ഭാവിയെ രൂപപ്പെടുത്താനുള്ള അവശിഷ്ടങ്ങളാണ് വര്‍ത്തമാനകാലം- കാദിര്‍ അത്തിയ

കെബിഎഫ് ലെറ്റ്സ് ടോക്ക്- വിവാന്‍ സുന്ദരം അനുസ്മരണ പ്രഭാഷണം
Kochi / December 29, 2025

കൊച്ചി: ഭാവിയെ രൂപപ്പെടുത്താനുള്ള അവശിഷ്ടങ്ങളാണ് ഇന്ന് ജീവിച്ചിരിക്കുന്ന ഓരോരുത്തരുമെന്ന് പ്രശസ്ത അള്‍ജീരിയന്‍ കലാകാരനായ കാദിര്‍ അത്തിയ പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തുന്ന ലെറ്റ്സ് ടോക്ക് പ്രഭാഷണ പരമ്പരയില്‍ പ്രശസ്ത കലാകാരന്‍ വിവാന്‍ സുന്ദരം അനുസ്മരണം നടത്തുകയായിരുന്നു അദ്ദേഹം. കൊച്ചി മുസിരിസ് ബിനാലെ ആറാം ലക്കത്തിന്റെ പവലിയന്‍ വേദിയായ ബാസ്റ്റിന്‍ ബംഗ്ലാവിലായിരുന്നു പ്രഭാഷണം.

അണ്‍പ്രഡിക്ടബിള്‍ മെമ്മറീസ് എന്നു പേരിട്ട പ്രഭാഷണത്തില്‍ എങ്ങിനെയാണ് പുരാതന കാലം മുതല്‍ക്കേ മനുഷ്യരുടെ വൈയക്തിക ജീവതങ്ങള്‍ കാലാകലങ്ങളായി ഭാവി തലമുറയെയും സ്വഭാവത്തെയും സ്വാധീനിച്ചതെന്ന് അദ്ദേഹം വിവരിച്ചു. ഓര്‍മ്മയെന്ന വാക്കിന്റെ ആദ്യ ചിന്ത തന്നെ അമ്മയെക്കുറിച്ചായിരിക്കും. പിന്നീട് കുടുംബം വീട്, പരിസരം എന്നിവയും മനസില്‍ ചിരകാലപ്രതിഷ്ഠ നേടും.

അവയവങ്ങള്‍ മുറിച്ചു കളയപ്പെട്ടവര്‍ക്ക് അനുഭവപ്പെടുന്ന ഫാന്റം പെയിന്‍(വേദന) തന്റെ പ്രഭാഷണത്തില്‍ കാദിര്‍ പ്രാധാന്യത്തോടെ അവതരിപ്പിച്ചു. മുറിച്ചു കളയപ്പെട്ടതിനു ശേഷവും രോഗാതുരമായിരുന്ന ആ അവയവത്തിന്റെ വേദന കുറേക്കാലം കൂടി രോഗികള്‍ക്ക് അനുഭവപ്പെടും. ജീവശാസ്ത്രപരമായി വേദനയ്ക്ക് അടിസ്ഥാനമില്ലെങ്കില്‍ കൂടിയും മനശാസ്ത്രപരമായി ആ വേദന നിലനില്‍ക്കുമെന്നതാണ് ഫാന്റം പെയിനിന്റെ തത്വം.

ഈ മാതൃക തന്നെ തലമുറകള്‍ കൈമാറി വരുന്ന മനുഷ്യസ്വഭാവത്തിലും ഉണ്ടെന്നാണ് കാദിറിന്റെ ഭാഷ്യം. അത് കേവലം ജനിതകമായ സാദൃശ്യം മാത്രമല്ല. അറിഞ്ഞോ അറിയാതെയോ ഒരു വ്യക്തിയോ സമൂഹമോ, ഭാവിയെ രൂപപ്പെടുത്തുന്നതില്‍ വലിയ സ്വാധീനം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതേ കാര്യം തന്നെ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ അദ്ദേഹം പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധക്കാലത്തെ പട്ടാളക്കാര്‍ ആര്‍ട്ട് ഗാലറിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ നിര്‍മ്മിച്ചപ്പോള്‍ അതെല്ലാം പഴയ വിഖ്യാത ചിത്രകാരന്മാരുടെ ചിത്രങ്ങളുമായി സാദൃശ്യമുള്ളവയായിരുന്നു. നിര്‍മ്മിത ബുദ്ധിക്ക് പോലും ഈ അവശിഷ്ട സ്വാധീനത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് അദ്ദേഹം സമര്‍ഥിച്ചു. അതിനാല്‍ തന്നെ ജീവിത കാലത്ത് കഴിവതും ധാര്‍മ്മികതയും സഹവര്‍ത്തത്വവും മുറുകെ പിടിച്ച് ജീവിക്കണമെന്നതിന്റെ അനിവാര്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രഭാഷണത്തിന് ശേഷം കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഓഫ് പ്രോഗ്രാംസ് മാരിയോ ഡിസൂസ നയിച്ച ചോദ്യോത്തര വേളയില്‍ നിരവധി പേര്‍ സജീവമായി പങ്കെടുത്തു.

 

Photo Gallery

+
Content