കേരള സ്റ്റാര്‍ട്ടപ്പിന്‍റെ ഇന്‍റര്‍വ്യൂ വീഡിയോ ചെയ്ത് ഗൂഗിള്‍ ടെക്നോളജി സംഘം

കേരള സ്റ്റാര്‍ട്ടപ്പിന്‍റെ ഇന്‍റര്‍വ്യൂ വീഡിയോ ചെയ്ത് ഗൂഗിള്‍ ടെക്നോളജി സംഘം
Kochi / September 13, 2022

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ് സ്റ്റാര്‍ട്ടപ്പായ റിയഫൈ ടെക്നോളജിയുടെ ഇന്‍റര്‍വ്യൂ വീഡിയോ ചെയ്ത് ഗൂഗിള്‍ ടെക്നോളജി സംഘം. ഗൂഗിള്‍ ഇന്‍റര്‍വ്യൂ വീഡിയോ ചെയ്യുന്ന രാജ്യത്തെ ആദ്യ സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ് റിയഫൈ ടെക്നോളജീസ്.


    ഫെഡറല്‍ ബാങ്കിനായി വികസിപ്പിച്ചെടുത്ത ഫെഡ്ഡി എന്ന നിര്‍മ്മിത ബുദ്ധി അധിഷ്ഠിതമയ ബാങ്കിംഗ് സഹായിയെ നേരത്തെ ഗൂഗിളിന്‍റെ മികച്ച എഐ ആപ്പായി തെരഞ്ഞെടുത്തിരുന്നു. 14 ലക്ഷം ചോദ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഫെഡ്ഡി 98 ശതമാനം കൃത്യത പുലര്‍ത്തുന്നുണ്ടെന്ന് റിയഫൈ സിഇഒ ജോണ്‍ മാത്യു പറഞ്ഞു.


    ലളിതമായി ഉപയോഗിക്കാനാവുന്ന നിര്‍മ്മിതബുദ്ധി സഹായിയെക്കുറിച്ചാണ് ഗൂഗിള്‍ ഇന്‍റര്‍വ്യൂവില്‍ ജോണ്‍ മാത്യു സംസാരിക്കുന്നത്. മനുഷ്യമസ്തിഷ്കം പോലെ തന്നെ ചോദ്യങ്ങള്‍ക്കുള്ള യുക്തിസഹജവും സഹായകരവുമായ മറുപടിയാണ് റിയഫൈയുടെ സാങ്കേതികവിദ്യയിലൂടെ ലഭിക്കുന്നതെന്നും ജോണ്‍ പറഞ്ഞു.


    അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോര്‍ച്യൂണ്‍ 500, കരൂര്‍ വൈശ്യ ബാങ്ക് എന്നിവയോടൊപ്പം വിവിധ കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളും റിയഫൈയുടെ സേവനങ്ങള്‍ നേടുന്നുണ്ട്.


    നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയിലൂടെ മികച്ച ഉപഭോക്തൃ സേവനം ലഭ്യമാക്കാന്‍ രാജ്യത്തെ എല്ലാ സ്വകാര്യ ബാങ്കുകളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനൊരുങ്ങുകയാണെന്നും ജോണ്‍ മാത്യു പറഞ്ഞു. ബാങ്കിംഗ്, ഹെല്‍ത്ത്കെയര്‍, ചില്ലറ വില്‍പന എന്നീ മേഖലകളില്‍ നിര്‍മ്മിത ബുദ്ധി വിപ്ലവകരമായി ഉപയോഗപ്പെടുത്താനാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്.
    
 

Photo Gallery