കൊച്ചി-മുസിരിസ് ബിനാലെ: ഐലൻഡ് വെയർഹൗസ് പവലിയൻ പൊതുജനങ്ങൾക്കായി തുറന്നു
Kochi / December 14, 2025
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തിൻ്റെ ഏറ്റവും വലിയ പ്രദർശന ഇടമായ വെല്ലിംഗ്ടൺ ഐലൻഡ് വെയർഹൗസ് പവലിയൻ ഔദ്യോഗികമായി തുറന്നു നൽകി.
ക്യൂറേറ്റർ നിഖിൽ ചോപ്ര, കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, കെ ബി എഫ് ചെയർപേഴ്സൺ ഡോ. വേണു വി, എച്ച്എച്ച് ആർട്ട് സ്പേസസ് എന്നിവരുടെ സാന്നിധ്യത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് പവലിയൻ ഔദ്യോഗികമായി തുറന്നത്. 20,000 ചതുരശ്ര അടിയാണ് പവലിയന്റെ വിസ്തീർണ്ണം.
കൊച്ചി നഗരത്തിലെ വേദികളും മട്ടാഞ്ചേരി-ഫോർട്ട് കൊച്ചിയിലെ വേദികളും നേരത്തെ തന്നെ പ്രദർശനം തുടങ്ങിയിരുന്നു. ഐലൻഡ് വെയർഹൗസിന്റെ ഉദ്ഘാടനത്തോടെ ബിനാലെയുടെ പ്രധാന വേദികളെല്ലാം തുറന്നു.
കൊച്ചിയിലെ സുപ്രധാന വ്യാവസായിക പൈതൃക കേന്ദ്രത്തിൽ വ്യാപിച്ചുകിടക്കുന്ന ഐലൻഡ് വെയർഹൗസ് പവലിയൻ, ഈ പതിപ്പിന്റെ ക്യൂറേറ്റോറിയൽ കാഴ്ചപ്പാടിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ലടോയ റൂബി ഫ്രേസിയർ, ഡിനിയോ, സേഷീ, ബോപാപെ, ആരതി കദം, മീനു ജെയിംസ്, ഖഗേശ്വർ റൗട്ട്, സബിത കടന്നപ്പള്ളി, രാജ ബോറോ, ലക്ഷ്മി നിവാസ് കളക്റ്റീവ്, സായൻ ചന്ദ, വിനോജ ധർമ്മലിംഗം, മറീന അബ്രമോവിച്ച് തുടങ്ങിയവരുടെ പ്രദർശനങ്ങളാണ് ഇവിടെയുള്ളത്.
തിങ്കളാഴ്ച മുതൽ പവലിയൻ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. കൊച്ചി-മുസിരിസ് ബിനാലെയുടെ യാത്രയിലെ പ്രധാന പ്രദർശനത്തിൽ പങ്കുചേരാൻ കലാകാരന്മാരെയും, സഹകാരികളെയും, രക്ഷാധികാരികളെയും, പൊതുജനങ്ങളെയും കൊച്ചി ബിനാലെ ഫൗണ്ടേഷൻ ക്ഷണിച്ചു.