സിബിഎല്‍; വീയപുരത്തിന്റെ പത്താമുദയം കെടുത്തി നിരണം ബോട്ട് ക്ലബ്

മറൈന്‍ ഡ്രൈവില്‍ നിരണം ചാമ്പ്യന്‍മാര്‍
Kochi / December 30, 2025

കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന പത്താം മത്സരത്തില്‍ അട്ടിമറി വിജയവുമായി നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടന്‍(4:10:064 മിനിറ്റ്) കിരീടമണിഞ്ഞു. അഞ്ചാം സീസണില്‍ തുടര്‍ച്ചയായ ഒമ്പത് വിജയങ്ങളുമായി കടന്നു വന്ന വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരത്തിന്റെ അപ്രമാദിത്യമാണ് നിരണം ചുണ്ടന്‍ കടപുഴക്കിയത്. പുന്നമട ബോട്ട്ക്ലബ് തുഴഞ്ഞ നടുഭാഗം മൂന്നാമതെത്തി.

സിബിഎല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായി ട്രിപ്പിള്‍ ഹാട്രിക് നേടി പത്താമത് വിജയത്തിനായി തുഴഞ്ഞെത്തിയ വീയപുരത്തിന് കൊച്ചിക്കായലില്‍ അടിതെറ്റുന്ന കാഴ്ചയാണ് കണ്ടത്. മൈക്രോസെക്കന്റുകള്‍ക്കപ്പുറമായിരുന്നു നിരണത്തിന്റെ വിജയം. നവംബര്‍ 29 ന് കല്ലടയില്‍ നടന്ന അവസാന മത്സരത്തില്‍ നെട്ടായത്തിന്റെ മുക്കാല്‍ ഭാഗത്തും ഒപ്പത്തിനൊപ്പം നിന്നിട്ടും അവസാന 20 മീറ്ററില്‍ പുറകോട്ട് പോയ തെറ്റിന് മറൈന്‍ ഡ്രൈവിലെ ജനസഹസ്രത്തെ സാക്ഷി നിറുത്തി നിരണം പ്രായച്ഛിത്തം ചെയ്തു. കിണഞ്ഞ് പരിശ്രമിച്ചെങ്കിലും അവസാന ഒരിഞ്ച് ദൂരത്തില്‍ വീയപുരത്തിന്റെ തുഴപ്പിടിയില്‍ നിന്ന് മത്സരം കൈവിട്ടു പോയി(4:10:119 മിനിറ്റ്). ഏതാണ്ട് ഒപ്പത്തിനൊപ്പം തന്നെ തുഴഞ്ഞെത്തിയ നടുഭാഗത്തിന് അവസാന പത്തു മീറ്ററില്‍ ഫിനിഷ് ലൈന്‍ എത്തിപ്പിടിക്കാനായില്ല(4:11:159 മിനിറ്റ്). സിബിഎല്‍ മത്സരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പത്തനംതിട്ട ജില്ലയില്‍ നിന്ന് ഒരു ചുണ്ടന്‍ ലീഗ് മത്സരത്തില്‍ ചാമ്പ്യന്മാരാകുന്നത്.

മേല്‍പ്പാടം ചുണ്ടന്‍(പള്ളാത്തുരുത്തി ബോട്ട് ക്ലബ്) നാല്, നടുവിലേപറമ്പന്‍(ഇമ്മാനുവേല്‍ ബോട്ട് ക്ലബ്) അഞ്ച്, കാരിച്ചാല്‍ (കാരിച്ചാല്‍ ചുണ്ടന്‍ ബോട്ട് ക്ലബ്-കെസിബിസി)ആറ്, ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്) ഏഴ്, ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്) എട്ട്, പായിപ്പാടന്‍ (കുമരകം ടൗണ്‍ ബോട്ട് ക്ലബ്) ഒമ്പത് എന്നിങ്ങനെയാണ് മറൈന്‍ ഡ്രൈവിലെ ഫിനിഷ് നില.

ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ വ്യവസായ-കയര്‍-നിയമ മന്ത്രി പി രാജീവ് മറൈൻ ഡ്രൈവിലെ മത്സരങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കൊച്ചി മേയര്‍ മിനിമോള്‍ വി കെ, ഡെ. മേയര്‍ ദീപക് ജോയ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണന്‍, ജില്ലാകളക്ടര്‍ പ്രിയങ്ക ജി, സബ് കളക്ടര്‍ ജി സായി കൃഷ്ണ, കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ്, ടൂറിസം വകുപ്പ് ജോ. ഡയറക്ടറും സിബിഎല്‍ നോഡല്‍ ഓഫീസറുമായ ടി ജി അഭിലാഷ്, സിബിഎല്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ അന്‍സാര്‍ കെഎഎസ്, ഡെ. ഡയറക്ടര്‍ ജി ശ്രീകുമാര്‍, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പത്ത് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ വില്ലേജ് ബോട്ട് ക്ലബ് തുഴയുന്ന വീയപുരം ചുണ്ടന്‍ 99 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. 84 പോയിന്റുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന മേല്‍പ്പാടം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്. 76 പോയിന്റുമായി നിരണം ബോട്ട് ക്ലബ് തുഴയുന്ന നിരണം ചുണ്ടന്‍ മൂന്നാം സ്ഥാനം ഉറപ്പിച്ചു. 72 പോയിന്റോടെ പുന്നമട ബോട്ട് ക്ലൂബ് തുഴയുന്ന നടുഭാഗം ചുണ്ടന്‍ നാലാം സ്ഥാനത്തുമുണ്ട്.

നടുവിലേപറമ്പന്‍(ഇമ്മാനുവേല്‍ ബോട്ട് ക്ലബ്) അഞ്ച്, കാരിച്ചാല്‍ (കാരിച്ചാല്‍ ചുണ്ടന്‍ ബോട്ട് ക്ലബ്-കെസിബിസി) ആറ്, ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്) ഏഴ്, പായിപ്പാടന്‍ (കുമരകം ടൗണ്‍ ബോട്ട് ക്ലബ്) എട്ട്, ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്) ഒമ്പത് എന്നിങ്ങനെയാണ് ബാക്കി പോയിന്റ് നില.

ഫൈനല്‍ മത്സരങ്ങള്‍ കൊല്ലം പ്രസിഡന്റ്സ് ട്രോഫിയോടെയാണ് നടക്കുന്നത്. അഞ്ചാം സീസണിലെ ജേതാവിനുള്ള ചാമ്പ്യന്‍ഷിപ്പും അന്ന് സമ്മാനിക്കും.
ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

ഓരോ മത്സരവേദികളിലും വിജയികളാകുന്നവരില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്.

Photo Gallery

+
Content
+
Content
+
Content
+
Content
+
Content
+
Content