ഗവ. സൈബര്‍പാര്‍ക്കിലെ വാറ്റിൽകോർപ് മിന്നുന്ന പ്രകടനവുമായി എട്ടാം വർഷത്തിലേക്ക്

Kozhikode / January 5, 2026

കോഴിക്കോട്: ഗവ. സൈബർപാർക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ വാറ്റിൽകോർപ്പ് സൈബർ സെക്യൂരിറ്റി ലാബ്സ് മിന്നുന്ന പ്രകടനവുമായി ഏഴ് വർഷം പൂര്‍ത്തിയാക്കി. എട്ടാം വര്‍ഷത്തില്‍ അമേരിക്കയുള്‍പ്പെടെയുള്ള വിപണിയില്‍ ശക്തമായ പ്രാതിനിധ്യം ഉറപ്പിച്ച് മുന്നോട്ടു പോകാനാണ് കമ്പനിയുടെ പദ്ധതി.

നിലവിൽ കോഴിക്കോട്, ബാംഗ്ലൂർ, യുഎഇ, സൗദി അറേബ്യ, യുഎസ് എന്നിവിടങ്ങളിൽ കമ്പനിക്ക് ഓഫീസുകളുണ്ട്. ഡാറ്റ പ്രൈവസി, വിഎപിടി, ഗവേണൻസ് റിസ്ക് തുടങ്ങിയ മേഖലകളിലാണ് വാറ്റില്‍കോര്‍പ് പ്രവര്‍ത്തിക്കുന്നത്.

നൂൺ, ടൊയോട്ട, ലുലു, കാസിയോ, ദുബായ് പോലീസ് തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങള്‍ വാറ്റിൽകോർപ്പിന്റെ ഉപഭോക്താക്കളാണ്. 450-ലധികം വൻകിട സംരംഭങ്ങൾക്ക് കമ്പനി സുരക്ഷയൊരുക്കുന്നു.

ആഗോള സൈബര്‍സുരക്ഷാ സാങ്കേതികവിദ്യാ മേഖലയില്‍ വാറ്റിൽകോർപ്പിനുള്ള സുപ്രധാന സ്ഥാനം സംസ്ഥാനത്തെ മുഴുവന്‍ ഐടി മേഖലയ്ക്കും അഭിമാനിക്കാനുള്ള കാര്യമാണെന്ന് സൈബർപാർക്ക് സിഒഒ വിവേക് നായർ പറഞ്ഞു. സൈബര്‍ സുരക്ഷാ ഡൊമൈന്‍ കേന്ദ്രമായി മാറാന്‍ കോഴിക്കോടിനുള്ള അവസരമായാണ് ഇതിനെ കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എട്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ മികച്ച പ്രൊഫഷണലുകളെയും നൂതന സാങ്കേതിക വിദ്യകളെയും പ്രയോജനപ്പെടുത്തി കൂടുതല്‍ നൂതനത്വം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് വാറ്റില്‍കോര്‍പ്പ് സിഇഒ സുഹൈര്‍ ഇളമ്പിലാശേരി ചൂണ്ടിക്കാട്ടി. . കോഴിക്കോടിനെയും സൈബർപാർക്കിനെയും ആഗോള നിലവാരമുള്ള സൈബർ സുരക്ഷാ കേന്ദ്രമാക്കി മാറ്റുകയാണ് വാറ്റിൽകോർപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർഷികാഘോഷത്തിന്റെ ഭാഗമായി ജീവനക്കാർക്കായി കലാപരിപാടികളും ടീം ബിൽഡിംഗ് പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി-ഡെവ് ഓപ്സ് സേവനദാതാക്കളായ യുറോലൈം ടെക്നോളജീസുമായി കഴിഞ്ഞ വര്‍ഷം വാറ്റില്‍കോര്‍പ് ധാരണാപത്രം ഒപ്പുവച്ചിരുന്നു മിഡില്‍ ഈസ്റ്റിലും യൂറോപ്പിലുമായി സൈബർ സുരക്ഷാ, ഐ.ടി. സേവനങ്ങൾ വിപുലീകരിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു സഹകരണം.

Photo Gallery

+
Content