ചരിത്രത്തിലെ മുസിരിസ് കയ്യൊപ്പ് അവതരിപ്പിക്കുന്ന 'ആഴി' കലാ പ്രദര്‍ശനം

Kochi / January 7, 2026

കൊച്ചി: പ്രാചീന ഭാരതത്തില്‍ മുസിരിസ് വഴി കേരളം ചാര്‍ത്തിയ കയ്യൊപ്പുകള്‍ അവതരിപ്പിക്കുന്ന 'ആഴി' കലാപ്രദര്‍ശനം ജനശ്രദ്ധയാകര്‍ഷിക്കുന്നു. ആഴി ആര്‍ക്കൈവ്സ് ആര്‍ട്ട് പ്രൊജക്ട്സ്, കേരള പുരാവസ്തു വകുപ്പ്, മുസിരിസ് പ്രൊജക്ട്സ് ലിമിറ്റഡ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ സമകാലീന പ്രദര്‍ശനം നടക്കുന്നത്.

അന്താരാഷ്ട്ര സ്പൈസ് റൂട്ട് സമ്മേളന വേദിയിലും ആഴി പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. ചവിട്ടുനാടകം, പ്രവാസി ജീവിതം, കേരളത്തിലെ സിറിയന്‍ കൃസ്ത്യന്‍ ജീവിതം തുടങ്ങിയവയാണ് ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്‍റര്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. മറ്റ് പ്രദര്‍ശനങ്ങള്‍ മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലെ വേദികളിലാണ്.


മട്ടാഞ്ചേരി ജിഞ്ചര്‍ ഹോട്ടലില്‍ ഒരുക്കിയിരിക്കുന്ന ഡോക്യുമന്‍ററി പ്രദര്‍ശനം കാഴ്ചക്കാരനെ പിടിച്ചിരുത്തുന്നതാണ്. എന്നോ മറഞ്ഞ് പോയ വെസ്റ്റ് കോസ്റ്റ് കനാലിന്‍റെ ചരിത്രമാണ് ജലമുദ്ര എന്ന ഹ്രസ്വചിത്രത്തിലൂടെ പി അജിത്കുമാര്‍ പ്രേക്ഷകന്‍റെ മനസില്‍ കോറിയിടുന്നത്. തിരുവനന്തപുരം മുതല്‍ കൊച്ചി വഴി കോട്ടപ്പുറം വരെ നീണ്ട ഈ കനാലിന്‍റെ വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ കേരള ചരിത്രത്തിന്‍റെ പ്രാചീനവും താരതമ്യേന ആധുനികവുമായ ഏടുകളിലൂടെയാണ് സഞ്ചരിക്കുന്നത്. കുമാരനാശാന്‍റെ മരണം നടന്ന പല്ലന ബോട്ടപകടം, ആലപ്പുഴയുടെ വാണിജ്യപ്രാധാന്യം, മുസിരിസ്, കൊച്ചി, എന്നിവിടങ്ങളിലൂടെയാണ് കനാലിന്‍റെ ദൃശ്യങ്ങളിലൂടെ കാഴ്ചക്കാരനും സഞ്ചരിക്കുന്നത്.


ഫോര്‍ട്ട് കൊച്ചി കാരാ ആര്‍ട്ട് ഗാലറിയിലെ ആര്‍ക്കിയോ ലോജിക്കല്‍ ക്യാമറ എന്ന പ്രദര്‍ശനം ചരിത്രത്തില്‍ മുസിരിസ് നടത്തിയ കയ്യൊപ്പുകള്‍ വിശദീകരിക്കുന്നതാണ്. എടയ്ക്കല്‍, മറയൂര്‍, തോവാരി, എട്ടുകുടുക്ക തുടങ്ങിയ സ്ഥലങ്ങളിലെ ശിലാലിഖിതങ്ങള്‍, ആനക്കര, കാടാമ്പുഴ, കക്കോടി, പറമ്പത്ത്കാവ്, പട്ടണം എന്നിവിടങ്ങളില്‍ പുരാവസ്തു ഗവേഷക വകുപ്പ് നടത്തിയ ഉദ്ഖനനങ്ങളുടെ ഫോട്ടോകളും വിശദാംശങ്ങളും നല്‍കിയിരിക്കുന്നു.


ചരിത്രപരമായ പ്രാധാന്യത്തോടൊപ്പം മുസിരിസ് എന്നത് സാംസ്ക്കാരികവും പൈതൃകവും കലാപരവുമായ അനുഭവമാണെന്ന് മുസിരിസ് പ്രൊജക്ട്സ് എംഡി ഷാരോണ്‍ വി ചൂണ്ടിക്കാട്ടി. ലോകത്തെ ഏറ്റവും പൈതൃക സമ്പത്തുള്ള സ്ഥലങ്ങളിലൊന്നായ മുസിരിസിനെ സമഗ്രമായ ചരിത്രപ്രദേശമായി അവതരിപ്പിക്കാന്‍ ഈ പ്രദര്‍ശനങ്ങള്‍ ഏറെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


മട്ടാഞ്ചേരി ഉരു ആര്‍ട്ട് ഹാര്‍ബറില്‍ ശില്‍പി രാജന്‍റെ പ്രദര്‍ശനവും, കാശി ഹലുഗയില്‍ പന്ത്രണ്ടോളം ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന പ്രദര്‍ശനവും ആഴി ആര്‍ക്കൈവ്സിന്‍റെ ഭാഗമാണ്. റിയാസ് കോമുവാണ് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍, സി എസ് വെങ്കിടേശ്വരന്‍, എം എച് ഇല്യാസ്, അമൃത് ലാല്‍ എന്നിവര്‍ ക്യൂററ്റോറിയല്‍ ഉപദേഷ്ടാക്കളാണ്.

 

 

Photo Gallery

+
Content
+
Content
+
Content