കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കത്തിന് തുടക്കമായി

പൊതുജനങ്ങള്‍ക്ക് ഇന്നു മുതല്‍ ബിനാലെ കാണാം
Kochi / December 12, 2025

കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാമേളയായ കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കത്തിന് തുടക്കമായി. പൊതുജനങ്ങള്‍ക്ക് 13-ാം തിയതി ശനിയാഴ്ച മുതല്‍ പ്രദര്‍ശനം കാണാവുന്നതാണ്.

ബിനാലെ കാണുന്നതിനുള്ള നിരക്കുകള്‍ പ്രഖ്യാപിച്ചു. 18 മുതല്‍ 60 വയസ്സുവരെയുള്ളവര്‍ക്ക് 200 രൂപയാണ് ഒരു ദിവസത്തെ ടിക്കറ്റ് നിരക്ക്. തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കുന്ന വിദ്യാര്‍ഥികള്‍ക്കും 60 വയസ്സില്‍ മേല്‍ പ്രായമുള്ള മുതിര്‍ന്നവര്‍ക്കും 100 രൂപയാണ് നിരക്ക്. പത്തു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.

ഇതിനു പുറമെ ഒരാഴ്ചത്തേക്കുള്ള ടിക്കറ്റും ലഭ്യമാണ്. വ്യക്തിഗതമായോ ഗ്രൂപ്പായോ ഈ ടിക്കറ്റുകള്‍ വാങ്ങാം. വയോജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരാഴ്ചത്തേക്ക് 500 രൂപയാണ് ടിക്കറ്റ് നിരക്ക്. മറ്റുള്ളവര്‍ക്ക് 1000 രൂപയും.

ആസ്പിന്‍വാള്‍ ഹൗസ് (കയര്‍ ഗോഡൗണ്‍, ഡയറക്ടേഴ്സ് ബംഗ്ലാവ്), ആനന്ദ് വെയര്‍ഹൗസ്, എസ്എംഎസ് ഹാള്‍, 111 മര്‍ക്കസ് ആന്‍ഡ് കഫെ, ദര്‍ബാര്‍ ഹാള്‍(നിലവില്‍ സൗജന്യം), പെപ്പര്‍ ഹൗസ്, സ്പേസ് (ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്) ഐലന്റ് വെയര്‍ഹൗസ് എന്നിവിടങ്ങളിലെ പ്രദര്‍ശനങ്ങള്‍ക്ക് ടിക്കറ്റ് നിര്‍ബന്ധമാണ്. ആകെയുള്ള 22 വേദികളില്‍ ബാക്കിയുള്ളവയിലെ പ്രദര്‍ശനങ്ങള്‍ സൗജന്യമാണ്. ബിനാലെ പ്രദര്‍ശനങ്ങള്‍ക്ക് പുറമെ ഇന്‍വിറ്റേഷന്‍സ് കലാപ്രദര്‍ശനങ്ങള്‍, സ്റ്റുഡന്റ്സ് ബിനാലെ, കൊളാറ്ററല്‍ പ്രദര്‍ശനങ്ങള്‍ എന്നിവയുമുണ്ട്.


കൊച്ചി മുസിരിസ് ബിനാലെ ആറാം ലക്കത്തില്‍ 25-ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 ആർട്ടിസ്റ്റ് പ്രോജക്റ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൻവിറ്റേഷൻസ്, സ്റ്റുഡന്റ്സ് ബിനാലെ, ആർട്ട് ബൈ ചിൽഡ്രൻ, ഇടം തുടങ്ങിയ വിഭാഗങ്ങൾ ഡിസംബർ 13-ന് ആരംഭിച്ച് 2026 മാർച്ച് 31 വരെ നീണ്ടുനിൽക്കും. ഇത്തവണ വില്ലിംഗ്ടൺ ഐലൻഡിലെ ഐലൻഡ് വെയർഹൗസിലേക്കും ബിനാലെ വേദികൾ വ്യാപിപ്പിച്ചിട്ടുണ്ട്. വാട്ടർ മെട്രോ, ഫെറി, റോഡ് മാർഗങ്ങളിൽ ഇവിടെ എത്തിച്ചേരാം.

ഗ്ലോബൽ സൗത്തിൽ നിന്നുള്ള സാംസ്കാരിക ആവാസവ്യവസ്ഥയെ നിലനിർത്തുന്ന കലാകാരന്മാര്‍ കൂട്ടായ്മകള്‍ എന്നിവയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന് ആരംഭിച്ച 'ഇൻവിറ്റേഷൻസ് പ്രോഗ്രാം' ഇത്തവണ ഏഴ് വേദികളിലായി വിപുലമായി നടക്കുന്നുണ്ട്. ആലീസ് യാർഡ് (ട്രിനിഡാഡ് ആൻഡ് ടുബാഗോ), അൽകാസി കളക്ഷൻ ഓഫ് ഫോട്ടോഗ്രഫിയുമായി സഹകരിച്ച് അൽകാസി തിയേറ്റർ ആർക്കൈവ്സ് (ഇന്ത്യ), ബിയെനാല്‍ ദാസ് ആമസോണിയാസ് (ബ്രസീൽ), കോൺഫ്ലിക്റ്റോറിയം (ഇന്ത്യ), ദാർ യൂസഫ് നസ്‌രി ജാസിർ ഫോർ ആർട്ട് ആൻഡ് റിസർച്ച് (പാലസ്തീൻ), ഗെട്ടോ ബിനാലെ (ഹെയ്തി), ഖോജ് ഇന്റർനാഷണൽ ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ (ഇന്ത്യ), മ്യൂസിയോ ഡി ആർട്ടെ കണ്ടംപറാനിയോ ഡി പനാമ (പനാമ), നെയ്‌റോബി കണ്ടംപററി ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് (കെനിയ), പാക്കറ്റ് (ശ്രീലങ്ക), റുവാങ്‌റൂപ/ഓകെ.വീഡിയോ (ജക്കാർത്ത) തുടങ്ങിയ രാജ്യാന്തര പ്രശസ്തമായ സ്ഥാപനങ്ങൾ ഇതിൽ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യയിലുടനീളമുള്ള 175-ലധികം കലാസ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി കലാകാരന്മാരുടെ പ്രോജക്റ്റുകൾ അവതരിപ്പിക്കുന്ന 'സ്റ്റുഡന്റ്സ് ബിനാലെ' മട്ടാഞ്ചേരിയിലെ വികെഎൽ വെയർഹൗസിലാണ് നടക്കുന്നത്. അങ്ക ആർട്ട് കളക്ടീവ്, അശോക് വിഷ്, ചിനാർ ഷാ, ഗാബ, ഖുർഷിദ് അഹമ്മദ്, സൽമാൻ ബഷീർ ബാബ, സവ്യസാചി അഞ്ജു പ്രബീർ, സെക്യുലർ ആർട്ട് കളക്ടീവ്, ശീതൾ സി.പി, സുധീഷ് കോട്ടമ്പ്രം, സുകന്യ ദേബ് എന്നിവരടങ്ങുന്ന ഏഴ് ക്യുറേറ്റർമാരും കൂട്ടായ്മകളുമാണ് ഇതിന് നേതൃത്വം നൽകുന്നത്.

ഐശ്വര്യ സുരേഷ്, കെ.എം. മധുസൂദനൻ എന്നിവർ ക്യുറേറ്റ് ചെയ്യുന്ന 'ഇടം' പ്രദർശനം മട്ടാഞ്ചേരി ബസാർ റോഡിലെ മൂന്ന് വേദികളിലായി നടക്കും. കേരളത്തിൽ നിന്നും വിദേശത്ത് നിന്നുമുള്ള 36 കലാകാരന്മാരും കൂട്ടായ്മകളുമാണ് ഇതിൽ പങ്കെടുക്കുന്നത്. അന്തരിച്ച വിവാൻ സുന്ദരത്തിന്റെ 'സിക്സ് സ്റ്റേഷൻസ് ഓഫ് എ ലൈഫ് പർസ്യൂഡ്' എന്ന ഫോട്ടോഗ്രാഫി അധിഷ്ഠിത ഇൻസ്റ്റലേഷൻ മട്ടാഞ്ചേരിയിലെ ക്യൂബ് ആർട്ട് സ്‌പേസിൽ പ്രദർശിപ്പിക്കും. നിരവധി പ്രകടനകലകള്‍, സംവാദം, പ്രഭാഷണങ്ങള്‍, സംഗീത നിശകള്‍ തുടങ്ങിയ പ്രധാന വേദികളിലും ബിനാലെ അനുബന്ധ വേദികളും നടക്കും.

Photo Gallery

+
Content