സമൂഹത്തിന്‍റെ ഉന്നമനത്തിനായി നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ അധികൃതര്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ പ്രേരകമാകണം: സയീദ് അല്‍ ഫലാസി
Trivandrum / December 14, 2025
തിരുവനന്തപുരം: സമൂഹത്തിന്‍റെ ഉന്നമനത്തിനായി നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ അധികൃതര്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ പ്രേരകമാകണമെന്ന് ദുബായ് സെന്‍റര്‍ ഓഫ് എഐ ആന്‍ഡ് ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് അല്‍ ഫലാസി പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബല്‍ 2025 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും അത് സമൂഹത്തിന്‍റെ പ്രയോജനത്തിനായി ഉപയോഗിക്കാനും സര്‍ക്കാരുകളെ പ്രേരിപ്പിക്കുന്നില്ലെങ്കില്‍ സ്വകാര്യ മേഖലയില്‍ ബിസിനസ്സ് സൃഷ്ടിക്കാനാവില്ലെന്നും സയീദ് അല്‍ ഫലാസി പറഞ്ഞു. പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള വിടവ് നികത്തുന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ദുബായിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഗതാഗതപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വെല്ലുവിളി നേരിട്ടപ്പോള്‍ സ്വകാര്യ മൊബിലിറ്റി ടെക്‌നോളജി സ്ഥാപനമായ ഊബറിന്‍റെ മാതൃകയില്‍ ബസ് സര്‍വീസ് ആരംഭിച്ചു. സ്വകാര്യ കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് അത് സാധ്യമായത്. മൂന്നു മാസംകൊണ്ടു നിരവധി സ്ഥാപനങ്ങള്‍ രംഗത്തെത്തി. നഗരത്തിലെവിടെയും യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്കു യാത്ര സാധ്യമാക്കി. ആവശ്യാനുസരണം സാങ്കേതികവിദ്യയുടെ സഹായത്തോടെ റൂട്ടുകളും തീരുമാനിക്കാന്‍ കഴിഞ്ഞു. ഇതോടെ വലിയ പ്രശ്നത്തിനാണ് പരിഹാരമായത്.
കഴിഞ്ഞ വര്‍ഷം ഏകദേശം ഒമ്പത് ദശലക്ഷത്തിലധികം യാത്രക്കാര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തി. സര്‍ക്കാരുമായി സഹകരിച്ചു കൊണ്ടുള്ള 780 ദശലക്ഷം ദിര്‍ഹത്തിന്‍റെ കരാറുകളിലൂടെ സ്വകാര്യ കമ്പനികള്‍ക്ക് വരുമാനം നേടാനായി. നൂതനാശയങ്ങളും മികച്ച സാങ്കേതികവിദ്യയുമുള്ള കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കെഎസ്‌യുഎം സിഇഒ അനൂപ് അംബികയും സയീദ് അല്‍ ഫലാസിയ്‌ക്കൊപ്പം സെഷനില്‍ പങ്കെടുത്തു. ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷനുമായി സഹകരിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരമൊരുക്കുമെന്ന് അനൂപ് അംബിക പറഞ്ഞു.
Photo Gallery