ആനന്ദിന്റെ നവതി ആഘോഷം: ഇരിങ്ങാലക്കുടയിൽ സെമിനാറും ശില്പപ്രദർശനവും സംഘടിപ്പിച്ച് കൊച്ചി മുസിരിസ് ബിനാലെ
Kochi / January 9, 2026
കൊച്ചി: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ആനന്ദിന്റെ സമഗ്രമായ സാഹിത്യ-സാംസ്‌കാരിക സംഭാവനകളെ ആദരിക്കുന്നതിനായി കൊച്ചി-മുസിരിസ് ബിനാലെയുടെ ആഭിമുഖ്യത്തിൽ 'ആനന്ദിന്റെ രചനാലോകം' എന്ന പേരിൽ ദ്വിദിന സെമിനാറും ശില്പപ്രദർശനവും സംഘടിപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ90-ാം ജന്മദിനത്തിൻ്റെ പശ്ചാത്തലത്തിലാണ് പരിപാടി.
കൊച്ചി മുസിരിസ് ബിനാലെ ആറാം പതിപ്പിന്റെ ഔട്ട്‌റീച്ച് പരിപാടിയായ 'കല, കാലം, കലാപം' എന്ന പരമ്പരയുടെ ഭാഗമായാണ് ഈ സംരംഭം. ആനന്ദിന്റെ ജന്മനാടായ ഇരിങ്ങാലക്കുടയിലെ ഗായത്രി ഓഡിറ്റോറിയത്തിൽ ജനുവരി 10 മുതലാണ് പരിപാടികൾ ആരംഭിക്കുന്നത്. സാംസ്‌കാരിക പ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായ കേളി രാമചന്ദ്രൻ ക്യുറേറ്റ് ചെയ്യുന്ന ഈ പരിപാടിയിൽ പെരുവനം ഇന്റർനാഷണൽ വില്ലേജ് ഫെസ്റ്റിവലും (PIVF) പങ്കാളികളാണ്.
1936-ൽ ജനിച്ച പി. സച്ചിദാനന്ദൻ എന്ന ആനന്ദ് തന്റെ തൊണ്ണൂറാം വയസ്സിലേക്ക് പ്രവേശിക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ കൃതികളെയും ദർശനങ്ങളെയും ആഘോഷമാക്കുകയാണ് ബിനാലെ ഫൗണ്ടേഷൻ. ആധുനിക മലയാള സാഹിത്യത്തിൽ ആഖ്യാനശൈലി കൊണ്ടും ദാർശനികമായ ആഴംകൊണ്ടും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന എഴുത്തുകാരനാണ് അദ്ദേഹം. ആൾക്കൂട്ടം, മരുഭൂമികൾ ഉണ്ടാകുന്നത്, ഗോവർദ്ധന്റെ യാത്രകൾ തുടങ്ങി നിരവധി ശ്രദ്ധേയമായ നോവലുകളും ചെറുകഥകളും നാടകങ്ങളും ഉപന്യാസങ്ങളും ആനന്ദിന്റേതായുണ്ട്. എഴുത്തച്ഛൻ പുരസ്കാരം, കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ ഇക്കാലയളവിൽ അദ്ദേഹത്തെ തേടിയെത്തി.
ജനുവരി 10-ന് നടക്കുന്ന സമ്മേളനം പ്രശസ്ത എഴുത്തുകാരനും മുൻ നയതന്ത്രജ്ഞനുമായ എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും. ആനന്ദ് നിർമ്മിച്ച ശില്പങ്ങളുടെയും അവയെക്കുറിച്ചുള്ള പഠനങ്ങളുടെയും പ്രദർശനം കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമചാരി ഉദ്ഘാടനം ചെയ്യും. 'ആനന്ദും ആധുനികതയും' എന്ന വിഷയത്തിൽ നിരൂപകൻ പ്രൊഫ. വി. രാജകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. പി. പവിത്രൻ ആമുഖപ്രഭാഷണം നടത്തുന്ന ചടങ്ങിൽ കേളി രാമചന്ദ്രൻ സ്വാഗതവും രാജീവ് മേനോൻ നന്ദിയും രേഖപ്പെടുത്തും. തുടർന്ന് നടക്കുന്ന സെഷനുകളിൽ പരിസ്ഥിതി ദർശനം, ശില്പകല, മതാഭിമുഖ്യം എന്നീ വിഷയങ്ങളിൽ കെ.സി. നാരായണൻ, കവിത ബാലകൃഷ്ണൻ, എ.എം. ഷിനാസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഇതിനുശേഷം എം.എൻ. കാരശ്ശേരിയും ആനന്ദും തമ്മിലുള്ള സംഭാഷണവും നടക്കും.
വൈകുന്നേരം നടക്കുന്ന 'സാംസ്‌കാരിക സംവാദം: ആനന്ദിന്റെ യാത്രകൾ' എന്ന പാനൽ ചർച്ച ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട നഗരസഭാ ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രൊഫ. സാവിത്രി ലക്ഷ്മണൻ, രേണു രാമനാഥൻ, എം.കെ. ശ്രീകുമാർ, ബക്കർ മേത്തല , ഷിൻ്റോ കൊങ്കോത്ത് തുടങ്ങിയവർ പങ്കെടുക്കും. സിറാജ് അമലും സംഘവും അവതരിപ്പിക്കുന്ന ഗസൽ സന്ധ്യയോടെ ആദ്യദിനം സമാപിക്കും. രണ്ടു ദിവസവും ഡോ. ജെൻസി കെ എ മോഡറേറ്ററാകും.
രണ്ടാം ദിനം ആനന്ദിന്റെ സാഹിത്യത്തിലെ ധാർമ്മികത, ഭാഷ, ചരിത്രവീക്ഷണം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ സുനിൽ പി ഇളയിടം, എൻ. അജയകുമാർ, ഷാജി ജേക്കബ്, എം.ആർ. മഹേഷ്, ദേവേഷൻ പെരൂർ തുടങ്ങിയവർ സംസാരിക്കും. ആനന്ദിന്റെ കഥകളെയും നാടകങ്ങളെയും ഉപന്യാസങ്ങളെയും കുറിച്ച് ഗീത, എം.ആർ. രാജേഷ്, അൻവർ അലി എൻ. എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
രണ്ടു ദിവസത്തെ പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട് കവിയും നിരൂപകനുമായ കെ. സച്ചിദാനന്ദൻ സമാപന പ്രഭാഷണം നടത്തും. അശോകൻ ചെരുവിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിന് ശേഷം റോയ് ജോർജ്കുട്ടി ആശാനും സംഘവും അവതരിപ്പിക്കുന്ന തെരുവുനാടകവും അരങ്ങേറും. ആധുനിക മനുഷ്യൻ നേരിടുന്ന പ്രതിസന്ധികളെയും അധികാരത്തെയും ആത്മീയതയെയും കുറിച്ചുള്ള ആനന്ദിന്റെ നിശിതമായ നിരീക്ഷണങ്ങളെ വിലയിരുത്തുന്നതാകും ഈ പരിപാടി.