കൊച്ചി-മുസിരിസ് ബിനാലെ; കുതിച്ചു ചാട്ടത്തിൽ വിനോദസഞ്ചാര മേഖല
Trivandrum / January 9, 2026
കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാമേളയായ കൊച്ചി മുസിരിസ് ബിനാലെ സജീവമായതോടെ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല ഏറെ പ്രതീക്ഷയിലാണ്. ബിനാലെ കേന്ദ്രീകൃതമായ ടൂറിസം പാക്കേജുകൾ ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു.
ഹൗസ് ബോട്ടുകൾ, മൂന്നാറിലേക്കുള്ള യാത്ര, എന്നിവയ്ക്കിടയിലുള്ള രണ്ടോ മൂന്നോ ദിവസത്തെ വിശ്രമ കേന്ദ്രം എന്നതിൽ നിന്ന് വ്യത്യസ്തമായി, കലയിലും പൈതൃകത്തിലും മുഴുകി കൂടുതൽ ദിവസം ചെലവഴിക്കാൻ സന്ദർശകർ ആഗ്രഹിക്കുന്ന നഗരമായി ഇക്കാലയളവിൽ കൊച്ചി മാറിയിട്ടുണ്ട്.
വിദേശ സഞ്ചാരികളുടെ യാത്രാ ദൈർഘ്യം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്ന് ദ്രാവിഡിയൻ ട്രെയിൽസിന്റെ ഡയറക്ടറും കേരള ട്രാവൽ മാർട്ട് സൊസൈറ്റി സെക്രട്ടറിയുമായ എസ്. സ്വാമിനാഥൻ പറഞ്ഞു. സാധാരണയായി വിദേശ വിനോദസഞ്ചാരികൾക്കായി ടൂർ ഓപ്പറേറ്റർമാർ രണ്ട് രാത്രി താമസമാണ് കൊച്ചിയിൽ നിശ്ചയിക്കാറുള്ളത്. എന്നാൽ ബിനാലെ കാണാൻ വേണ്ടി മാത്രം സഞ്ചാരികൾ ഒന്നോ രണ്ടോ ദിവസത്തേക്ക് യാത്ര നീട്ടുന്നു. ഇത് ടൂറിസം മേഖലയ്ക്ക് അധിക വരുമാനം നേടിത്തരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സഞ്ചാരികൾ മാത്രമല്ല, കോൺസുലേറ്റ്, എംബസി ഉദ്യോഗസ്ഥരിൽ നിന്നും ബിനാലെ കേന്ദ്രീകൃത യാത്രാ ക്രമീകരണങ്ങൾക്കായുള്ള അന്വേഷണങ്ങള്‍ വർദ്ധിച്ചിട്ടുണ്ട്. നയതന്ത്രജ്ഞരും ആഗോള സാംസ്കാരിക സ്ഥാപനങ്ങളും ബിനാലെയെ 'കണ്ടിരിക്കേണ്ട' പരിപാടിയായി കണക്കാക്കുന്നു. കൊച്ചിയിലെ സാമ്പത്തിക അവസരങ്ങളെ ആഡംബര ഹോട്ടലുകൾക്കപ്പുറത്തേക്ക് വ്യാപിപ്പിക്കാൻ ബിനാലെ കാരണമായതായി സ്വാമിനാഥൻ പറഞ്ഞു. ബിനാലെ സമയത്ത് ചെറുതും അറിയപ്പെടാത്തതുമായ ഹോംസ്റ്റേകൾ പോലും പൂർണ്ണമായി ബുക്ക് ചെയ്യപ്പെടും. വിദേശ കലാകാരന്മാർ ഒരു മാസം മുതൽ മൂന്ന് മാസം വരെ ഇവിടെ താമസിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി-മുസിരിസ് ബിനാലെ പൂര്‍ണമായും കണ്ടു തീര്‍ക്കണമെങ്കില്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണ്ടിവരുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സൺ ഡോ. വേണു വി പറഞ്ഞു. ബിനാലെയുടെ വാണിജ്യ സാധ്യത പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ ടൂറിസം വ്യവസായത്തിന് സാധിക്കും. ഹോംസ്റ്റേകള്‍ മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ വരെയുള്ള ഈ മേഖലയ്ക്ക് ഒറ്റ സീസണില്‍ തന്നെ മികച്ച വരുമാന സാധ്യതയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിനാലെയുടെ തീയതികൾ പ്രഖ്യാപിച്ചയുടൻ, മുൻ ലക്കങ്ങളിലെ ചിത്രങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ പ്രത്യേക പരസ്യങ്ങളും പാക്കേജുകളും ടൂർ ഓപ്പറേറ്റർമാർ അവതരിപ്പിച്ചു തുടങ്ങി. ടൂറിസ്റ്റുകള്‍ക്കിടയില്‍ ബിനാലെയ്ക്ക് അഭൂതപൂര്‍വമായ താത്പര്യമാണുള്ളതെന്ന് പ്രശസ്ത ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനിയായ വിഗോബോണ്ട് ഡയറക്ടര്‍ ശിബാനി വിഗ് പറഞ്ഞു. ബിനാലെയും തെയ്യവും ഒന്നിച്ചു കാണുന്നതിനുള്ള പാക്കേജ് പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളില്‍ മുഴുവന്‍ ബുക്കിംഗ് ആയെന്ന് അവര്‍ പറഞ്ഞു.
അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിൽ കുറഞ്ഞത് 10 ശതമാനം വർദ്ധനവ് പ്രതീക്ഷിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നുവെന്ന് കെടിഎം സൊസൈറ്റി പ്രസിഡൻറ് ജോസ് പ്രദീപ് പറഞ്ഞു. അനുഭവവേദ്യ ടൂറിസം ആഗ്രഹിക്കുന്ന എല്ലാ സഞ്ചാരികൾക്കും ബിനാലെ പകരം വയ്ക്കാൻ ഇല്ലാത്ത ആകർഷണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചിയെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ ബിനാലെ മാറ്റിമറിച്ചതായി പയനിയർ പേഴ്സണലൈസ്ഡ് ഹോളിഡേയ്സിന്റെ ഡയറക്ടർ രഞ്ജു ജോസഫ് പറഞ്ഞു. സാമ്പത്തിക മാനദണ്ഡങ്ങൾക്കപ്പുറത്തേക്കാണ് ബിനാലെ കാണാനെത്തുന്നവരുടെ തിരക്ക് എന്ന് മുൻകാല ലണക്ഷങ്ങൾ സൂചിപ്പിക്കുന്നു. ധനികരായ സഞ്ചാരികൾക്ക് മുതൽ ബാക്ക് പാക്കേഴ്സിന് വരെ ഉള്ള ആകർഷണങ്ങൾ ബിനാലെയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗോവയിലെ എച്ച് എച്ച് ആർട്ട് സ്പേസുമായി ചേർന്ന് പ്രശസ്ത കലാകാരൻ നിഖിൽ ചോപ്രയാണ് കൊച്ചി മുസിരിസ് ബിനാലെ ആറാം ലക്കം ക്യൂറേറ്റ് ചെയ്യുന്നത്. ഫോർ ദി ടൈം ബീയിംഗ് എന്നാണ് ആറാം ലക്കത്തിന്റെ ക്യൂറേറ്റർ പ്രമേയം. പശ്ചിമകൊച്ചിയിലും എറണാകുളത്തുമായി 22 പ്രധാനവേദികളിലും 7 കൊളാറ്ററൽ വേദികളിലും ആണ് ബിനാലെ നടക്കുന്നത്. 2025 ഡിസംബർ 12ന് ആരംഭിച്ച് 110 ദിവസം നീണ്ടുനിൽക്കുന്ന കൊച്ചി ബിനാലെ പ്രദർശനങ്ങൾ 2026 മാർച്ച് 31ന് അവസാനിക്കും