കൊച്ചി മുസിരിസ് ബിനാലെ 2025: അടുക്കളപ്പാത്രങ്ങളിലെ സ്ത്രൈണത; സ്ത്രീജീവിതത്തിന്റെ സങ്കീര്‍ണതകള്‍ രചിച്ച് ആരതി കദം
Kochi / December 31, 2025
കൊച്ചി: അടുക്കളപ്പാത്രങ്ങള്‍ക്കും തവിക്കും ചട്ടുകത്തിനും സ്ത്രൈണതയുള്ളതായി എന്നെങ്കിലും ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോയെന്നറിയില്ല. പക്ഷെ കൊച്ചി മുസിരിസ് ബിനാലെ ആറാം ലക്കത്തില്‍ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ഐലന്‍ഡ് വെയര്‍ഹൗസില്‍ ഒരുക്കിയിട്ടുള്ള ബറോഡ സ്വദേശിയായ ആരതി കദമിന്റെ കലാപ്രതിഷ്ഠ കാഴ്ചക്കാരനെ ആഴത്തില്‍ ചിന്തിപ്പിക്കുന്ന ഒന്നാണ്.
വിരിയിട്ട മേശയും അതിന് അഭിമുഖമായുള്ള ഭിത്തിയില്‍ സൗന്ദര്യശാസ്ത്രത്തിലെ അഴകളവുകളെ ഓര്‍മ്മിപ്പിക്കുന്ന കുറെ അടുക്കള ഉപകരണങ്ങളും. അതിനപ്പുറത്ത് തടിയില്‍ കൊത്തിയെടുത്ത അടുക്കളയുടെ ശില്‍പം. ആദ്യമൊക്കെ കാഴ്ചക്കാരന് ആശയക്കുഴപ്പമുണ്ടാക്കുമെങ്കിലും ഇതിന്റെ കാല്‍പനികത വേറിട്ടു നില്‍ക്കുന്നു.
ഓരോ തവിയിലും ചട്ടുകത്തിലും പാത്രങ്ങളിലും സ്ത്രൈണത(Feminine) ഒളിഞ്ഞിരിക്കുന്നുണ്ടെന്നതാണ് ആരതിയുടെ പക്ഷം. അടുക്കള ഉപകരണങ്ങള്‍ നിര്‍മ്മിക്കാനെടുത്തത് പ്രാദേശികമായി തന്നെ വാങ്ങിയ മൃദുവായ തടിയാണ്. സ്ത്രീകളുടെ ശരീരം തന്നെയാണ് ഈ സമയത്ത് തന്റെ മനസിലേക്ക് കടന്നു വന്നതെന്ന് ആരതി പറഞ്ഞു. ഏത് ആകൃതിയിലേക്ക് വേണമെങ്കിലും ഈ തടിയെ നമ്മുക്ക് ഒരുക്കിയെടുക്കാം. സ്ത്രീകളുടെ ജീവതവും വ്യത്യസ്തമല്ലെന്ന വലിയ സന്ദേശം ഇതിലൂടെ ആരതി കാഴ്ചക്കാര്‍ക്കിടയിലേക്ക് നല്‍കുന്നു.
അടുക്കളയെന്നത് ജീവന്‍ തുടിക്കുന്ന സ്ഥലമാകണമെന്ന് ഈ കലാകാരി ഓര്‍മ്മിപ്പിച്ചു. ആധുനിക സമൂഹത്തിലെ മോഡുലാര്‍ കിച്ചണുകളില്‍ അടുക്കള കാണാന്‍ കഴിയില്ല. അടുക്കളയെന്നല്ല അവിടെ ഒന്നും കാണാന്‍ കഴിയില്ല. പൊടി പോലുമില്ലാതെ മിനുങ്ങുന്ന, ഒരു അടുക്കളപ്പാത്രമോ, തവിയോ സ്പൂണോ കാണാന്‍ കഴിയാത്തത്ര മികവില്‍ സ്വീകരണമുറിക്ക് സമാനമായ ഒതുക്കത്തോടെയുള്ളതാണ് ആധുനിക അടുക്കളകള്‍. അടുക്കളയെന്ന ‘ക്യാരക്ടര്‍’ തന്നെ മാറിപ്പോയി എന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഉപ്പേരികളും അച്ചാറുകളും ധാന്യങ്ങളും സംഭരിച്ചിരുന്ന ഭരണികള്‍ ഇന്ന് കാണാനില്ല. അവ അലമാരികള്‍ക്കുള്ളില്‍ ഉണ്ടാകും പക്ഷെ ഒറ്റനോട്ടത്തില്‍ കാണാന്‍ സാധിക്കില്ല. ഏതൊരു കുടുംബത്തിനും അടുക്കള വലിയ പാരമ്പര്യത്തിന്റെ അടയാളമാണെന്ന് അവര്‍ പറഞ്ഞു. അതിന് ജാതിയോ മതമോ, സാമൂഹ്യ അസമത്വങ്ങളോ ഇല്ല. തലമുറകള്‍ കൈമാറി വന്ന പാത്രങ്ങളിലൂടെ യഥാര്‍ഥത്തില്‍ പൈതൃകം തന്നെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.കൈമാറി വരുന്ന പാത്രങ്ങളിലൂടെ ജീവിത-കാര്‍ഷിക-സാമൂഹ്യ സംസ്ക്കാരമാണ് മുന്‍തലമുറ പകര്‍ന്നു കൊടുക്കുന്നത്. ഭാവി വാര്‍ത്തെടുക്കാനുള്ള അസംസ്കൃതവസ്തുക്കളാണ് (traces) ഈ കൈമാറ്റത്തിലൂടെ നല്‍കുന്നതെന്നും മഹാരാഷ്ട്രയിലെ ബാല്യകാലം ഓര്‍മ്മിച്ചു കൊണ്ട് ആരതി ചൂണ്ടിക്കാട്ടി.