ആശയവിനിമയ പരിമിതികളെക്കുറിച്ചുള്ള ആഗോള സമ്മേളനം നിഷില്‍ ഇന്ന് തുടങ്ങും

ആശയവിനിമയ പരിമിതികളെക്കുറിച്ചുള്ള ആഗോള സമ്മേളനം നിഷില്‍ ഇന്ന് തുടങ്ങും
Trivandrum / September 14, 2022

തിരുവനന്തപുരം: കമ്മ്യൂണിക്കേഷന്‍ ഡിസോര്‍ഡേഴ്സ് ആന്‍ഡ് ഓഡിയോളജിക്കല്‍ പ്രാക്ടീസെസ് എന്ന വിഷയത്തില്‍ നിഷിന്‍റെ നേതൃത്വത്തില്‍ ത്രിദിന അന്താരാഷ്ട്ര സമ്മേളനം ഇന്ന് ആരംഭിക്കും.  
സെപ്റ്റംബര്‍ 15 മുതല്‍ 17 വരെ ആക്കുളം നിഷിലാണ് സമ്മേളനം നടക്കുക.  

ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ന്യൂറോ ഡെവലപ്മെന്‍റല്‍ സയന്‍സസ് എന്നിവ സംയുക്തമായാണ്  സമ്മേളനം സംഘടിപ്പിക്കുന്നത്.

വ്യാഴാഴ്ച രാവിലെ 9 ന് നിഷ് കാമ്പസിലെ മാരിഗോള്‍ഡ് ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന സമ്മേളനത്തില്‍ സാമൂഹ്യനീതി- ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യപ്രഭാഷണം നടത്തും. നിഷ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം അഞ്ജന, മൈസൂരു ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് ഡയറക്ടര്‍ ഡോ. എം.പുഷ്പാവതി, നിഷ് പ്രിന്‍സിപ്പല്‍ ഡോ.സുജ കെ കുന്നത്ത് എന്നിവര്‍ സംസാരിക്കും.

വിദേശത്തും ഇന്ത്യയിലുമുള്ള ഈ രംഗത്തെ പ്രമുഖര്‍ ഐസിസിഎപി 2022 ല്‍ പങ്കെടുക്കും. ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആശയവിനിമയ പരിമിതികളും പുതിയ പ്രശ്നങ്ങളും മുന്നേറ്റങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ആശയവിനിമയ തകരാറുകള്‍ പരിഹരിക്കുന്നതിന് ശ്രവണസഹായ വൈദ്യസാങ്കേതികവിദ്യകള്‍ പരമാവധി ഉപയോഗിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവും സമ്മേളനത്തിനുണ്ട്.


 

Photo Gallery