കൊച്ചി-മുസിരിസ് ബിനാലെ 2025: ആസ്വാദകരെ ഇരുത്തി ചിന്തിപ്പിക്കുന്ന ‘ഇന്‍വിറ്റേഷന്‍സ്’

Kochi / December 28, 2025

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയ്ക്കൊപ്പം കൊച്ചി ബിനാലെ ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന പ്രത്യേക പ്രദർശന പരമ്പരയായ 'ഇൻവിറ്റേഷൻസ്' ആസ്വാദക ശ്രദ്ധയാകര്‍ഷിക്കുന്നു. മട്ടാഞ്ചേരിയിലെയും ഫോർട്ട് കൊച്ചിയിലെയും ആറ് പ്രധാന വേദികളിലായി നടക്കുന്ന പ്രദർശനങ്ങൾ കാണാൻ നിരവധി കലാപ്രേമികളാണ് എത്തുന്നത്.

ലോകത്തെ പൊതുബോധത്തെ സ്വാധീനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സമകാലീന കലാസ്ഥാപനങ്ങളെയും കൂട്ടായ്മകളെയും ആദരിക്കുന്നതിനായി 2022-ലാണ് ഇന്‍വിറ്റേഷന്‍സ് ആരംഭിച്ചത്. ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, കെനിയ, ബ്രസീൽ, പലസ്തീൻ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, പാനമ എന്നിവിടങ്ങളിൽ നിന്നുള്ള പത്തോളം കലാ സ്ഥാപനങ്ങളാണ് തങ്ങളുടെ സൃഷ്ടികൾ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഇതിനുപുറമെ ഹെയ്തിയിൽ നിന്നുള്ള കലാകാരന്മാരുടെ കൂട്ടായ്മയായ 'ഗെറ്റോ ബിനാലെ അറ്റിസ് റെസിസ്റ്റൻസ്' 2026 ഫെബ്രുവരിയിൽ ഫോർട്ട് കൊച്ചി സെന്റ് ആൻഡ്രൂസ് പാരിഷ് ഹാളിൽ തങ്ങളുടെ പ്രകടനകലാപ്രദര്‍ശനം സംഘടിപ്പിക്കും.

മട്ടാഞ്ചേരി ചേംബർ റോഡിലെ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിൽ നടക്കുന്ന 'ട്രിലോജി ഓഫ് എൻവയോൺമെന്റൽ ട്രയൽസ്' എന്ന പ്രദർശനം പരിസ്ഥിതി പ്രശ്നങ്ങളിലെ കലയും നിയമസങ്കീര്‍ണതകളുമായി ബന്ധപ്പെടുത്തിയുള്ളതാണ്. അഭിഭാഷകരായ ആനന്ദ് ഗ്രോവർ, ഹരീഷ് മെഹ്‌ല എന്നിവരുടെ സഹകരണത്തോടെ കോടതി നടപടികളുടെ മാതൃകയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.

ഇതിന് അടുത്തുതന്നെയുള്ള പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ ഊട്ടുപുരയിൽ അഹമ്മദാബാദിൽ നിന്നുള്ള 'കോൺഫ്ലിക്റ്റോറിയം' എന്ന മ്യൂസിയത്തിന്റെ പ്രദർശനം നടക്കുന്നുണ്ട്. ശ്രദ്ധിക്കപ്പെടാതെ പോയ ചരിത്രങ്ങളെയും ശബ്ദങ്ങളെയും വെളിച്ചത്തുകൊണ്ടുവരുന്ന 'ലിബറേറ്റഡ് സോൺ' എന്ന കലാപ്രതിഷ്ഠയാണ് ഇവിടെയുള്ളത്.

മട്ടാഞ്ചേരി ബസാർ റോഡിലെ ദേവസ്സി ജോസ് ആന്റ് സൺസിൽ വൈവിധ്യമാർന്ന നാല് പ്രോജക്ടുകളാണ് നടക്കുന്നത്. ശ്രീലങ്കൻ കൂട്ടായ്മയായ 'ദി പാക്കറ്റ്' അവതരിപ്പിക്കുന്ന ഡോട്ട് മാട്രിക്സ് പ്രിന്ററിലൂടെ പുറത്തുവരുന്ന പേപ്പറുകൾ കാണികളില്‍ കൗതുകമുണര്‍ത്തും. ബ്രസീലിയൻ കലാകാരനായ അർമാൻഡോ ക്വിറോസിന്റെ വീഡിയോ പ്രദർശനത്തിന്റെ പ്രമേയം സ്വർണ്ണം തേടിപ്പോകുന്ന മനുഷ്യരുടെ അവസ്ഥ ചിത്രീകരിക്കുന്നു.

ഇന്തോനേഷ്യയിൽ നിന്നുള്ള 'റൂങ്‌രൂപ' കൂട്ടായ്മയുടെ മീഡിയ ആർട്ട് പ്രദർശനവും പലസ്തീനിൽ നിന്നുള്ള 'ദാർ യൂസഫ് നസ്‌രി ജാസിർ' എന്ന സ്ഥാപനത്തിന്റെ ഹൃദയസ്പർശിയായ സൃഷ്ടികളും ഇവിടെ കാണാം. പലസ്തീൻ കലാകാരിയായ എമിലി ജാസിറിന്റെ ചിത്രങ്ങളും ശബ്ദരേഖകളും മനുഷ്യരുടെ പലായനത്തെയും അതിജീവനത്തെയും കുറിച്ച്  ദേവസ്സി ജോസ് ആന്റ് സൺസ് വേദിയില്‍ കടലിന് അഭിമുഖമായുള്ള മുറിയിൽ ബ്രസീലിലെ ആമസോണിൽ നിന്നുള്ള ബിനാലെ ദാസ് ആമസോണിയാസ് എന്ന സ്ഥാപനം ഒരുക്കിയ 'ഇന്നർ സ്ട്രെങ്ത്' എന്ന പ്രദർശനം കാണാം. ഇന്ത്യയിൽ നിന്ന് ബ്രസീലിലെത്തിയ മാവിനെ പ്രതീകമാക്കിയാണ് ഈ കലാപ്രതിഷ്ഠ. മട്ടാഞ്ചേരിയിലെ സിമി വെയർഹൗസിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ നിന്നുള്ള ആലീസ് യാർഡ് എന്ന കൂട്ടായ്മയും പാനമയിലെ മോഡേൺ ആർട്ട് മ്യൂസിയവും തങ്ങളുടെ സവിശേഷമായ സൃഷ്ടികൾ പ്രദർശിപ്പിച്ചിരിക്കുന്നു.

ഫോർട്ട് കൊച്ചി ഡേവിഡ് ഹാളിൽ നെയ്‌റോബി കണ്ടെംപററി ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കിയ പ്രദർശനത്തിൽ കരികൊണ്ട് വരച്ച കെനിയയിലെയും കൊച്ചിയിലെയും മനുഷ്യരുടെ ചിത്രങ്ങൾ കാണാം.

ഫോർട്ട് കൊച്ചിയിലെ സ്വാതന്ത്ര്യ സമര ജയിലിൽ അൽകാസി തിയേറ്റർ ആർക്കൈവ്സ് ഒരുക്കിയ ഇന്ത്യൻ നാടക ചരിത്രത്തെക്കുറിച്ചുള്ള അപൂർവ്വമായ ശേഖരങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. പത്തിലധികം രാജ്യങ്ങളിലെ സംസ്കാരങ്ങളെയും ചരിത്രങ്ങളെയും ഒരേസമയം അനുഭവിച്ചറിയാൻ സാധിക്കുന്നതാണ് ഇൻവിറ്റേഷൻസ് പ്രദർശനങ്ങൾ

Photo Gallery

+
Content
+
Content
+
Content
+
Content