കൊച്ചി ബിനാലെയിലെ അബുള്‍ ഹിഷാമിന്റെ ഹീലിംഗ് റൂം: കലാസൃഷ്ടി പകരുന്ന ശാന്തത പ‍ഞ്ചേന്ദ്രിയങ്ങളാല്‍ അനുഭവിക്കാം

Kochi / December 20, 2025

 

കൊച്ചി: കൽക്കണ്ടം നിറച്ച ഒരു മൺപാത്രമാണ് കൊച്ചി-മുസിരിസ് ബിനാലെ 2025 ലെ ആസ്പിന്‍വാള്‍ ഹൗസിലെ ഡയറക്ടേഴ്സ് ബംഗ്ലാവിലെ അബുള്‍ ഹിഷാമിന്റെ കലാസൃഷ്ടിയിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. എന്നാൽ 'ഹീലിംഗ് റൂമി'ൻറെ അനുഭവം നുകരണമെങ്കിൽ സന്ദർശകർ ആദ്യം തലയൊന്നു കുനിക്കണം. കാരണം, അര്‍ദ്ധവൃത്താകൃതിയിലുള്ള ഇതിൻറെ പ്രവേശന കവാടം അല്പം താഴ്ന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഈ സൃഷ്ടിയുടെ ഇടത്തിനുള്ളിലേക്ക് കടന്നാൽ, ഉയർന്ന മേൽക്കൂരയുള്ള ചതുരാകൃതിയിലുള്ള മുറിയും, പെട്ടെന്ന് ശാന്തത പകരുന്ന രീതിയിൽ വിവിധ രൂപങ്ങളിൽ കൊത്തിയെടുത്ത് ക്രമീകരിച്ചിരിക്കുന്ന ഇരുണ്ട തവിട്ടുനിറമുള്ള തൂണുകളും കാണാം.

ചിത്രകലയും ശില്പകലയും സമന്വയിപ്പിക്കുന്ന ഹീലിംഗ് റൂം, കാഴ്ച, രുചി, ഗന്ധം, സ്പർശം, കേൾവി എന്നീ പഞ്ചേന്ദ്രിയങ്ങളെ അനുഭവവേദ്യമാക്കുന്നു. പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന മുറികളിൽ രണ്ടാമത്തേതിൽ ചിത്രങ്ങളും മൂന്നാമത്തേതിൽ നിരത്തിവെച്ചിരിക്കുന്ന ടെറാക്കോട്ട കുഴലുകളുമാണുള്ളത്. ജലധാര പോലെ പ്രവർത്തിക്കുന്ന ഇവയിൽ നിന്നുള്ള വെള്ളത്തിൻറെ ഒഴുക്ക് സന്ദർശകർക്ക് നേരിയ തണുപ്പ് പകരുന്നു. ഒപ്പം കാശ്മീരി ഔദിന്റെ സുഗന്ധവും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നുണ്ട്. വിവിധ തരം അത്തറുകളെക്കുറിച്ചുള്ള നീണ്ട ഗവേഷണത്തിന് ശേഷമാണ് ഈ സൃഷ്ടിയിലേക്കെത്തിയതെന്ന് ആംസ്റ്റർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന, തൃശൂര്‍ സ്വദേശിയായ ഈ 38-കാരന്‍ പറഞ്ഞു.

അബുളിന്റെ സൃഷ്ടിയിലെ ഉയരമുള്ള കൊത്തുപണികൾ ശില്പകലയുടെയും ചിത്രരചനയുടെയും മിശ്രണമാണ്. വെള്ള മേൽക്കൂരയിൽനിന്ന് തൂങ്ങിനിൽക്കുന്ന ചില തൂണുകൾ ഇളം ബീജ് നിറമുള്ള തറയിൽ സ്പർശിക്കാതെ നിൽക്കുന്നു. ജീവിതത്തിൽ ആഗ്രഹിക്കുന്നതെല്ലാം പൂർണ്ണതയിലെത്തില്ല എന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിനാലെ പ്രതിഷ്ഠാപനങ്ങള്‍ ഒരുക്കാന്‍ കൊച്ചിയിലെത്തിയ ശേഷം വാങ്ങിയ പൈൻ തടിയാണ് സൃഷ്ടിക്കായി ഉപയോഗിച്ചിരിക്കുന്നത്. കൊത്തുപണികൾക്ക് അനുയോജ്യമായ മൃദുവായ പ്രതലമാണ് പൈൻ തെരഞ്ഞെടുക്കാന്‍ കാരണം.

തൃശൂർ ഫൈൻ ആർട്‌സ് കോളേജിലും ഹൈദരാബാദ് എസ്എൻ സ്കൂൾ ഓഫ് ആർട്ടിലും പഠനം പൂർത്തിയാക്കിയ അബുള്‍, 2021-ൽ രണ്ടുവർഷത്തെ റെസിഡൻസി പ്രോഗ്രാമിനായി നെതർലൻഡ്‌സിലെത്തുകയും ശേഷം റെംബ്രാൻഡ് മ്യൂസിയം പ്രൊജക്റ്റുമായി അവിടെത്തന്നെ തുടരുകയും ചെയ്യുന്നു.

പ്രധാന മുറിയിൽ തിരക്ക് ഒഴിവാക്കാനാണ് ജലധാര മൂന്നാമത്തെ മുറിയിലേക്ക് മാറ്റിയത്. 'ദ ക്രാക്ക്സ് വിത്തിൻ' (ഉള്ളിലെ വിള്ളലുകള്‍) എന്ന് പേരിട്ടിരിക്കുന്ന ഈ ജലധാരയുടെ കോൺക്രീറ്റ് അടിത്തറക്ക് ഇടയിൽ പ്ലാസ്റ്റർ ചെയ്യാത്ത ഭാഗങ്ങളുമുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ വിള്ളലുകൾ ബോധപൂർവം നിലനിർത്തിയിരിക്കുകയാണ്.

ആത്മീയതയുടെ അംശം സൃഷ്ടിയുടെ ഓരോ ഭാഗത്തുമുണ്ട്. പ്രവേശന കവാടത്തിലെ കൽക്കണ്ടം ആചാരങ്ങളുടെ ഭാഗമായുള്ള മധുരവിതരണത്തെ സൂചിപ്പിക്കുന്നു. *തടിയിലും ചണത്തുണിയിലുമായി* തീർത്ത ചിത്രങ്ങളിൽ ഫലവൃക്ഷങ്ങളും വലിയ പക്ഷികളുമുണ്ട്. ഇതിലെ തിരശ്ചീനമായ വരകൾ ജനൽ അഴികളെ ഓർമ്മിപ്പിക്കുന്നു. ഇത് പുറംലോകത്തേക്ക് നോക്കുമ്പോൾ താൽക്കാലികമായെങ്കിലും തടവിലാക്കപ്പെട്ട പ്രതീതി ഉണ്ടാക്കുന്നുവെന്ന് അബുൽ പറയുന്നു.

കൊച്ചി ബിനാലെ ആറാം ലക്കത്തിന്റെ ക്യൂറേറ്റമാരായ നിഖിൽ ചോപ്രയും ഗോവയിലെ എച്ച്എച്ച് സ്പേസസും നൽകിയ 'ഫോർ ദ ടൈം ബീയിംഗ്' എന്ന ബിനാലെ പ്രമേയത്തോടു ചേർന്നുനിൽക്കുന്നതാണ് ഇത്. ശ്വാസം മുട്ടിക്കുന്ന അധികാരത്തെ സൂചിപ്പിക്കുന്ന കുന്തങ്ങളും, സ്വതന്ത്രമായ സഞ്ചാരത്തെ സൂചിപ്പിക്കുന്ന മരത്തിൽ കൊത്തിയ മീനുകളും പ്രധാന മുറിയിലുണ്ട്.

രണ്ട് മുറികൾക്കിടയിലായി, പുറംതിരിഞ്ഞു നിൽക്കുന്ന യുവാവിന്റെ അഞ്ച് കളിമൺ നിറമുള്ള ചിത്രങ്ങളുണ്ട്. 'ഇറാഷർ' (Erasure) എന്ന് പേരിട്ടിരിക്കുന്ന ഈ ഭാഗം ദൃശ്യങ്ങളുടെ ക്ഷണികതയെക്കുറിച്ച് സംസാരിക്കുന്നു.

ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം, വില്ലിംഗ്ടൺ ഐലൻഡ് എന്നിവിടങ്ങളില്‍ 22 വേദികളിലായി 2026 മാർച്ച് 31 വരെയാണ് ബിനാലെ പ്രദര്‍ശനങ്ങള്‍ നടക്കുന്നത്. ഇതിനു പുറമെ ഏഴ് കൊളാറ്ററല്‍ വേദികളുമുണ്ട്. 25-ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 കലാകാരന്മാരും കൂട്ടായ്മകളും ഇതിൽ പങ്കെടുക്കുന്നുണ്ട്. സ്റ്റുഡന്റ്സ് ബിനാലെ, ഇന്‍വിറ്റേഷന്‍സ്, ആര്‍ട്ട് ബൈ ചില്‍ഡ്രന്‍, റെസിഡന്‍സി പ്രോഗ്രാമുകള്‍ തുടങ്ങിയവയും ബിനാലെ ആറാം ലക്കത്തിന്റെ ഭാഗമാണ്.

Photo Gallery

+
Content
+
Content