ബിനാലെ ആറാം പതിപ്പ്- പ്രകടനകലയുടെ ദൃശ്യവിരുന്നായി ഉദ്ഘാടനദിനം

Kochi / December 13, 2025

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ ആറാം പതിപ്പിൽ പ്രകടനകലാവതരണത്തിനുള്ള പ്രാധാന്യം ഉദ്ഘാടന ദിനത്തില്‍ ദൃശ്യമായി. മാര്‍ഗി രഹിത കൃഷ്ണദാസിന്റെ തായമ്പക മുതല്‍ പ്രശസ്ത കലാകാരന്മാരുടെ കലാപ്രകടനങ്ങള്‍ വരെയുള്ളവ നിറഞ്ഞ കയ്യടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്.

 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ക്യൂറേറ്റര്‍ നിഖില്‍ ചോപ്ര എന്നിവര്‍ ചേര്‍ന്ന് ബിനാലെ പതാക ഉയര്‍ത്തി. കൊച്ചി മുസിരിസ് ബിനാലെയുടെ തുടക്കം മുതലുള്ള അഭ്യുദയകാംക്ഷി മുന്‍ മന്ത്രിയും സിപിഐ(എം)  ജനറല്‍ സെക്രട്ടറിയുമായ എം എ ബേബി, മുന്‍ കേന്ദ്രമന്ത്രി കെ വി തോമസ്, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. വേണു വി, സിഇഒ തോമസ് വര്‍ഗീസ്, ട്രസ്റ്റ് ബോര്‍ഡംഗങ്ങളായ ബോണി തോമസ്, എൻ എസ് മാധവൻ ഷബാന ഫൈസല്‍, ടോണി ജോസഫ്, മറിയം റാം, ബിനാലെ ഫൗണ്ടേഷൻ രക്ഷാധികാരികളായ കിരൺ നാടാർ, ഷഫാലി വർമ്മ, സംഗീത ജിൻഡാൽ , അനു മെൻഡ, മുന്‍ ക്യൂറേറ്റര്‍ ജിതേഷ് കല്ലാട്ട്, കൊച്ചി മുൻ മേയറും കൊച്ചി ബിനാലെ ഫൗണ്ടേഷൻ ഉപദേശക സമിതി അംഗവുമായ കെ ജെ സോഹൻ തുടങ്ങിയവര്‍ സംബന്ധിച്ചു.

പതാകയുയര്‍ത്തലിന് തൊട്ട് മുമ്പ് മാര്‍ഗി രഹിത കൃഷ്ണദാസ് അവതരിപ്പിച്ച തായമ്പക അരങ്ങ് തകര്‍ത്തു. ബിനാലെ ആറാം ലക്കത്തിന്റെ ക്യൂറേറ്റര്‍മാരായ എച് എച് ആര്‍ട്ട് സ്പേസും നിഖില്‍ ചോപ്രയും ചേര്‍ന്ന് ബിനാലെ വേദികള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തി.

കലാകാരി മോണിക്കാ ഡി മിറാന്‍ഡയുടെ എ ന്യൂ ആല്‍ഫബെറ്റ് എന്ന പ്രകടനകല കാണികള്‍ക്ക് പുത്തന്‍ അനുഭവമായി. വര, പ്രതിമാനിര്‍മ്മാണം, പ്രതിഷ്ഠാപനം, ഫോട്ടോഗ്രഫി, ഫിലിം എന്നിവയിലൂടെ പ്രകൃതിസംരംക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം അവര്‍ നല്‍കി. ഭാവന, ശബ്ദം, ശരീരം എന്നിവ കൊണ്ട് അക്ഷരങ്ങള്‍ക്കപ്പുറത്തേക്കുള്ള ഭാഷ നെയ്തെടുക്കുകയായിരുന്നു.
മൃഗങ്ങളുടെ മുഖംമൂടിയാണ് സറീന മുഹമ്മദിന്റെ പ്രൊസഷന്‍ ഫോര്‍ എ ഷിഫ്റ്റിംഗ് സ്റ്റോം എന്ന പ്രകടനാവതരണത്തില്‍ ശ്രദ്ധേയമായത്. തുറമുഖ നഗരത്തിന്റെ നശ്വരയും പൈതൃകമായ ദിശാ വിജ്ഞാനവുമെല്ലാം ഇതില്‍ അവതരിപ്പിച്ചു. എസ്എംഎസ് ഹാളില്‍ മന്‍ദീപ് റൈഖിയുടെ ഹാലൂസിനേഷന്‍സ് ഓഫ് ആന്‍ ആര്‍ട്ടിഫാക്ട് എന്ന പ്രകടനാവതരണവും അരങ്ങേറി. ലിംഗപരമായ വേര്‍തിരിവ്, ദേശീയത, ലൈംഗികത എന്നിവയ്ക്കെതിരായ നിലപാടുകളെ എതിര്‍ക്കുന്നതിനുള്ള രാഷ്ട്രീയമായ പ്രതിരോധമാണ് തന്റെ പ്രകടനകലാരൂപത്തിലൂടെ മന്‍ദീപ് മുന്നോട്ടു വയ്ച്ചത്.

Photo Gallery

+
Content
+
Content