ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന് തുടക്കമായി എക്സ്ട്രാ ഡോസ് പാലം ഉടൻ യാഥാർഥ്യമാകും -പി എ മുഹമ്മദ് റിയാസ്

Kozhikode / December 26, 2025

കോഴിക്കോട്: മലബാറിലെ ഏറ്റവും വലിയ ടൂറിസം ഉത്സവമായ ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന് വർണാഭമായ തുടക്കമായി. ലോകജലകായിക വിനോദ ഭൂപടത്തിൽ ബേപ്പൂർ വാട്ടർ ഫെസ്റ്റിന് സുപ്രധാനമായ സ്ഥാനമുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ടൂറിസം - പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ടൂറിസം രംഗത്ത് മാത്രമല്ല ബേപ്പൂരിന്റെ അടിസ്ഥാന സൗകര്യ വികസനരംഗത്തും  വാട്ടർ ഫെസ്റ്റിന് സുപ്രധാനം പങ്കുവഹിക്കാനായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബേപ്പൂർ ചാലിയം ഗതാഗതത്തിന് വലിയ ജങ്കാർ ഏർപ്പെടുത്താനായി. ചെറുവണ്ണൂര്‍ മേല്‍പ്പാലത്തിലൂടെയാകും അടുത്ത വാട്ടര്‍ ഫെസ്റ്റിനായി ആളുകളെത്തുക. മീഞ്ചന്ത മേല്‍പ്പാലം,  എക്സ്ട്രാ ഡോസ് പാലം എന്നിവയുട നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കാനാകും. ബേപ്പൂരിന്റെ സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധിക്ക് കാരണമായ വാട്ടര്‍ ഫെസ്റ്റ് വരും വര്‍ഷങ്ങളിലും തുടരുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ടൂറിസം ആകർഷണങ്ങളിൽ ഒന്നാണ് ബേപ്പൂർ മറീന. വാട്ടർ ഫെസ്റ്റിന് ലഭിച്ച സ്വീകാര്യത കൊണ്ട് ഇത് ഇന്ന് ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ചു. കോഴിക്കോട് മുതൽ ബേപ്പൂർ വരെയുള്ള കടൽത്തീരത്തിന്റെ ടൂറിസം സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബേപ്പൂർ വാട്ടർ ഫെസ്റ്റിനോട് അനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ നിന്നും ബേപ്പൂരിലേക്കുള്ള സ്പീഡ് ബോട്ട് സർവീസും മന്ത്രി ഉദ്ഘാടനം ചെയ്തു. 13 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ട് കോഴിക്കോട് നിന്നും 15 മിനിറ്റ് കൊണ്ട് ബേപ്പൂരിൽ എത്തും. എല്ലാവിധ സുരക്ഷാ സജ്ജീകരണങ്ങളും ബോട്ടിൽ ഒരുക്കിയിട്ടുണ്ട്.

ബേപ്പൂരിന് നിറപ്പകിട്ടേകി അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റ് കാണികളുടെ മനം കവർന്നു. അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിന്റെ ഉദ്ഘാടനം അഹമ്മദ് ദേവര്‍ കോവില്‍ എംഎല്‍എ നിര്‍വഹിച്ചു. ഇന്തോനേഷ്യ, വിയറ്റ്‌നാം, ഒമാന്‍, തുര്‍ക്കി, മൗറിഷ്യസ് എന്നീ രാജ്യങ്ങളില്‍ നിന്നും പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ് പട്ടം പറത്തല്‍ മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ ഇത്തവണ എത്തിയത്.

കുതിര, പുലി തുടങ്ങി മൃഗങ്ങളുടെ ഭീമന്‍ രൂപങ്ങളിലുള്ള പട്ടങ്ങള്‍, വിവിധ രാജ്യങ്ങളുടെ പതാക, വാട്ടര്‍ ഫെസ്റ്റ് ലോഗോ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പട്ടങ്ങളാണ് പറത്തിയത്. കൈറ്റ് സ്റ്റണ്ട്, സ്‌പോര്‍ട്‌സ് കൈറ്റ്, ത്രീഡി കൈറ്റ്, കൈറ്റ് ഷോ എന്നീ വിഭാഗങ്ങളിലെ മത്സരങ്ങളും വെള്ളിയാഴ്ച ആരംഭിച്ചു. ഫെസ്റ്റില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മുതല്‍ ആറ് മണി വരെ കൈറ്റ് ഷോ സംഘടിപ്പിക്കും. കൈറ്റ് ഫെസ്റ്റ് വിജയികളെ ഫെസ്റ്റിന്റെ അവസാന ദിവസം പ്രഖ്യാപിക്കും.

ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിലെത്തിയവർക്ക് വിസ്മയ കാഴ്ചയായി ഗോതീശ്വരം ബീച്ചിൽ നിന്നും പറന്നുയർന്ന ഗ്ലൈഡറുകൾ  മറീന ബീച്ചിൻ്റെ ആകാശത്ത് വിസ്മയം സൃഷ്ടിച്ചു. ഫെസ്റ്റിന്റെ എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മണി മുതൽ ആറ് മണി വരെ പാര മോട്ടറിംഗ് ഷോ ഉണ്ടാകും. പാരഗ്ലൈഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള  കോഴിക്കോട് സ്വദേശിയായ സലീം ഹസൻ, കണ്ണൂർ സ്വദേശിയായ സേവിയർ തോമസ് എന്നീ പാരാമോട്ടർ ഗ്ലൈഡർമാരാണ് പ്രകടനം നടത്തിയത്.

അഞ്ചാം ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി ബേപ്പൂര്‍ തുറമുഖത്തെത്തിയ നേവിയുടെ കപ്പലായ ഐഎന്‍എസ് കല്‍പ്പേനിക്ക് വന്‍ വരവേല്‍പ്പ്. ഫെസ്റ്റിന്റെ ആദ്യ ദിവസം തന്നെ തുടങ്ങിയ കപ്പല്‍ പ്രദര്‍ശനം കാണാന്‍ നൂറ് കണക്കിന് ആളുകളാണ് തുറമുഖത്ത് എത്തിയത്. കപ്പലിന്റെ മുന്‍ വശത്തെ ഡെക്ക്, പിന്‍വശമായ ക്വാര്‍ട്ടര്‍ ഡെക്ക്, കപ്പലിനകത്തെ സുരക്ഷ സംവിധാനങ്ങള്‍, ആയുധങ്ങള്‍ എന്നിവ കാണാന്‍ അവസരവുമുണ്ട്. ഫസ്റ്റ് ദിവസങ്ങളിൽ 10 മുതല്‍ അഞ്ചു വരെ കപ്പല്‍ കാണാനെത്താം. പ്രവേശനം സൗജന്യമാണ്.
ചടങ്ങില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് അധ്യക്ഷനായി. ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, മുന്‍ എം.എല്‍.എ വി കെ സി മമ്മദ്‌കോയ, ജില്ലാ പോലീസ് മേധാവി ടി നാരായണന്‍, ടൂറിസം ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, ഫാദര്‍ ജിജു പള്ളിപറമ്പ്, പ്രകാശന്‍ കറുത്തേടത്ത് എന്നിവര്‍ സംസാരിച്ചു.

 കൗണ്‍സിലര്‍മാരായ കെ രാജീവന്‍, ഷിനു പിണ്ണാണത്ത്, നിമ്മി പ്രശാന്ത്, കെ സുരേഷന്‍, എ പി തസ്ലീന, ഇ അനിത കുമാരി, കമാന്‍ഡന്‍ സന്ദീപ് സിങ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘാടക സമിതി ഭാരവാഹികള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് പ്രാദേശിക കലാകാരന്മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ കലാപ്രകടനങ്ങള്‍ അരങ്ങേറി.

Photo Gallery

+
Content
+
Content
+
Content
+
Content