അനുഭവവേദ്യ ടൂറിസത്തിന് പ്രാധാന്യമേറുന്നതായി സ്പൈസ് റൂട്ട്സ് സമ്മേളനത്തിലെ വിദഗ്ധര്‍

Kochi / January 7, 2026

കൊച്ചി: അനുഭവേദ്യ ടൂറിസത്തെ ഗൗരവത്തോടെ കാണുന്ന കാലഘട്ടമാണെന്നും അത് വലിയ അവസരങ്ങള്‍ തുറന്നുതരുന്ന അക്കാദമിക്, സാംസ്കാരിക ടൂറിസം എന്ന നിലയിലേക്ക് സാവധാനം മാറിക്കൊണ്ടിരിക്കുന്നുന്നെും വിദഗ്ദ്ധര്‍. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന ത്രിദിന അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തില്‍ 'ഹെറിറ്റേജ് ടു എക്സ്പീരിയന്‍സ് റീ-ഇമാജിനിംഗ് സ്പൈസ് റൂട്ട്സ് ഫോര്‍ ടൂറിസം എന്ന സെഷനിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്.

കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ അനുഭവവേദ്യ ടൂറിസത്തിന്‍റെ ഗൗരവം വര്‍ധിച്ചിട്ടുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഈ മേഖലയില്‍ സഞ്ചാരികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്കാര, പൈതൃക, അഡ്വഞ്ചര്‍ ടൂറിസം മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മുന്നോട്ടു പോകേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ജനുവരി 8 വരെ നടക്കുന്ന സമ്മേളനം മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്സും ടൂറിസം വകുപ്പും ചേര്‍ന്നാണ് സംഘടിപ്പിച്ചിരിക്കുന്നത്. പുരാതന സ്പൈസ് റൂട്ടിനെ സമകാലിക ആഗോള ചര്‍ച്ചകളുമായി വീണ്ടും ബന്ധിപ്പിക്കുന്ന ബൗദ്ധിക-സാംസ്കാരിക വേദിയായാണ് സമ്മേളനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പൈതൃക കേന്ദ്രങ്ങളിലെ നിര്‍മ്മിതികളെ കുറിച്ചുള്ള വിവരങ്ങള്‍ക്കപ്പുറം വിനോദസഞ്ചാരികള്‍ തേടുന്നത് വിദേശ സംസ്കാരം, ആ സ്ഥലത്തെ ഭാഷാപ്രയോഗങ്ങള്‍, ആഹാരരീതികള്‍ എന്നിവയെ എങ്ങനെ സ്വാധിനിച്ചു എന്നുള്ളതാണെന്ന് കൊച്ചി ഹെറിറ്റേജ് പ്രോജക്റ്റിന്‍റെ സ്ഥാപകനായ ജോഹാന്‍ കുരുവിള പറഞ്ഞു.

 സ്മാരകങ്ങളെ അടിസ്ഥാനമാക്കിയുള്ള അനുഭവകഥകള്‍ക്കു പകരം അതത് സ്ഥലങ്ങളിലെ ജീവിതരീതിയില്‍ അടങ്ങിയിരിക്കുന്ന അര്‍ത്ഥവത്തായ കഥകളാണ് സഞ്ചാരികള്‍ അനുഭവവേദ്യ ടൂറിസത്തില്‍ തേടുന്നത്. വിനോദസഞ്ചാരികളില്‍ മറ്റ് സ്ഥലങ്ങളെക്കുറിച്ച് ജിജ്ഞാസ ഉണര്‍ത്തുകയും അവബോധം സൃഷ്ടിക്കുകയും ചെയ്യേണ്ടതിന്‍റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കപ്പല്‍ക്കടവ് എന്നും അറിയപ്പെടുന്ന പഴയ കവ്വായി തുറമുഖത്ത് അറബികളും ചൈനീസ് കപ്പലുകളും എത്തിയിരുന്നത് പ്രാദേശിക നെയ്ത്തുകാരില്‍ നിന്ന് തുണികള്‍ വാങ്ങാനായിരുന്നുവെന്ന് കവ്വായി സ്റ്റോറീസിന്‍റെ സ്ഥാപകന്‍ രാഹുല്‍ നാരായണന്‍ പറഞ്ഞു. പയ്യന്നൂര്‍ ദേവി ക്ഷേത്രത്തിലെ ഉത്സവകാലത്ത് ഏകദേശം 200 ഓളം പേര്‍ കവ്വായി കായലില്‍ മീന്‍ പിടിക്കാന്‍ എത്തുകയും അവര്‍ 21 കെട്ട് മത്സ്യങ്ങളുമായി ക്ഷേത്രത്തിലേത്തി ദേവിക്ക് സമര്‍പ്പിക്കുകയും ചെയ്യും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ആചാരം ഇന്നും നിലനില്‍ക്കുന്നുവെന്നത് അതിശയകരമാണ്. കണ്ണൂരിലും കാസര്‍ഗോഡിലുമായി വ്യാപിച്ചുകിടക്കുന്ന കവ്വായി കായല്‍ കയാക്കിംഗിനും പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനുമുള്ള പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്‍റെ സംസ്കാരവും ഭൂമിശാസ്ത്രവും മനസ്സിലാക്കുക എന്ന ആഗ്രഹമാണ് ഇവിടുത്തെ പ്രകൃതിദൃശ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പ്രേരണയായതെന്ന് ആയുര്‍വേദ ട്രെയില്‍സിന്‍റെ സ്ഥാപകയും ഡയറക്ടറുമായ സുസാന സ്വീബെല്‍ പറഞ്ഞു.

 ഹിയറിറ്റേജിലെ സ്റ്റോറി ടെല്ലര്‍ രജീഷ് രാഘവന്‍ കഥപറച്ചില്‍ പുതുക്കുന്നതിന് പുതിയ സ്ഥലങ്ങളും സംസ്കാരവും തിരിച്ചറിയേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി. സിറ്റി ഹെറിറ്റേജ് എംഡി ഷിഹാദ് മുഹമ്മദ് മോഡറേറ്ററായിരുന്നു.

Photo Gallery

+
Content