ആദ്യ 20 ദിവസങ്ങളില്‍ 1.6 ലക്ഷം സന്ദര്‍ശകരെ ആകര്‍ഷിച്ച് കൊച്ചി-മുസിരിസ് ബിനാലെ
Kochi / January 2, 2026
കൊച്ചി: ഡിസംബര്‍ 12 നും ഡിസംബര്‍ 31 നും ഇടയില്‍ കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് 1.6 ലക്ഷം സന്ദര്‍ശകര്‍. ഇന്ത്യയിലെ ഏറ്റവും വലിയ സമകാലിക കലാ പ്രദര്‍ശനത്തിന് പൊതുസമൂഹത്തില്‍ നിന്ന് ലഭിക്കുന്ന സ്വീകാര്യതയുടെയും സാംസ്‌കാരികമായ വളര്‍ച്ചയുടെയും പ്രതിഫലനമാണിത്.
ലോകമെമ്പാടുമുള്ള കലാ പ്രവര്‍ത്തകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും പുറമേ വലിയൊരു പങ്ക് പ്രാദേശിക സമൂഹവും ബിനാലെയുടെ സന്ദര്‍ശകരായി എത്തുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നിര്‍മിതബുദ്ധി അധിഷ്ഠിത ഡാറ്റാ ഉപകരണങ്ങള്‍ വഴിയുള്ള വിശകലനത്തിലൂടെ സന്ദര്‍ശകരുടെ എണ്ണത്തിലെ പരിഷ്‌കരിച്ച കണക്കുകള്‍ വരും ആഴ്ചകളില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിനാലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സന്ദര്‍ശകരുടെ വരവ്, തിരക്ക് കൂടുതലുള്ള സമയങ്ങള്‍, കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന വേദികള്‍ എന്നിവ കൃത്യമായി ട്രാക്ക് ചെയ്യാന്‍ ഇത് പ്രാപ്തമാക്കും. ആസൂത്രണം, സന്ദര്‍ശകരുടെ എണ്ണം, തിരക്ക് നിയന്ത്രിക്കല്‍, എന്നിവ മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
കൂടുതല്‍ സ്ഥലങ്ങളിലേക്കും വേദികളിലേക്കുമുള്ള വ്യാപനമാണ് ബിനാലെയുടെ ഈ പതിപ്പിന്റെ സവിശേഷതയെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണ്‍ ഡോ. വേണു വി. പറഞ്ഞു. ചില പ്രധാന കേന്ദ്രങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന മുന്‍ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കൊച്ചിയിലെ വ്യത്യസ്തവും വിശാലവുമായ സ്ഥലങ്ങള്‍, ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍, വെയര്‍ഹൗസുകള്‍, പൊതു ഇടങ്ങള്‍, ഇതര വേദികള്‍ എന്നിവിടങ്ങളിലേക്ക് ബിനാലെ വികസിച്ചു. പുതിയ ഇന്‍സ്റ്റലേഷനുകളും തത്സമയ കലാ പരിപാടികളും ആളുകളെ വീണ്ടും വരാന്‍ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആകെയുള്ള 29 വേദികളില്‍ ആറെണ്ണത്തില്‍ മാത്രമേ ടിക്കറ്റ് ഉള്ളൂവെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സിഇഒ തോമസ് വര്‍ഗീസ് പറഞ്ഞു. ആര്‍ട്ട് ബൈ ചില്‍ഡ്രന്‍, സ്റ്റുഡന്റ്‌സ് ബിനാലെ തുടങ്ങിയ ടിക്കറ്റ് ആവശ്യമില്ലാത്ത നിരവധി വേദികളുണ്ട്. അവിടേക്കെല്ലാം നിരവധി സന്ദര്‍ശകര്‍ വരുന്നുണ്ട്. അവിടെ എത്തുന്ന സന്ദര്‍ശകരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്താന്‍ നിലവില്‍ സാധിക്കുന്നില്ല. എഐ അധിഷ്ഠിത സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതോടെ കൂടുതല്‍ കൃത്യമായ കണക്ക് ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കലാ-സാംസ്‌കാരിക മേഖലയുമായി ബന്ധപ്പെട്ടവര്‍ മാത്രമല്ല വിദ്യാര്‍ത്ഥികള്‍, പണ്ഡിതര്‍, കലാകാരന്മാര്‍, വിനോദസഞ്ചാരികള്‍, കുടുംബങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന സന്ദര്‍ശകരാണ് ബിനാലെയില്‍ എത്തുന്നത്. ഇത് ബിനാലെയുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യതയെയാണ് കാണിക്കുന്നതെന്ന് സാംസ്‌കാരിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ബിനാലെ മാര്‍ച്ച് അവസാനം വരെ നീണ്ടുനില്‍ക്കുന്നതിനാല്‍ സ്‌കൂള്‍ അവധി ദിവസങ്ങള്‍, വിനോദസഞ്ചാരികളുടെ വരവ്, മൗത്ത് പബ്ലിസിറ്റി എന്നിവയിലൂടെ തിരക്ക് ഇനിയും വര്‍ധിച്ചേക്കും.
ഒരു കലാ പ്രദര്‍ശനം എന്ന നിലയില്‍ മാത്രമല്ലാതെ കൊച്ചി നഗരത്തിന്റെ സ്വത്വത്തെയും സമ്പദ്വ്യവസ്ഥയെയും രൂപപ്പെടുത്തുന്ന പ്രധാന പൊതു സാംസ്‌കാരിക പ്രസ്ഥാനമെന്ന നിലയിലുമുള്ള പങ്കിനെ ബിനാലെ അടിവരയിടുന്നു.
Photo Gallery