അന്താരാഷ്ട്ര സ്‌പൈസ് റൂട്ട്‌സ് സമ്മേളനത്തിന് ഇന്ന് (ജനുവരി 6 ചൊവ്വാഴ്ച) തുടക്കം
കൊച്ചി ബൊള്‍ഗാട്ടി പാലസില്‍ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
Kochi / January 5, 2026
കൊച്ചി: കേരളത്തെ ആഗോള സമുദ്ര വ്യാപാരത്തിന്റെയും പൈതൃകത്തിന്റെയും ലക്ഷ്യസ്ഥാനമായി സ്ഥാപിക്കാനും ഈ വിനിമയ സാധ്യതയെ പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രഥമ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട്‌സ് സമ്മേളനത്തിന് ഇന്ന് (ജനുവരി 6 ചൊവ്വാഴ്ച) തുടക്കമാകും. മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് കൊച്ചി ബോള്‍ഗാട്ടി പാലസില്‍ സംഘടിപ്പിക്കുന്ന ത്രിദിന സമ്മേളനം ഇന്ന് രാവിലെ 10 ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും. ഷാര്‍ജ മ്യൂസിയംസ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മനല്‍ അതായ മുഖ്യാതിഥിയായിരിക്കും. ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ വി.ആര്‍ സുനില്‍കുമാര്‍, ഇ.ടി ടെയ്സണ്‍, പി.പി ചിത്രരഞ്ജന്‍, എച്ച്. സലാം എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരിക്കും. ടൂറിസം സെക്രട്ടറി ബിജു കെ ചടങ്ങില്‍ സംബന്ധിക്കും. ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ സ്വാഗതപ്രസംഗം നടത്തും.
സ്‌പൈസ് റൂട്ട്‌സ് ഹെറിറ്റേജ് നെറ്റ്വര്‍ക്കിന്റെ പ്രഖ്യാപനം ഉദ്ഘാടന സമ്മേളനത്തില്‍ നടക്കും. മാപ്പ് മൈ ഹെറിറ്റേജ് മത്സരത്തിന്റെ പ്രഖ്യാപനം, സിഗ്‌നേച്ചര്‍ ട്രെയില്‍സ്, ഹെറിറ്റേജ് വാക്ക്സ് ബ്രോഷറുകളുടെ പ്രകാശനം എന്നിവയും ചടങ്ങില്‍ നടക്കും.
ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ശ്രീധന്യ സുരേഷ്, ടൂറിസം അഡീഷണല്‍ സെക്രട്ടറി ഡി. ജഗദീഷ്, സ്പൈസസ് ബോര്‍ഡ് ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ സംഗീത വിശ്വനാഥന്‍, കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (കെസിഎച്ച്ആര്‍) ഡയറക്ടര്‍ ദിനേശന്‍ വടക്കിനി, സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഡോ. ഇ.ദിനേശന്‍, കെടിഐഎല്‍ എംഡി മനോജ് കിനി, ബിആര്‍ഡിസി എംഡി ഷിജിന്‍ പി, ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ രൂപേഷ്‌കുമാര്‍, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി (കെ.ടി.എം) പ്രസിഡന്റ് കെ. ജോസ് പ്രദീപ്, കെ.ടി.എം സെക്രട്ടറി എസ്. സ്വാമിനാഥന്‍, കോണ്‍ഫറന്‍സ് അക്കാദമിക് ക്യൂറേറ്റര്‍ എം.എച്ച് ഇലിയാസ്, ആഴി ആര്‍ക്കൈവ്‌സ് പ്രൊഫ. റിയാസ് കോമു എന്നിവര്‍ പങ്കെടുക്കും. മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡ് എംഡി ഷാരോണ്‍ വി നന്ദി പറയും.
പുരാതന സുഗന്ധവ്യഞ്ജന വിനിമയ പാതകളെ സമകാലിക ആഗോള ചര്‍ച്ചകളുമായി ബന്ധിപ്പിക്കുന്ന ബൗദ്ധിക, സാംസ്‌കാരിക വേദിയായിട്ടാണ് ജനുവരി 8 വരെ നടക്കുന്ന സമ്മേളനത്തെ വിഭാവനം ചെയ്തിരിക്കുന്നത്. വിഷയാധിഷ്ഠിത അവതരണങ്ങള്‍ക്ക് പുറമേ അന്തര്‍ദേശീയ പൈതൃക ഇടനാഴികള്‍ നിയന്ത്രിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക, പൈതൃക ടൂറിസവും സുസ്ഥിരതയും, ടൂറിസത്തിനായി സുഗന്ധവ്യഞ്ജന പാതകളുടെ പുനര്‍വിഭാവനം, ഡിജിറ്റല്‍ സ്‌പൈസ് റൂട്ട്‌സ്, മുസിരിസ് പുനര്‍വിഭാവനം, മേഖലയിലെ വിജ്ഞാന പാരമ്പര്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള സാങ്കേതിക സെഷനുകളും ഉണ്ടായിരിക്കും.
പ്രശസ്തമായ ആഗോള വ്യാപാര ഇടനാഴിയുടെ പരിധിയില്‍ വരുന്ന ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങള്‍ക്കിടയില്‍ സാംസ്‌കാരിക, പൈതൃക ടൂറിസം ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടുകള്‍ സമ്മേളനം മുന്നോട്ടുവയ്ക്കും.
22 രാജ്യങ്ങളില്‍ നിന്നുള്ള 38 വിശിഷ്ട പ്രതിനിധികള്‍ സമ്മേളനത്തിന്റെ ഭാഗമാകും. പ്രമുഖ അക്കാദമിഷ്യന്മാര്‍, ചരിത്രകാരന്മാര്‍, പ്രശസ്ത പുരാവസ്തു ഗവേഷകര്‍, നയതന്ത്രജ്ഞര്‍, നയരൂപീകരണ വിദഗ്ധര്‍, ടൂറിസം മേഖലയിലെ പ്രഗത്ഭര്‍, പ്രശസ്ത കലാകാരന്മാര്‍, സാംസ്‌കാരിക പരിശീലകര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
സമുദ്ര വ്യാപാരത്താല്‍ രൂപപ്പെട്ട ഭാഷാ, സാംസ്‌കാരിക വിനിമയം, കുടിയേറ്റം, അറിവ്, വിശ്വാസം, തത്വചിന്ത: സമുദ്ര മേഖലയിലൂടെ വ്യാപിച്ച ശാസ്ത്രം, വൈദ്യശാസ്ത്രം, വിശ്വാസ വ്യവസ്ഥകള്‍, ബൗദ്ധിക പാരമ്പര്യങ്ങള്‍, കൊളോണിയലിസവും പൈതൃകങ്ങളും: മാരിടൈം കൊളോണിയലിസത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കല്‍, സമുദ്ര സാങ്കേതികവിദ്യകളും ലോജിസ്റ്റിക്‌സും: സമുദ്രപാതകളിലൂടെയുള്ള സാധനങ്ങളുടെയും ആശയങ്ങളുടെയും നവീകരണങ്ങളുടെയും കൈമാറ്റത്തിന്റെ ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കും.
മുസിരിസ് അനുഭവം, സമകാലിക കലാ ഇടപെടല്‍, പാരമ്പര്യ കലകളുടെ ആസ്വാദനം തുടങ്ങിയവ ഉള്‍പ്പെടുന്ന കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിലേക്കുള്ള യാത്രയില്‍ സമ്മേളനത്തിലെ പ്രതിനിധികള്‍ ഭാഗമാകും. മുസിരിസ് പൈതൃക പാതയിലൂടെയുള്ള യാത്ര, കൊച്ചി-മുസിരിസ് ബിനാലെയിലേക്കുള്ള സന്ദര്‍ശനം എന്നിവ ഇതില്‍ പ്രധാനമാണ്.
പേപ്പര്‍ പ്രസന്റേഷനുകള്‍, സംഭാഷണങ്ങള്‍, പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍, കലാ പ്രദര്‍ശനങ്ങള്‍, ചലച്ചിത്ര പ്രദര്‍ശനം, കലാപ്രകടനങ്ങള്‍, സ്ഥല സന്ദര്‍ശനങ്ങള്‍ തുടങ്ങിയ അക്കാദമിക, കലാപരമായ ആവിഷ്‌കാരങ്ങളും സമ്മേളനത്തിലുണ്ടാകും.
കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ ഫോട്ടോഗ്രാഫിക് പ്രദര്‍ശനങ്ങളും കലാ പ്രദര്‍ശനങ്ങളും നടത്തുന്നതിനായി പ്രശസ്ത മള്‍ട്ടിമീഡിയ ആര്‍ട്ടിസ്റ്റായ റിയാസ് കോമുവിന്റെ നേതൃത്വത്തിലുള്ള ആഴി ആര്‍ക്കൈവ്സുമായി മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് സമ്മേളനത്തില്‍ സഹകരിക്കുന്നുണ്ട്. അക്കാദമിക് സെഷനുകള്‍ രൂപകല്‍പ്പന ചെയ്യുന്ന അക്കാദമിക് കണ്‍സള്‍ട്ടന്റായി എംജി സര്‍വകലാശാലയിലെ പ്രൊഫ.എം.എച്ച്. ഇലിയാസ് സമ്മേളനവുമായി സഹകരിക്കും.
ചവിട്ടുനാടകം (കെ.ആര്‍ സുനില്‍), സീയിംഗ് ഈസ് ബിലീവ് (ബിജു ഇബ്രാഹിം), മൈഗ്രന്റ് ഡ്രീംസ് (ആഴി ആര്‍ക്കൈവ്സ്) എന്നീ ഫോട്ടോഗ്രാഫിക് പ്രദര്‍ശനങ്ങള്‍ സമ്മേളനത്തിന്റെ പ്രധാന വേദിയില്‍ നടക്കും. പിന്നണി ഗായിക രശ്മി സതീഷിന്റെ കാര്‍ക്കുഴലി (കൊച്ചിയിലെ ജൂതന്മാരുടെ ഗാനങ്ങള്‍), ഗോതുരുത്തിലെ തമ്പി ആശാന്റെയും സംഘത്തിന്റെയും ചവിട്ടുനാടകം എന്നിവയും അരങ്ങേറും.
ആധുനിക വ്യാപാര ശൃംഖലകളും അതിര്‍ത്തികളും രൂപപ്പെടുന്നതിന് വളരെ മുമ്പുതന്നെ മുസിരിസ് ഉള്‍പ്പെടെയുള്ള മലബാര്‍ തീരത്തെ തുറമുഖങ്ങള്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന ഊര്‍ജ്ജസ്വലമായ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചിരുന്നു. സ്പൈസ് റൂട്ട് തിരക്കേറിയ സമുദ്ര വാണിജ്യ പാതയായി മാത്രമല്ല ആശയങ്ങള്‍, കല, സാങ്കേതികവിദ്യ, മതപാരമ്പര്യങ്ങള്‍ എന്നിവ സംയോജിപ്പിച്ച് ജനങ്ങള്‍ തമ്മിലുള്ള ബന്ധം സൃഷ്ടിക്കുന്ന ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക ഇടനാഴിയായും പ്രവര്‍ത്തിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.keralatourism.org/muziris