അധികാരത്തിന്റെ ഇരപിടിയൻ പൂന്തോട്ടവും നിരീക്ഷണ ഗോപുരങ്ങളും;
അസം സംഘർഷങ്ങളുടെ കാണാപ്പുറങ്ങളുമായി ധീരജ് രാഭ ബിനാലെയിൽ
Kochi / December 23, 2025
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ 2025-ലെ ആസ്പിൻവാൾ വേദിയിലെ കയര്‍ ഗോഡൗണില്‍ ഏതാനും കലാപ്രതിഷ്ഠകള്‍ കണ്ട് നീങ്ങുമ്പോഴാണ് അഗ്നിസമാനമായ വെളിച്ചം തൂകുന്ന കുറേയെറെ പൂവുകള്‍ കാണാനാകുന്നത്. അടുത്തു ചെന്ന് ശ്രദ്ധിച്ചാല്‍ മാത്രമേ അതൊരു ഇരപിടിയന്‍ പൂവുകളുടെ കൂട്ടമാണെന്ന് മനസിലാകുന്നത്. അസം സ്വദേശിയായ ധീരജ് രാഭ ഒരുക്കിയിരിക്കുന്ന 'ദി ക്വയറ്റ് വെയിറ്റ് ഓഫ് ഷാഡോസ്' (The Quiet Weight of Shadows) എന്ന കലാപ്രതിഷ്ഠ, അധികാരവും മാധ്യമങ്ങളും സാധാരണക്കാരന്റെ ജീവിതത്തെ എങ്ങനെ വിഴുങ്ങുന്നു എന്നതിന്റെ നേർക്കാഴ്ചയാവുന്നു.
വർഷങ്ങൾ നീണ്ട ഗവേഷണത്തിലൂടെയും അനുഭവസ്ഥരുടെ ഓർമ്മകളിലൂടെയും സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അസമിലെ ഉൾഫ കലാപകാലത്തെ അടിസ്ഥാനമാക്കിയുള്ള ഈ സൃഷ്ടി ഒരുക്കിയിരിക്കുന്നത്. ഭരണകൂടത്തിന്റെ ഭാഷ്യവും മാധ്യമങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുന്ന പൊതുബോധത്തിനപ്പുറം, സംഘർഷഭരിതമായ മണ്ണിൽ ജീവിച്ചുതീർത്ത മനുഷ്യരുടെ അനുഭവങ്ങളെയാണ് കലാകാരൻ ഇവിടെ സന്ദര്‍ശക മനസിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നത്.
ഇരുട്ടിൽ അഗ്നിസ്ഫുലിംഗങ്ങള്‍ പോലെ തിളങ്ങി നിൽക്കുന്ന ഇരപിടിയൻ ചെടികളുടെ പൂന്തോട്ടമാണ് ഈ കലാപ്രതിഷ്ഠയുടെ കേന്ദ്രബിന്ദു. ദൂരെ നിന്ന് നോക്കുമ്പോൾ ഈ പൂക്കൾ മനോഹരവും ആകർഷകവുമായി തോന്നുമെങ്കിലും, അടുത്തെത്തുമ്പോൾ കേൾക്കുന്നത് അസമീസ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള വാർത്തകളുടെ ബഹളമാണ്. ഓരോ പൂവിനുള്ളിലേക്കും നോക്കുമ്പോള്‍ ചെറിയ സ്ക്രീനില്‍ വാര്‍ത്തകള്‍ കാണാം. 1990 മുതൽ 2010 വരെയുള്ള കാലഘട്ടത്തിലെ ഉൾഫാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വാർത്തകളാണിത്. അധികാരത്തെയും മുഖ്യധാരാ മാധ്യമങ്ങളെയും പ്രതിനിധീകരിക്കുന്ന ഈ ചെടികൾ, സങ്കീർണ്ണമായ ജീവിതാനുഭവങ്ങളെ വെറും വാർത്താ തലക്കെട്ടുകളാക്കി മാറ്റി വിഴുങ്ങുന്നതിനെയാണ് സൂചിപ്പിക്കുന്നത്. വാർത്തകൾ പരക്കുമ്പോൾ അത് എല്ലാറ്റിനെയും വിഴുങ്ങുന്നുവെന്നും, പുറമേയുള്ള ഭംഗിക്ക് പിന്നിൽ വലിയ അസ്വസ്ഥതകൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും ധീരജ് രാഭ പറയുന്നു. വാർത്തകളുടെ ബഹളത്തിൽ യഥാർത്ഥ മനുഷ്യരുടെ ശബ്ദം മുങ്ങിപ്പോകുന്ന അവസ്ഥയാണ് ഇത് അടയാളപ്പെടുത്തുന്നത്.
ഈ പൂന്തോട്ടത്തിന് ചുറ്റുമായി തടങ്കൽ പാളയങ്ങളെ ഓർമ്മിപ്പിക്കുന്ന എട്ട് നിരീക്ഷണ ഗോപുരങ്ങൾ (വാച്ടവറുകള്‍) സ്ഥാപിച്ചിട്ടുണ്ട്. സദാസമയവും നിരീക്ഷിക്കപ്പെടുന്നു എന്ന തോന്നൽ ഇത് സന്ദർശകരിൽ ഉണ്ടാക്കുന്നു. ഈ ഗോപുരങ്ങൾക്കുള്ളിൽ, മുൻ ഉൾഫാ അംഗങ്ങളുടെയും കലാപബാധിത പ്രദേശങ്ങളിൽ ജീവിച്ചവരുടെയും വീഡിയോ അഭിമുഖങ്ങൾ കാണാം. പുറത്തെ വാർത്താ ബഹളങ്ങളിൽ നിന്ന് വ്യത്യസ്തമായി തങ്ങള്‍ക്ക് നേരിട്ട നഷ്ടം, അനുഭവിച്ച അക്രമം, ഭയം, കുടുംബത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവയെക്കുറിച്ച് അവർ നിശബ്ദമായി സംസാരിക്കുന്നു. ഔദ്യോഗിക രേഖകളിലെ കണക്കുകൾക്കും അലർച്ചകൾക്കും അപ്പുറം, ചോരയും നീരുമുള്ള മനുഷ്യരുടെ പച്ചയായ ജീവിതമാണ് ഇവിടെ തെളിയുന്നത്.
തൊട്ടടുത്തായി 1990-കളിലെ കത്തിനശിച്ച വീടുകളുടെ മാതൃകയും കലാകാരൻ പുനർനിർമ്മിച്ചിട്ടുണ്ട്. ഇത്തരം വീടുകൾ അക്കാലത്ത് പതിവ് കാഴ്ചയായിരുന്നു. ഉൾഫാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട യഥാർത്ഥ പത്രങ്ങൾ, പുസ്തകങ്ങൾ, ലഘുലേഖകൾ എന്നിവയുടെ അവശിഷ്ടങ്ങൾ ഇവിടെ ചിതറിക്കിടക്കുന്നു. ക്യാമ്പുകളിലെ ദൈനംദിന ജീവിതം, വിവാഹങ്ങൾ, സൈനികർ, പരിശീലനങ്ങൾ എന്നിവയുടെ ഫോട്ടോകളും ഇവിടെയുണ്ട്. കാലപ്പഴക്കം കൊണ്ട് അവ്യക്തമായ ഈ ചിത്രങ്ങൾ, നീണ്ടുനിൽക്കുന്ന അക്രമങ്ങൾക്കിടയിൽ മാഞ്ഞുപോകുന്ന ഓർമ്മകളെ സൂചിപ്പിക്കുന്നു.
'വിസ്‌പേഴ്‌സ് ബിനീത് ദി ആഷസ്' (ചാരത്തിനടിയിലെ അടക്കംപറച്ചിലുകള്‍) എന്ന ഹ്രസ്വചിത്രവും ഇതിന്റെ ഭാഗമാണ്. വനത്തിലൂടെ അലയുന്ന കുട്ടികളുടെ യാത്രയിലൂടെ, അനിശ്ചിതത്വത്തിൽ വളരുന്ന തലമുറയുടെ മാനസിക സംഘർഷങ്ങളെ വിഭ്രമയാഥാര്‍ഥ്യത്തിന്റെ (സർറിയലിസ്റ്റിക്) രീതിയിൽ അവതരിപ്പിക്കുകയാണ് ധീരജ്. വെറുമൊരു ചരിത്രരേഖകളുടെ പ്രദർശനത്തിനപ്പുറം, അധികാരത്തിന്റെ നിഴലുകൾ എക്കാലവും സാധാരണക്കാരന്റെ ജീവിതത്തിന് മേൽ വീഴുന്നുവെന്ന യാഥാർത്ഥ്യമാണ് ഈ കലാപ്രതിഷ്ഠ കാഴ്ചക്കാരനെ ഓർമ്മിപ്പിക്കുന്നത്.