ബിനാലെയുടെ ഭാഗമായി കൊച്ചി ബിനാലെ ഫൗണ്ടേഷൻ വുഡ്കട്ട് പ്രിന്റ് മേക്കിംഗ് ശില്പശാല സംഘടിപ്പിച്ചു
Kochi / January 10, 2026
കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെ.ബി.എഫ്) നേതൃത്വത്തിൽ ബാസ്റ്റ്യൻ ബംഗ്ലാവിലെ എ.ബി.സി ആർട്ട് റൂമിൽ വുഡ്കട്ട് പ്രിന്റ് മേക്കിംഗ് ശില്പശാല സംഘടിപ്പിച്ചു. പ്രിന്റ് മേക്കിംഗ് എന്ന കലാരൂപത്തിന് ആവശ്യമായ ക്ഷമ, നൈപുണ്യം, പ്രയത്നം എന്നിവയെക്കുറിച്ച് പ്രശസ്ത കലാകാരൻ പ്രതാപൻ ജി സംസാരിച്ചു.
പെയിന്റിംഗിലും വുഡ്കട്ട് പ്രിന്റിംഗിലും വൈദഗ്ധ്യം നേടിയ പ്രതാപൻ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ്. വിവിധ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കലാകാരന്മാർക്ക് പുതിയ പരീക്ഷണങ്ങൾക്കും സർഗ്ഗാത്മക ചിന്തകൾക്കുമായി വേദിയൊരുക്കാനുമുള്ള ബിനാലെ ഫൗണ്ടേഷൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
വുഡ്കട്ട് പ്രിന്റിംഗിന്റെ സങ്കീർണ്ണതകളെയും സാധ്യതകളെയും അടുത്തറിയാൻ പങ്കെടുത്തവർക്ക് സാധിച്ചു.
തടികൊണ്ടുള്ള ബ്ലോക്കിൽ ചിത്രം കൊത്തിയെടുത്ത് അതിൽ മഷി പുരട്ടി പേപ്പറിലേക്ക് പകർത്തുന്ന രീതിയാണ് വിദ്യാർത്ഥികൾ ശില്പശാലയിലൂടെ പഠിച്ചത്.
തടിയുടെ ഉപരിതലം തയ്യാറാക്കുന്നത് മുതൽ നെഗറ്റീവ്, പോസിറ്റീവ് സ്പേസുകൾ എങ്ങനെ അന്തിമ ചിത്രത്തെ രൂപപ്പെടുത്തുന്നു എന്നതു വരെയുള്ള അടിസ്ഥാന കാര്യങ്ങൾ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.
വിവിധ ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനവും നൽകി. ശില്പശാലയിൽ ഉപയോഗിച്ച പ്ലൈവുഡ് വീട്ടിൽ കൊണ്ടുപോകാൻ അനുവദിച്ചത് സൃഷ്ടികൾ സൂക്ഷിക്കാനും ഈ കലയോടുള്ള താല്പര്യം വിദ്യാർത്ഥികളിൽ തുടരാനും സഹായിക്കുമെന്ന് പ്രതാപൻ പറഞ്ഞു.