ശ്രവണ വൈകല്യമുള്ളവരുടെ കഴിവുകളെ പരിഗണിക്കുന്ന മാറ്റം സമൂഹത്തിലുണ്ടാകണം: ഡോ.രംഗസായി

നിഷിലെ ത്രിദിന 'ഐസിസിഎപി 2022' അന്താരാഷ്ട്ര സമ്മേളനം ഇന്ന് (ശനിയാഴ്ച) സമാപിക്കും
Trivandrum / September 16, 2022

തിരുവനന്തപുരം: ശ്രവണ വൈകല്യമുള്ളവരുടെ കഴിവുകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതിന് സഹായകമാകും വിധം സമൂഹത്തെ മാറ്റേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് മുംബൈയിലെ അലി യാവര്‍ ജംഗ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് ഡിസെബിലിറ്റീസ് (ദിവ്യാംഗന്‍) മുന്‍ ഡയറക്ടര്‍ ഡോ.രംഗസായി പറഞ്ഞു. കമ്മ്യൂണിക്കേഷന്‍ ഡിസോര്‍ഡേഴ്സ് ആന്‍ഡ് ഓഡിയോളജിക്കല്‍ പ്രാക്ടീസസ് എന്ന വിഷയത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) ആക്കുളം കാമ്പസില്‍ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന്‍റെ രണ്ടാംദിനം മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 


സമൂഹത്തില്‍ ശ്രവണ വൈകല്യമുള്ളവരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശകളോടെയുള്ള സമഗ്ര കര്‍മപദ്ധതി ഡോ.രംഗസായി അവതരിപ്പിച്ചു.
ഓഡിയോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിവിധ സെഷനുകളിലായി അന്താരാഷ്ട്ര വിദഗ്ധര്‍ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവച്ചു. ശനിയാഴ്ച സമാപിക്കുന്ന സമ്മേളനത്തില്‍ വിദേശത്തും ഇന്ത്യയിലുമുള്ള ഈ മേഖലയിലെ നൂറോളം പ്രൊഫഷണലുകള്‍ പങ്കെടുക്കുന്നുണ്ട്.
സമാപന ദിവസം 'ഭാഷാ പഠനത്തിനപ്പുറം', 'മുതിര്‍ന്നവരിലെ ന്യൂറോജെനിക് ഭാഷാ വൈകല്യങ്ങളിലെ ഇടപെടല്‍: പുനരവലോകനം' എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സെഷനുകള്‍ വിദഗ്ധര്‍ നയിക്കും.


ലോകമെമ്പാടുമുള്ള ആശയവിനിമയ വൈകല്യങ്ങളുള്ള ആളുകളെ ആശങ്കപ്പെടുത്തുന്ന തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള പഠനങ്ങള്‍, സമ്പ്രദായങ്ങള്‍, നവീനമായ പ്രശ്നങ്ങള്‍, മുന്നേറ്റങ്ങള്‍ എന്നിവ ഐസിസിഎപി 2022 ന്‍റെ ഭാഗമാണ്. ആശയവിനിമയ തകരാറുകള്‍ പരിഹരിക്കുന്നതിന് ശ്രവണസഹായ വൈദ്യസാങ്കേതിക വിദ്യകള്‍ പരമാവധി ഉപയോഗിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവും സമ്മേളനത്തിനുണ്ട്. 
നിഷിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ന്യൂറോ ഡെവലപ്മെന്‍റല്‍ സയന്‍സസ് (എന്‍ഡിഎസ്) എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
 

Photo Gallery

+
Content