കൊച്ചി-മുസിരിസ് ബിനാലെ 'ലെറ്റ്സ് ടോക്ക്' പ്രോഗ്രാം ടൈറ്റിൽ സ്പോൺസറായി കിർലോസ്‌കർ
Kochi / December 20, 2025
കൊച്ചി : ഇന്ത്യയിലെ പ്രമുഖ എഞ്ചിനീയറിംഗ് ഗ്രൂപ്പായ കിർലോസ്‌കർ ഗ്രൂപ്പ്, കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായ 'ലെറ്റ്സ് ടോക്ക്' (Let’s Talk) പ്രോഗ്രാമിന്‍റെ പ്രധാന സ്പോൺസറായി കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി കൈകോർക്കുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും വലുതും ശ്രദ്ധേയവുമായ സമകാലിക കലയുടെ അന്താരാഷ്ട്ര പ്രദർശനമായി അംഗീകരിക്കപ്പെട്ട കൊച്ചി ബിനാലെയിലെ സുപ്രധാനമായ വേദിയാണ് 'ലെറ്റ്സ് ടോക്ക്'. ചർച്ചകൾ, സെമിനാറുകൾ, പാനൽ ചർച്ചകൾ എന്നിവയിലൂടെ സമകാലിക കല, സാമൂഹിക വിഷയങ്ങൾ, സാംസ്കാരിക രാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള സംവാദങ്ങൾക്ക് അവസരമൊരുക്കുന്ന വേദിയാണ് 'ലെറ്റ്സ് ടോക്ക്'.
സർഗ്ഗാത്മകത, സാംസ്കാരിക കൈമാറ്റം, കലാപരമായ ആവാസവ്യവസ്ഥ എന്നിവ വളർത്തിയെടുക്കുന്നതിനുള്ള കിർലോസ്‌കർ ഗ്രൂപ്പിന്‍റെ ദീർഘകാല പ്രതിബദ്ധതയുടെ ഭാഗമായി കൊച്ചി-മുസിരിസ് ബിനാലെയുമായി ആറ് വർഷത്തെ പങ്കാളിത്തവും ഗ്രൂപ്പ് പ്രഖ്യാപിച്ചു.
സമൂഹത്തിന്‍റെ ഭാവനയ്ക്കും ചോദ്യങ്ങള്‍ക്കും നവീകരണത്തിനും സർഗ്ഗാത്മകത അത്യാവശ്യമാണെന്ന് കിർലോസ്‌കർ വിശ്വസിക്കുന്നുവെന്ന് കിർലോസ്‌കർ പ്രൊപ്രൈറ്ററി ലിമിറ്റഡ് വൈസ് പ്രസിഡന്‍റ് ആനന്ദ് ചിറ്റ്‌ലെ പറഞ്ഞു. കൊച്ചി ബിനാലെയുമായും 'ലെറ്റ്സ് ടോക്ക്' പരമ്പരയുമായുള്ള ഞങ്ങളുടെ ദീർഘകാല സഹകരണം, കലാപരമായ ആവിഷ്‌കാരങ്ങളെ പരിപോഷിപ്പിക്കുന്നതിനും സാംസ്‌കാരിക സംവാദങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനുമുള്ള ഞങ്ങളുടെ താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നു. വൈവിധ്യമാർന്ന ശബ്ദങ്ങളെ ഒന്നിപ്പിക്കുന്നതും പുതിയ ആശയങ്ങൾക്ക് തിരികൊളുത്തുന്നതും ഇന്ത്യയുടെ സർഗാത്മകമായ ഭാവി വളർച്ചയ്ക്ക് സംഭാവന നൽകുന്നതുമായ ഈ പ്ലാറ്റ്‌ഫോമിനെ പിന്തുണയ്ക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ബിനാലെ ഫൗണ്ടേഷൻ കിർലോസ്‌കർ ഗ്രൂപ്പുമായുള്ള ഈ സഹകരണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തോമസ് വർഗീസ് പറഞ്ഞു. മുമ്പും ഞങ്ങൾ കിർലോസ്‌കർ ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. ഈ പിന്തുണ കൂടുതൽ ആളുകളെ പങ്കാളികളാക്കാനും രാജ്യത്തിന്‍റെ സാംസ്‌കാരിക ചർച്ചകളെ സമ്പന്നമാക്കുന്ന ആശയങ്ങള്‍ രൂപപ്പെടുത്തുവാനും ഞങ്ങളെ സഹായിക്കും. ഇതുപോലുള്ള പങ്കാളിത്തങ്ങൾ, സുസ്ഥിരമായ ഇടപെടലിലൂടെയും അർത്ഥവത്തായ സംഭാഷണത്തിലൂടെയും കലാകാരന്മാർക്കും പ്രേക്ഷകർക്കും പൊതുജനങ്ങൾക്കും സേവനം നൽകാനുള്ള ഞങ്ങളുടെ കഴിവിനെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
2012 ൽ ആരംഭിച്ച കൊച്ചി-മുസിരിസ് ബിനാലെ, ദക്ഷിണേഷ്യയിലെ ഏറ്റവും വലുതും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതുമായ സമകാലിക കല പ്രദർശനമായി വളർന്നു. ബിനാലെയിൽ ആഗോളതലത്തിലുള്ള കലാ പരീക്ഷണങ്ങൾ, ബൗദ്ധിക അന്വേഷണം, വിശാലമായ പൊതുജന പങ്കാളിത്തം എന്നിവ ഒരുമിച്ച് കൊണ്ടുവരുന്നു, അതേസമയം കൊച്ചിയുടെ സമ്പന്നമായ ബഹുസ്വര പൈതൃകത്തെ ആഘോഷിക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള കലാകാരന്മാർക്ക് ആശയവിനിമയങ്ങളിൽ ഏർപ്പെടാനും പെയിന്‍റിംഗ്, ശിൽപം, ഇൻസ്റ്റളേഷൻ, നവമാധ്യമങ്ങൾ, ഫോട്ടോഗ്രാഫി, പ്രിന്‍റ് മേക്കിംഗ്, വീഡിയോ, ശബ്‌ദം, ഓഗ്‌മെന്‍റഡ്, വെർച്വൽ റിയാലിറ്റി എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന കലാരൂപങ്ങളിലൂടെ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യാനും ഇത് അവസരമൊരുക്കുന്നു.
ബിനാലെയുടെ ആറാം പതിപ്പ് 2025 ഡിസംബർ 12-ന് ആരംഭിച്ചു. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലെ പൈതൃക കെട്ടിടങ്ങൾ, വെയർഹൗസുകൾ, ഗാലറികൾ തുടങ്ങി 29 വേദികളിലായാണ് പ്രദർശനങ്ങൾ നടക്കുന്നത്. 'ലെറ്റ്സ് ടോക്ക്' ചർച്ചാ പരമ്പരകൾ 2026 മാർച്ച് 31 വരെ തുടരും.