ഡബ്ലുടിഒ ചര്‍ച്ചകളില്‍ മത്സ്യത്തൊഴിലാളികളുടെ താത്പര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിച്ചു - പീയൂഷ് ഗോയല്‍

ഡബ്ലുടിഒ ചര്‍ച്ചകളില്‍ മത്സ്യത്തൊഴിലാളികളുടെ താത്പര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിച്ചു - പീയൂഷ് ഗോയല്‍
Kochi / August 25, 2022

കൊച്ചി: ആഗോള വാണിജ്യകരാര്‍(ഡബ്ല്യുടിഒ) സമ്മേളനങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ താത്പര്യം പൂര്‍ണമായി കേന്ദ്രസര്‍ക്കാര്‍ സംരക്ഷിച്ചുവെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി(എംപിഇഡിഎ)യുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ അയച്ച വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഈ ഉറപ്പ് നല്‍കിയത്.
    2025 ആകുമ്പോഴേക്കും സമുദ്രോത്പന്ന കയറ്റുമതിയിലൂടെ 1 ലക്ഷം കോടി രൂപ വരുമാനമാണ് ലക്ഷ്യം വച്ചിട്ടുള്ളതെന്ന് ആഘോഷപരിപാടികള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ പറഞ്ഞു. സുവര്‍ണജൂബിലി കോഫിടേബിള്‍ ബുക്കും മന്ത്രി പ്രകാശനം ചെയ്തു.
സുസ്ഥിരവും ഗുണമേന്മയുള്ളതുമായ സമുദ്രോത്പന്നങ്ങള്‍ക്കായി മത്സ്യത്തൊഴിലാളി മേഖലയെ ശാക്തീകരിക്കുന്നതിനുള്ള നടപടികളാണ് കഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ എട്ട് വര്‍ഷത്തില്‍ സ്വീകരിച്ചത്. ഡബ്ല്യുടിഒ ചര്‍ച്ചകളില്‍ മത്സ്യബന്ധന മേഖലയിലെ സബ്സിഡികള്‍ നിലനിറുത്തുന്നതിന് ഇന്ത്യയുടെ സമ്മര്‍ദ്ദം ഫലം കണ്ടു.
സമുദ്രോത്പന്ന മേഖലയിലെ സമഗ്രവികസനത്തിന് നാല് നിര്‍ദ്ദേശങ്ങളും പീയൂഷ് ഗോയല്‍ മുന്നോട്ട് വച്ചു. കയറ്റുമതിയുടെ 90 ശതമാനവും പോകുന്ന 20 വിപണികള്‍ കണ്ടെത്തുക, സംസ്ഥാനങ്ങളുമായി ആലോചിച്ച് സമുദ്രോത്പന്ന വികസന പദ്ധതി തയ്യാറാക്കുക, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ബില്യണ്‍ ഡോളര്‍ കയറ്റുമതി ലക്ഷ്യം നേടുക, മത്സ്യത്തൊഴിലാളികളില്‍ ശരിയായ ബോധവത്കരണം, വരുമാനം കൂട്ടല്‍, ഇടനിലക്കാരില്‍ നിന്നുള്ള പരിരക്ഷ എന്നിവയാണ് മന്ത്രി നിര്‍ദ്ദേശിച്ചത്.
    വനാമി ചെമ്മീന്‍ കൃഷിയിലേക്ക് രണ്ട് ലക്ഷം കര്‍ഷകരെക്കൂടി കൊണ്ടുവരും. ഇതോടെ നിലവിലെ ഉത്പാദനത്തില്‍ നിന്നും 18 ശതമാനം അധികമായി മൊത്തം  12 ലക്ഷം ടണ്ണിലേക്കെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമുദ്രോത്പന്ന മേഖലയിലെ എല്ലാ പങ്കാളികളെയും സുവ്യക്തമായ പാതയില്‍ നയിക്കാന്‍ എംപിഇഡിഎ കാണിച്ച താത്പര്യത്തിന്‍റെ ഫലമാണ് കയറ്റുമതിയില്‍ 13 ല്‍ നിന്ന് നാലാം സ്ഥാനത്തെത്താന്‍ ഇന്ത്യയെ സഹായിച്ചതെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.
കയറ്റുമതി വരുമാനം 1 ലക്ഷം കോടി രൂപയാക്കാന്‍ സത്വര നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് അനുപ്രിയ പട്ടേല്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ എല്ലാ വകുപ്പുകളുടെയും ഏകോപനം ഇതില്‍ സാധ്യമാക്കും. വിദേശത്തെ ഇന്ത്യന്‍ എംബസികള്‍ വഴി കയറ്റുമതി ത്വരിതപ്പെടുത്താനുള്ള ഉപായങ്ങളും ആരായുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള സമുദ്രോത്പന്ന വ്യവസായത്തില്‍ ഇന്ത്യയുടെ സംഭാവന 10 ശതമാനമാക്കുകയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
കൊവിഡിനു ശേഷം എല്ലാ വിദേശവിപണികളും മത്സ്യോത്പന്നങ്ങളുടെ പരിശോധന കര്‍ശനമാക്കിയിരിക്കുന്നു. വനാമി ചെമ്മീനിന്‍റെ പരിശോധന ജപ്പാനില്‍ നൂറുശതമാനമാണ്. യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ആസ്ത്രേലിയ, കൊറിയ, തായ്ലാന്‍റ് എന്നിവിടങ്ങളിലെല്ലാം സൂക്ഷ്മജീവികളുടെ സാന്നിദ്ധ്യം വലിയ പ്രശ്നമാണെന്നും മന്ത്രി പറഞ്ഞു.
ഈ പ്രതിസന്ധികള്‍ മറികടക്കുന്നതില്‍ എംപിഇഡിഎ ക്രിയാത്മകമായ നടപടികളാണ് എടുത്തു വരുന്നത്. ഇത്തരം പിഴവുകള്‍ കണ്ടെത്തുന്നതിന് മികച്ച പരിശോധനാ സംവിധാനം എംപിഇഡിഎ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അനുപ്രിയ പട്ടേല്‍ പറഞ്ഞു.
സമുദ്രോത്പന്ന കയറ്റുമതി മേഖല രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥയ്ക്ക് നല്‍കുന്ന സംഭാവനകള്‍ നിസ്തുലമാണെന്ന് എം പി ഹൈബി ഈഡന്‍ പറഞ്ഞു. ഇതില്‍ എംപിഇഡിഎ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്.  ഇത്രയധികം വരുമാനം നേടിത്തരുന്ന മേഖലയിലെ സാധാരണക്കാരായ മത്സ്യബന്ധനത്തൊഴിലാളികളുടെ ഉപജീവനം നിലനിറുത്തുന്നതിനുള്ള നടപടികള്‍ കൂടി ഇതിനോടൊപ്പം കൈക്കൊള്ളണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യമൊട്ടാകെയുള്ള സമുദ്രോത്പന്ന- മത്സ്യക്കൃഷി മേഖലയില്‍ സുസ്ഥിര നടപടികളും ഗുണമേന്മയും ഉറപ്പു വരുത്തുന്ന ശൃംഘല രൂപീകരിക്കുന്നതിനുള്ള തീവ്രശ്രമം നടന്നു വരികയാണെന്ന് എംപിഇഡിഎ ചെയര്‍മാന്‍ ഡി വി സ്വാമി പറഞ്ഞു. ചടങ്ങില്‍ സ്വാഗതം പറയുകയായിരുന്നു അദ്ദേഹം.
    എംപിഇഡിഎ ചെയര്‍മാന്‍ ഡി വി സ്വാമി, എംപിഇഡിഎ മുന്‍ മേധാവികളായ ടികെഎ നായര്‍, കെ ബി പിള്ള, ലീന നായര്‍, കെഎസ്ഐഡിസി ചെയര്‍മാന്‍ മുന്‍ ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്‍റണി, അഡി. ചീഫ് സെക്രട്ടറിയും എംപിഇഡിഎ മുന്‍ ചെയര്‍മാനുമായ എ ജയതിലക്, സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് ജഗദീഷ് ഫൊഫാന്‍ഡി, എംപിഇഡിഎ ഡയറക്ടര്‍ ഡോ. എം കാര്‍ത്തികേയന്‍, സെക്രട്ടറി കെ എസ് പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
    മികച്ച പ്രകടനത്തിനുള്ള 2019-20, 2020-21 കാലയളവിലെ ഏഴ് വിഭാഗത്തിലുള്ള കയറ്റുമതി പുരസ്ക്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. കലാ-സാംസ്ക്കാരിക പരിപാടികളും നടന്നു.
 

Photo Gallery

+
Content