ഉണങ്ങിയ മണ്ണിനു മുകളിലെ പ്രതീക്ഷയുടെ പുല്‍നാമ്പ്; മണ്ണും സംഗീതവും നൽകുന്ന സൗഖ്യം; ഡിനെയോ സെഷേ ബൊബാബെയുടെ 'മേ മു ഭൂമി ഭൂമി'

Kochi / December 22, 2025

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ 2025-ൽ മണ്ണും സംഗീതവും സ്വപ്നങ്ങളും ഇഴചേരുന്ന വേറിട്ടൊരു ലോകത്തേക്ക് സന്ദർശകരെ ക്ഷണിക്കുകയാണ് ദക്ഷിണാഫ്രിക്കൻ കലാകാരിയായ ഡിനെയോ സെഷേ ബൊബാബെ. 'മേ മു, ഭൂമി ഭൂമി' (Mme Mmu, Bhumi Bhumi) എന്ന് പേരിട്ടിരിക്കുന്ന കലാപ്രതിഷ്ഠ, ഭൂമിയും മനുഷ്യനും തമ്മിലുള്ള അറ്റുപോകാത്ത ബന്ധത്തെ ഓർമ്മിപ്പിക്കുന്നു. വെല്ലിംഗ്ടണ്‍ ഐലന്റിലെ ഐലന്‍ഡ് വെയര്‍ഹൗസിലാണ് ഈ കലാപ്രതിഷ്ഠ.

ഈ കലാസൃഷ്ടിയുടെ പേര് തന്നെ രണ്ട് സംസ്കാരങ്ങളുടെ മനോഹരമായ സംഗമമാണ്. കലാകാരിയുടെ മാതൃഭാഷയായ 'സെപെഡി'യിൽ നിന്നുള്ള 'മ്‌മേ മ്‌മു' എന്ന വാക്കും, സംസ്കൃതത്തിലെ 'ഭൂമി' എന്ന വാക്കും ചേർത്താണ് ഈ പേര് നൽകിയിരിക്കുന്നത്. രണ്ടിന്റെയും അർത്ഥം 'ഭൂമിദേവി' അഥവാ 'അമ്മയായ ഭൂമി' എന്ന് തന്നെയാണ്.

ക്ഷേത്രങ്ങളെയും ചിതൽപ്പുറ്റുകളെയും ഓർമ്മിപ്പിക്കുന്ന മൺകൂനകളാണ് ഈ കലാപ്രതിഷ്ഠയുടെ പ്രധാന ആകർഷണം. മണ്ണ് കുഴച്ചുണ്ടാക്കിയിരിക്കുന്ന ഉരുണ്ട പ്രതലമുള്ള ഒമ്പത് കൂനകളാണ് ഇവിടെയുള്ളത്. ഇതിനുള്ളില്‍ പായ് വിരിച്ച് അല്‍പ സമയം ഇരിക്കാം. പൂര്‍വികരെ ഓര്‍ക്കാനും സ്വപ്നം കാണാനുമുള്ള ചിന്തകളില്‍ മുഴുകാനുമാണ് ഇത് നമ്മെ പ്രേരിപ്പിക്കുന്നത്.

ആഫ്രിക്കൻ പാരമ്പര്യത്തിൽ 'സിയോലോ' (Seolo) എന്നറിയപ്പെടുന്ന ചിതൽപ്പുറ്റുകൾ പൂർവ്വികരുമായും ഫലഭൂയിഷ്ഠതയുമായും ബന്ധപ്പെട്ട പുണ്യ ഇടങ്ങളായാണ് കരുതപ്പെടുന്നത്. പണ്ടുകാലങ്ങളിൽ മനുഷ്യർ മന:സൗഖ്യത്തിനായി സ്വപ്നം കാണാന്‍ തേടിയെത്തിയിരുന്ന 'സ്വപ്ന ക്ഷേത്രങ്ങളിൽ' (Dream Temples) നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ നിർമ്മാണം. സന്ദർശകർക്ക് ഇവിടെ വിശ്രമിക്കാനും മനസ് ശാന്തമാക്കാനും സാധിക്കും.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പൂർണ്ണമായും മണ്ണിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കളിമണ്ണ്, മണ്ണ്, ചാണകം, ഉണക്കപ്പുല്ല് എന്നിവ കുഴച്ച് പ്രത്യേക ചട്ടക്കൂടുകളിൽ പതിപ്പിച്ചാണ് ഈ രൂപങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. പ്രകൃതിദത്തമായ ഈ നിർമ്മാണ രീതി സന്ദർശകർക്ക് ഭൂമിയുമായുള്ള ജൈവബന്ധം അനുഭവിക്കാൻ സഹായിക്കുന്നു. മാത്രമല്ല, മണ്ണ് കുഴച്ചതിനു മുകളില്‍ ഉയര്‍ന്നു വരുന്ന പുല്‍നാമ്പുകള്‍ പ്രതീക്ഷയെയും പച്ച മനസിന്റെ ശാന്തതയെയും കാണിക്കുന്നു.

അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകക്രമം, വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളാല്‍ രൂപപ്പെട്ട പ്രദേശങ്ങള്‍ എന്നിവയെ ഈ കലാപ്രതിഷ്ഠ പ്രതിനിധീകരിക്കുന്നുണ്ട്. അടിമത്തം, കുടിയിറക്കങ്ങള്‍ തുടങ്ങിയവയും പ്രതിപാദ്യമാണ്.

കാഴ്ചയ്ക്കൊപ്പം തന്നെ ശബ്ദത്തിനും ഇവിടെ പ്രാധാന്യമുണ്ട്. തറ അടിച്ചുവാരുന്ന ശബ്ദം, പക്ഷികളുടെ കലപില, പ്രണയഗാനങ്ങൾ, പ്രതിഷേധ ഗാനങ്ങൾ തുടങ്ങി ദൈനംദിന ജീവിതത്തിലെ ശബ്ദങ്ങൾ ഇവിടെ മുഴങ്ങിക്കേൾക്കാം. തിരക്കുപിടിച്ച ലോകത്ത്, നമ്മുടെ വേരുകളെക്കുറിച്ചും ഭൂമി നൽകുന്ന സമാശ്വാസത്തെക്കുറിച്ചുമുള്ള വലിയൊരു ഓർമ്മപ്പെടുത്തലാണ് ബൊബാബെയുടെ ഈ സൃഷ്ടി.

 

Photo Gallery

+
Content