12-ാമത് ചുവടി ഫെസ്റ്റ് ഞായറാഴ്ച മുതൽ: ഗോതുരുത്തിൽ ചവിട്ടുനാടക വിരുന്നൊരുങ്ങുന്നു

Kochi / December 27, 2025

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷനും ഗോതുരുത്ത് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബും (എസ്.എ.സി) സംയുക്തമായി സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് ചുവടി ഫെസ്റ്റ് നാളെ (ഡിസംബർ 28 ഞായറാഴ്ച) മുതൽ ആരംഭിക്കും. ഗോതുരുത്ത് ചിന്നത്തമ്പി അണ്ണാവി സ്ക്വയറിലെ എസ്.എ.സി മാരിടൈം ആർട്ട് സെന്ററിൽ വൈകുന്നേരം ഏഴ് മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചവിട്ടുനാടക മേള ഡിസംബർ 30-ന് സമാപിക്കും.
ആദ്യ കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി 2012-ലാണ് ചുവടി ഫെസ്റ്റിന്റെ ഒന്നാം പതിപ്പിന് തുടക്കമിട്ടത്.

ബൈബിൾ കഥകളെ ആസ്പദമാക്കി അവതരിപ്പിക്കപ്പെടുന്ന ചവിട്ടുനാടകം ലോകത്തിലെ ഏക മാരിടൈം നാടക രൂപമായാണ്  അറിയപ്പെടുന്നത്. കൊല്ലം മുതൽ ചാവക്കാട് വരെയുള്ള ലത്തീൻ കത്തോലിക്കാ സമൂഹത്തിനിടയിൽ പ്രചാരത്തിലുള്ള ഈ കലാരൂപം കൊച്ചിയുടെ സങ്കരസംസ്കാരത്തിന്റെ അടയാളം കൂടിയാണ്.

ചവിട്ടുനാടകം ഉൾപ്പെടെയുള്ള കലാരൂപങ്ങളുടെയും പ്രാദേശിക സംസ്കാരത്തിന്റെയും ഉന്നമനത്തിനായി ദശാബ്ദങ്ങളായി പ്രവർത്തിച്ചു വരുന്നതാണ് 1913-ൽ സ്ഥാപിതമായ എസ്.എ.സി ഗോതുരുത്ത്. ഫെസ്റ്റിന്റെ ആദ്യ ദിനമായ ഞായറാഴ്ച വൈകുന്നേരം ഏഴരയ്ക്ക് ഗോതുരുത്ത് ചവിട്ടുനാടക കലാകേന്ദ്രത്തിന്റെ 'പ്ലോറിപാസ് കഥ' അരങ്ങേറും. അഭിലാഷ് കെ.എം. ആണ് ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത്. കൊച്ചി മുസിരിസ് ബിനാലെ  പ്രസിഡന്റ് ബോസ് കൃഷ്ണമചാരി ചടങ്ങിൽ വിശിഷ്ടാതിഥിയായിരിക്കും.

മേളയുടെ രണ്ടാം ദിനമായ ഡിസംബർ 29 തിങ്കളാഴ്ച രാത്രി 8 മണിക്ക് ഫോർട്ട് കൊച്ചി കൊച്ചിൻ ചവിട്ടുനാടക കളരിയുടെ 'പന്തിയോസ് പീലാത്തോസ്' അവതരിപ്പിക്കും. കലാരത്നം ബ്രൂട്ടോ വിൻസെന്റ് ആണ്  സംവിധായകൻ. സമാപന ദിനമായ ഡിസംബർ 30-ന് വൈകുന്നേരം ഏഴരയ്ക്ക് കുറുമ്പത്തുരുത്ത് യുവ കേരള ചവിട്ടുനാടക കലാസമിതിയുടെ 'വിശുദ്ധ സെബസ്ത്യാനോസ്' അരങ്ങേറും. സംവിധാനം റോയ് ജോർജ്ജ്കുട്ടി. ചവിട്ടുനാടക കലയെ പ്രോത്സാഹിപ്പിക്കുന്നതിനും വരുംതലമുറയ്ക്ക് ഈ കലാരൂപത്തെ പരിചയപ്പെടുത്തുന്നതിനുമായാണ് ബിനാലെ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എല്ലാ വർഷവും ചുവടി ഫെസ്റ്റ് സംഘടിപ്പിച്ചു വരുന്നത്.

Photo Gallery

+
Content
+
Content