ഓര്‍മ്മകള്‍ പുനര്‍നിര്‍മ്മിക്കപ്പെടുന്ന ഇടം: കൊച്ചി ബിനാലെയില്‍ നിശബ്ദ പ്രതിരോധമായി അലി അക്ബറിന്റെ 'റെലിക്വറി' കലാപ്രദര്‍ശനം
Kochi / January 1, 2026
കൊച്ചി: നിശബ്ദമാക്കപ്പെട്ടതും അരികുവല്‍ക്കരിക്കപ്പെട്ടതും ബോധപൂര്‍വ്വം മായ്ച്ചുകളഞ്ഞതുമായ കാര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയാണ് കൊച്ചി-മുസിരിസ് ബിനാലെയിലെ (കെഎംബി 2025) അലി അക്ബര്‍ പി.എന്നിന്റെ 'റെലിക്വറി' കലാപ്രദര്‍ശനം.
ചരിത്രം, വിശ്വാസം, സാംസ്‌കാരിക ഓര്‍മ്മകള്‍ എന്നിവയുടെ പരമ്പരാഗത അര്‍ഥത്തിലുള്ള പ്രദര്‍ശനമല്ല റെലിക്വറി. മറിച്ച് പൈതൃകത്തിന്റെ നിലനില്‍പ്പ്, മിത്തുകള്‍ എങ്ങനെ പുനഃക്രമീകരിക്കപ്പെടുന്നു, വാസ്തുവിദ്യാ രൂപങ്ങള്‍ സാമൂഹിക സംഘര്‍ഷത്തിന്റെ ഭാരം എങ്ങനെ വഹിക്കുന്നു എന്നിവയുടെ സൂക്ഷ്മതലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്.
1996 ല്‍ തൃശ്ശൂരിലെ കൂളിമുട്ടത്ത് ജനിച്ച അക്ബര്‍ ഇപ്പോള്‍ ഗുജറാത്തിലാണ് താമസിക്കുന്നത്. അക്ബറിന്റെ കലാ ആശയങ്ങളും കൈയിലുള്ള വാസ്തുവിദ്യയും സഹവര്‍ത്തിത്വത്തിന്റെയും സംഘര്‍ഷത്തിന്റെയും ശേഖരമായി മാറുന്നു.
കൊച്ചി-മുസിരിസ് ബിനാലെയിലെ ചരിത്രബന്ധമുള്ള ദേശമായ മലബാറുമായി ഗുജറാത്തിനെ സംഭാഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് റെലിക്വറിയുടെ പ്രധാന ആശയങ്ങളിലൊന്ന്. രണ്ട് പ്രദേശങ്ങളെയും അടുത്തടുത്തായി സ്ഥാപിക്കുന്നതിലൂടെ അവയുടെ സമകാലിക സാമൂഹികാവസ്ഥ വ്യത്യസ്തമാകുമ്പോഴും പരസ്പരബന്ധിതമായ ചരിത്രങ്ങളിലൂടെ വ്യത്യസ്തമായ തീരദേശ ഭൂപ്രകൃതികള്‍ എങ്ങനെ പരിണമിച്ചുവെന്ന് സൃഷ്ടികള്‍ പ്രതിഫലിപ്പിക്കുന്നു.
ബിനാലെയില്‍ പ്രദര്‍ശിപ്പിക്കുന്ന സൃഷ്ടികള്‍ പ്രധാനമായും പൈതൃകം, ഭൂതകാലം, മിത്തുകള്‍, വാസ്തുവിദ്യാ ഘടനകള്‍, ചരിത്ര-സാംസ്‌കാരിക വിവരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും അവ വര്‍ത്തമാന സാമൂഹിക പരിതസ്ഥിതിയുമായി കൂട്ടിയിണക്കുന്നുവെന്നും അക്ബര്‍ പറഞ്ഞു. വ്യാപാരം, കുടിയേറ്റം, വിശ്വാസ സമ്പ്രദായങ്ങള്‍, സാംസ്‌കാരിക ചര്‍ച്ചകള്‍ എന്നിവയുടെ സമാനമായ പ്രവാഹങ്ങളാല്‍ രൂപപ്പെട്ട മറ്റൊരു തീരദേശ ഭൂമിശാസ്ത്രമായി ഗുജറാത്തിനെ വിവരിക്കാന്‍ താന്‍ നിര്‍ബന്ധിതനായെന്നും അദ്ദേഹം വിശദീകരിക്കുന്നു.
സുസ്ഥിരമായ സൈറ്റ് ഡോക്യുമെന്റേഷന്‍, ആര്‍ക്കൈവല്‍ ഗവേഷണം, രീതിശാസ്ത്ര ഉപകരണമായി ഉപയോഗിക്കുന്ന ഭാവന എന്നിവയിലാണ് 'റെലിക്വറി' കേന്ദ്രീകരിക്കുന്നത്. സ്ഥലങ്ങളുടെ ഡോക്യുമെന്റേഷന്‍, ആര്‍ക്കൈവല്‍ ചിത്രങ്ങളുടെ പഠനം, സംഭവങ്ങള്‍, മിത്തുകള്‍, ആചാരങ്ങള്‍, പദാവലികള്‍, ദൈനംദിന ജീവിത ബുദ്ധിമുട്ടുകള്‍ എന്നിവ പര്യവേഷണം ചെയ്യുന്നതിനുള്ള ഭാവനയുമായുള്ള ഇടപെടല്‍ എന്നിവയില്‍ നിന്നാണ് ഈ കൃതികള്‍ ഉയര്‍ന്നുവന്നത്.
രാജസ്ഥാനിലെ സിരോഹിയില്‍ നിന്നുള്ള ഹിന്ദു, മുസ്ലീം ശില്പികള്‍ സംയുക്തമായി നിര്‍മ്മിച്ച ജീവന്‍ തുളുമ്പുന്ന കൊത്തുപണികളുള്ള ശിലാസ്തംഭമാണ് ഈ പ്രതിഷ്ഠാപനത്തിലെ ഏറ്റവും ശ്രദ്ധേയമായ ഘടകമാണ്. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലുടനീളമുള്ള ക്ഷേത്രങ്ങളെയും പള്ളികളെയും അതിന്റെ അലങ്കാരം പ്രതിധ്വനിപ്പിക്കുന്നു. അതേസമയം അതിന്റെ വിഘടിച്ച സാന്നിധ്യം തകര്‍ന്ന തുടര്‍ച്ചയെ സൂചിപ്പിക്കുന്നു. കൊത്തുപണികളുള്ള സിംഹം ഇന്തോ-ഇസ്ലാമിക്, ബുദ്ധ, മിഡില്‍ ഈസ്റ്റേണ്‍ പാരമ്പര്യങ്ങളില്‍ ചരിത്രപരമായി പങ്കിട്ട രൂപത്തെ ഓര്‍മ്മിപ്പിക്കുന്നു.
സമകാലിക പ്രത്യയശാസ്ത്രങ്ങളെയും ആധിപത്യത്തിന്റെ വിവരണങ്ങളെയും സേവിക്കുന്നതിനായി സാംസ്‌കാരിക രൂപങ്ങള്‍ എങ്ങനെ തിരഞ്ഞെടുത്ത് പുനര്‍നിര്‍മ്മിക്കപ്പെടുന്നു എന്നതിനെ അക്ബറിന്റെ കലാപ്രദര്‍ശനം പ്രതിഫലിപ്പിക്കുന്നു. ഈ പരമ്പരയിലൂടെ കടന്നുപോകുമ്പോള്‍ ഗുജറാത്തിന്റെ ബഹുവചന ആത്മീയ പൈതൃകവുമായുള്ള ഒരു സുസ്ഥിരമായ ഇടപെടല്‍ കൂടി സാധ്യമാകുന്നു.
ഗുജറാത്തില്‍ സൂഫിസത്തിന്റെയും വ്യത്യസ്ത പ്രാദേശിക രൂപങ്ങളില്‍ പ്രകടിപ്പിക്കപ്പെട്ട സാര്‍വത്രിക ആത്മീയ പാരമ്പര്യങ്ങളുടെയും ആഴത്തില്‍ വേരൂന്നിയ ചരിത്രമുണ്ടെന്ന് കബീര്‍ ദാസ്, ബുല്ലെ ഷാ, ഇമാംബാവ ഷാ, ജൂലേലാല്‍ തുടങ്ങിയവരെ പരാമര്‍ശിച്ചുകൊണ്ട് അക്ബര്‍ നിരീക്ഷിക്കുന്നു. ചരിത്രപരമായി, ജാതി, മതങ്ങള്‍, വിശ്വാസ വ്യവസ്ഥകള്‍ എന്നിവയ്ക്ക് അതീതമായി ആളുകള്‍ ഒത്തുകൂടിയ ഇടങ്ങളായി സൂഫി ആരാധനാലയങ്ങള്‍ പ്രവര്‍ത്തിച്ചു. ഇന്നത്തെ അസ്വസ്ഥമായ സാമൂഹിക ക്രമത്തില്‍ നിന്ന് വ്യത്യസ്തമായ ബഹുസ്വരതയാണത്. മറന്നുപോയതും തിരിച്ചെടുക്കാനാവാത്തവിധം നഷ്ടപ്പെടുകയോ മായ്ക്കപ്പെടുകയോ ചെയ്യുന്നതിനുമുമ്പ് പൈതൃകങ്ങള്‍ അടയാളപ്പെടുത്താനും ശേഖരിക്കാനും പുനര്‍സങ്കല്‍പ്പിക്കാനുമുള്ള ഒരു ശ്രമമാണിതെന്നും അക്ബര്‍ കൂട്ടിച്ചേര്‍ത്തു.