാപനമായിരിക്കും മേല്‍നടപടികള്‍ സ്വീകരിക്കുന്നത്. പ്രാദേശിക ജനങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന രണ്ട് പ്രമേയങ്ങളിലടിസ്ഥാനമാക്കിയ രണ്ട് പദ്ധതികളാണ് ഫെബ്രുവരി 12 ന് തുടങ്ങാന്‍ പോകുന്നത്.
കൊച്ചി രാജ്യത്തിന്‍റെ ചരിത്രശേഷിപ്പുകള്‍ കുടികൊള്ളുന്ന തൃപ്പൂണിത്തുറ ഹില്‍പാലസ്, കേരളത്തിന്‍റെ വ്യാപാരബന്ധങ്ങളുടെ ചരിത്രം വിളിച്ചോതുന്ന ഫോര്‍ട്ട്കൊച്ചി ബാസ്റ്റിന്‍ ബംഗ്ലാവ് എന്നിവയാണ് ഈ പദ്ധതിയിലെ ആദ്യ രണ്ട് മ്യൂസിയങ്ങള്‍.


വര്‍ത്തമാനകാല പ്രാധാന്യത്തോടു കൂടി മ്യൂസിയങ്ങളെ സാംസ്ക്കാരിക കേന്ദ്രങ്ങളായി വളര്‍ത്തിയെടുക്കുന്നതിനുള്ള ഒരു ദശകമായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമാണിതെന്ന് ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയം ഡയറക്ടര്‍ ജനറല്‍ കൂടിയായിരുന്ന ഡോ. വേണു പറഞ്ഞു. ചരിത്രമുറങ്ങുന്ന സ്ഥലങ്ങള്‍ മാത്രമാണ് മ്യൂസിയങ്ങള്‍ എന്ന ധാരണ തിരുത്തേണ്ടിയിരിക്കുന്നു. ജനങ്ങളോട്, വിശിഷ്യാ യുവതലമുറയോട് സംവദിക്കുന്ന സാംസ്ക്കാരിക ഇടങ്ങളായി മ്യൂസിയങ്ങള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.


കേരളത്തിലെ മ്യൂസിയങ്ങളില്‍ അന്താരാഷ്ട്ര നിലവാരം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യമാണ് ഔദ്യോഗികമായി ദി ഇന്‍ററാക്ടീവ് മ്യൂസിയം ഓഫ് കള്‍ച്ചറല്‍ ഹിസ്റ്ററി ഓഫ് കേരള എന്നറിയപ്പെടുന്ന കേരള മ്യൂസിയത്തിനുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ള 31 പദ്ധതികളാണ് കേരള മ്യൂസിയം ഏറ്റെടുത്ത് നടത്തിയത്. ഇതില്‍ 11 എണ്ണത്തിന്‍റെ ഉദ്ദേശലക്ഷ്യം പൂര്‍ത്തിയായിക്കഴിഞ്ഞു.
1986 ല്‍ സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുത്ത ഹില്‍പാലസാണ് കേരളത്തിലെ ഏറ്റവും വലിയ മ്യൂസിയം. 54 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഈ മ്യൂസിയത്തിന്‍റെ ഗാലറികള്‍, ശില്‍പചാതുരി, വാസ്തുകല എന്നിവ പ്രമേയമാക്കിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 2.37 കോടി രൂപയുടെ കേന്ദ്രസഹായത്തോടെയായിരുന്നു ഇത്.
ഫെബ്രുവരി 12 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ബാസ്റ്റിന്‍ ബംഗ്ലാവിലേത് എറണാകുളം ജില്ലാമ്യൂസിയം കൂടിയായിരിക്കും. ചരിത്രസ്മാരകമായ കെട്ടിടം സംരക്ഷിക്കാനും ലോകോത്തര നിലവാരത്തിലുള്ള സ്ഥിരം പ്രദര്‍ശനവേദിയുണ്ടാക്കാനും ഡല്‍ഹി ആസ്ഥാനമായുള്ള ഇക ആര്‍ക്കൈവിംഗ് സര്‍വീസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പുരാവസ്തു വകുപ്പ് 3.58 കോടി രൂപ ചെലവിട്ടാണ് ഈ മ്യൂസിയം ഒരുക്കിയിട്ടുള്ളത്. പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ ചരിത്രവും കേരളത്തിലെ നാട്ടുരാജാക്കډാരുടെ രാഷ്ട്രീയനീക്കങ്ങളും ഇതില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.


പുരാവസ്തു വകുപ്പ് 5.66 കോടി രൂപ ചെലവ് ചെയ്ത പാലക്കാട് ജില്ലാമ്യൂസിയം ഫെബ്രുവരി 12 വെള്ളിയാഴ്ച തുറന്നു കൊടുക്കുകയാണ്. കല്‍പാത്തിയിലെ മണി അയ്യര്‍ ഹാളിലാണ് മ്യൂസിയം. ജില്ലയുടെ കാര്‍ഷികസംസ്ക്കാരം, കല, സംഗീതം എന്നിവയാണ് പ്രമേയങ്ങള്‍.


ഇവ മൂന്നും കൂടാതെ കേരള മ്യൂസിയം മറ്റ് എട്ട് പദ്ധതികള്‍ കൂടി ഏറ്റെടുത്ത് നടത്തി വരുന്നുണ്ട്. നെടുമങ്ങാട് ഫോക്ക്ലോര്‍ മ്യൂസിയമായ കോയിക്കല്‍ പാലസ്( ചെലവ് 3.5 കോടി രൂപ, 2018 മെയ് 30 ന് തുറന്നു കൊടുത്തു) തൃശൂര്‍ ജില്ലാ പൈതൃക മ്യൂസിയം(1.28 കോടി രൂപ, 2018 ജൂണ്‍ 16 ന് ഉദ്ഘാടനം) ഇടുക്കി( 2.65 കോടി രൂപ ചെലവ്, 2020 നവംബര്‍ 5 ന് ഉദ്ഘാടനം) കണ്ണൂരിലെ പഴശ്ശിരാജാ മ്യൂസിയം(93 ലക്ഷം രൂപ, കേന്ദ്രസഹായം), പയ്യന്നൂര്‍ ഗാന്ധി സ്മൃതി(2.44 കോടി രൂപ), കണ്ടോന്തര്‍ ജയില്‍ മ്യൂസിയം(30ലക്ഷം രൂപ) എന്നിവയാണ് അവ.


ഇതിനു പുറമേ തിരുവനന്തപുരത്തെ ഇ-സിഗ്നേച്ചര്‍ മ്യൂസിയം(30 ലക്ഷം രൂപ), കോട്ടയം ജില്ലയിലെ വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം(1.8 കോടി രൂപ ചെലവ്, 2020 ജനുവരിയില്‍ ഉദ്ഘാടനം) എന്നിവയും ഉള്‍പ്പെടും.


പ്രാദേശികസ്വാധീനമുണ്ടെങ്കിലും ഇതിലെ പ്രമേയങ്ങള്‍ ആധുനിക മ്യൂസിയം ശൈലിയുടെ കാതലായ സാക്ഷ്യങ്ങളാണെന്നും ഡോ. വേണു ചൂണ്ടിക്കാട്ടി.
20 ജില്ലാ മ്യൂസിയങ്ങള്‍ കൂടി നിര്‍മ്മാണഘട്ടത്തിലാണ്. വയനാട്(മാനന്തവാടി, 4.24 കോടി രൂപ), പത്തനംതിട്ട(കോന്നി, 2.05 കോടി രൂപ) എന്നിവയും നിര്‍മ്മാണത്തിലാണ്. ശക്തന്‍ തമ്പുരാന്‍(തൃശൂര്‍, 5.01 കോടി രൂപ), തളിപ്പറമ്പയിലെ ബിഷപ്പ് വള്ളോപിള്ളിയാട്ട ചെമ്പന്‍ തോട്ടി(കണ്ണൂര്‍, 1.65 കോടി രൂപ) ട്രാംവേ ചാലക്കുടി(തൃശൂര്‍, 50 ലക്ഷംരൂപ) പുരാവസ്തു ഗാലറി (ഇടുക്കി, 45 ലക്ഷം രൂപ), പാംലീഫ്(തിരുവനന്തപുരം, 3.96 കോടി രൂപ), രാജാ രവിവര്‍മ്മ ഗാലറി(തിരുവനന്തപുരം, 7.9 കോടി രൂപ), റീജണല്‍ ചരിത്രമ്യൂസിയം നെടുമങ്ങാട്(12.5 ലക്ഷം രൂപ), തക്കല പദ്മനാഭപുരം പാലസ്(1.89 കോടി രൂപ). ഇതു കൂടാതെ കണ്ണൂരില്‍ എകെജി സ്മാരകം(1.3 കോടി രൂപ), ഹാന്‍ഡ്ലൂം(2.12 കോടി രൂപ). തെയ്യം(8.8 ലക്ഷം രൂപ) എന്നിങ്ങനെ പൂര്‍ത്തിയായി വരുന്നു.


തിരുവനന്തപുരത്തെ ജില്ലാ മ്യൂസിയത്തിനുള്ള 8.9 കോടി രൂപയ്ക്കുള്ള വിശദമായ പദ്ധതി രേഖ തയ്യാറായി വരുന്നു. കുങ്കിച്ചിറ(വയനാട് 8.86 ലക്ഷം രൂപ), നേപ്പിയര്‍ മ്യൂസിയത്തിന്‍റെ നവീകരണം(തിരുവനന്തപുരം 7.08 ലക്ഷം രൂപ) മള്‍ട്ടി ഡിസിപ്ലിനറി(കോഴിക്കോട്, 6.95 ലക്ഷം രൂപ), നിള, പൊന്നാനി(മലപ്പുറം 6.75 ലക്ഷം രൂപ), എലിഫന്‍റ് കോട്ടൂര്‍(തിരുവനന്തപുരം, 6.78 കോടി രൂപ), ഇഎംഎസ് സ്മാരകം(തിരുവനന്തപുരം, 7.5 ലക്ഷം രൂപ, നിയമസഭ മന്ദിരം(തിരുവനന്തപുരം, 8.6 ലക്ഷം രൂപ എന്നിവയുടെ തയ്യാറെടുപ്പുകള്‍ നടന്നു വരുന്നു.


പുരാവസ്തുവകുപ്പ് കണ്‍സര്‍വേഷന്‍ എന്‍ജിനീയര്‍ ശ്രീ എസ് ഭൂപേഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Photo Gallery

+
Content
+
Content
+
Content
+
Content
+
Content