ജീവിതത്തിന്റെ അകവും പുറവും; ശില്‍പചാരുതയും ചിന്തിപ്പിക്കുന്ന പ്രമേയവുമായി ഖഗേശ്വര്‍ റൗത്ത്
Kochi / January 3, 2026
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയിലെ ആറാം പതിപ്പിൽ ശില്‍പി ഖഗേശ്വർ റൗത്തിന്റെ സൃഷ്ടികളിലെല്ലാം ചന്ദ്രക്കലയുടെ സാന്നിധ്യമുണ്ട്. സങ്കീര്‍ണമായ എല്ലാ കലാസൃഷ്ടിയിലും ജീവതത്തിന്റെ അകവും പുറവും നിഴലും വെളിച്ചത്തിലൂടെ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഈ കലാകാരന്‍. വിരലുകള്‍ മാത്രം ഉപയോഗിച്ച് തികച്ചും പ്രകൃതിദത്തമായ വസ്തുക്കളിലൂടെ പുരോഗമിക്കുന്ന ഖഗേശ്വറിന്റെ സൃഷ്ടികള്‍ ജൈവവസ്തുക്കളുടെ പുനരാവിഷ്കാരമാണ്.
ബിനാലെ വേദിയായ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ഐലന്‍ഡ് വെയര്‍ഹൗസിലാണ് ഖഗേശ്വറിന്റെ കലാപ്രതിഷ്ഠ ഒരുക്കിയിട്ടുള്ളത്. കളിമണ്ണ്, കല്ല്, മരത്തൊലി തുടങ്ങിയവയാണ് ഖഗേശ്വറിന്റെ സൃഷ്ടിയുടെ വസ്തുക്കള്‍. പൂര്‍ണമായും കൈകൊണ്ട് നിര്‍മ്മിക്കുന്ന ഇവയിലെ ചന്ദ്രക്കലയുടെ സാന്നിദ്ധ്യത്തെ ആഴത്തിലാണ് ഖഗേശ്വര്‍ വിശകലനം ചെയ്യുന്നത്.
ചന്ദ്രക്കല എന്നത് ഒരു സൂചകമാണ്. വെളിച്ചത്തിനു പുറകില്‍ കറുത്ത ഒരു വശമുണ്ട്. ജീവിതത്തിന്റെ രണ്ട് വശത്തെ ഇത് കാണിക്കുന്നു. വെളിച്ചം കുറഞ്ഞ് പൂര്‍ണമായ അന്ധകാരത്തിലേക്കും പിന്നീട് അന്ധകാരം പൂര്‍ണമായ വെളിച്ചത്തിലേക്കും പരിണമിക്കുന്നു. ഇത് അസാമാന്യമായ ശില്‍പചാരുതയോടെയാണ് ഖഗേശ്വര്‍ തന്റെ സൃഷ്ടിയില്‍ സമന്വയിപ്പിച്ചിരിക്കുന്നത്.
ഒഡീഷയിലെ ഭദ്രക്കിൽ 1992 ലാണ് ഖഗേശ്വര്‍ ജനിച്ചത്. സസ്യരൂപങ്ങളുടെ ആന്തരിക രഹസ്യങ്ങൾ കളിമണ്ണിലൂടെ തേടുന്ന കലാകാരനായ അദ്ദേഹം കൊല്‍ക്കത്തയിലാണ് സ്ഥിരതാമസം.
തന്റെ സൃഷ്ടികള്‍ പലപ്പോഴും പ്രതിനിധീകരിക്കുന്ന സസ്യജീവിതത്തിലൂടെ അതിന്റെ ആന്തരിക ഘടനയെ അനാവരണം ചെയ്യാനാണ് ശ്രമിക്കുന്നത്. ഇതൊരേപോലെ വരുത്തുന്നതിനായി ശില്പത്തിന്റെ ഉപരിതലത്തിൽ മനപൂര്‍വം പൊള്ളയായ ഇടങ്ങൾ ഉണ്ടാക്കുകയാണെന്ന് ഖഗേശ്വര്‍ ചൂണ്ടിക്കാട്ടി.
വാസ്തുവിദ്യയ്ക്ക് സമാനമായി, ഒരു ചെടി നമ്മുടെ മുന്നിലേക്ക് അതിന്റെ ജാലകം തുറന്നു തരുന്നത്. മാംസവും മജ്ജയുമുള്ള മനുഷ്യമനസിലേക്ക് എത്തി നോക്കുന്നതു പോലെയാണിതെന്ന് അദ്ദേഹം പറഞ്ഞു. സസ്യജാലത്തിന്റെ മടക്കുകളിലൂടെയും വിള്ളലുകളിലൂടെയും വളർച്ചയും തളർച്ചയും ഒരേസമയം സംഭവിക്കുന്നു. ഇത് ശരീരത്തില്‍ മാത്രമല്ല ആത്മാവിലും ചിന്തയിലുമുണ്ടാകുന്നുവെന്ന് അദ്ദേഹം സമര്‍ഥിച്ചു.
ഈ സൃഷ്ടികൾ കാലാവസ്ഥാ പ്രതിസന്ധി, പാരിസ്ഥിതിക അസന്തുലിതാവസ്ഥ തുടങ്ങിയവയെ ഉയര്‍ത്തിക്കാട്ടുമ്പോഴും പ്രകൃതിയുടെ അതിജീവനശേഷിയെക്കൂടി പ്രത്യാശയോടു കൂടി പങ്കുവെക്കുന്നു. പ്രകൃതിയിലെ സന്തുലിതാവസ്ഥയാണ് ദുർബലമെന്നു തോന്നിക്കുന്ന തന്റെ കളിമൺ ശില്പങ്ങളുടെ പ്രധാന ഘടകമെന്നും ഖഗേശ്വര്‍ കൂട്ടിച്ചേര്‍ത്തു.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഗാഢമായ ബന്ധത്തെയും സന്തുലിതാവസ്ഥയെയും കുറിച്ചുള്ള വലിയൊരു സന്ദേശമാണ് ഖഗേശ്വർ റൗത്തിന്റെ കലാപ്രതിഷ്ഠ പ്രേക്ഷകന് നൽകുന്നത്.