കൊച്ചി-മുസിരിസ് ബിനാലെ- നാല് റെസിഡൻസി പ്രോഗ്രാമുകള്‍ക്ക് തുടക്കമായി
Kochi / December 18, 2025
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് സമാന്തരമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന നാല് റെസിഡന്‍സി പരിപാടികള്‍ക്ക് തുടക്കമായി. മട്ടാഞ്ചേരിയിലെ ദേവസ്സി ജോസ് ആൻഡ് സൺസില്‍ നടക്കുന്ന പ്രോഗ്രാമില്‍ നാല് കലാസൃഷ്ടികളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ജര്‍മ്മന്‍ ആര്‍ട്ടിസ്റ്റുകളായ ഫ്ളോ മാക്ക്, ജൂലിയാനെ 9യു ടുബ്കെ എന്നിവരുടെ കലാസൃഷ്ടി പ്രകൃതിയും മനുഷ്യനുമായുള്ള ഇടതൂര്‍ന്ന ബന്ധമാണ് പ്രതിപാദിക്കുന്നത്. അന്തകവിളകളും ഭക്ഷ്യവിളകളും തമ്മിലുള്ള സഹവര്‍ത്തിത്വമാണ് ഫ്ളോമാക്കിന്റെ പ്രമേയം. പ്രകൃതിയും മനുഷ്യനും പരസ്പരസഹായം ചെയ്തുകൊണ്ടുള്ള നിലനില്‍പ്പിനെ ജൂലിയനെ എടുത്തു കാട്ടുന്നു. ഫ്രാങ്കഫര്‍ട്ടിലും ന്യൂയോര്‍ക്കിലും പഠനം പൂര്‍ത്തിയാക്കിയ ജൂലിയാനെ ദക്ഷിണ കൊറിയയിലെ സിയൂളിലെ ചങ്-അങ് സര്‍വകലാശാലയിലെ ഫോട്ടോഗ്രഫി അധ്യാപകനാണ്.
മെക്സിക്കോയിലെ ഒക്സാക്ക മേഖലയിലെ ആദിവാസി ജനവിഭാഗത്തിലെ കലകളുടെ സംഗ്രഹമാണ് ഡാനിയേല്‍ ഗോഡിനെസ് നിവോണ്‍ ഒരുക്കിയിട്ടുള്ളത്. സ്വപ്നങ്ങളിലൂടെ പ്രകൃതി ക്ഷോഭങ്ങള്‍ മനസിലാക്കാനും പൊതുഭാവനയെ ഉണര്‍ത്താനും എങ്ങിനെ സാധിക്കുമെന്ന് കാണിക്കുന്നു.
സ്വപ്നങ്ങളുടെ ഭാഷയിലേക്കുള്ള ഊളിയിട്ടിറങ്ങലാണ് ശിവായ് ലെയുടെ കലാസൃഷ്ടി. വൈവിധ്യമാര്‍ന്ന മാധ്യമങ്ങളിലൂടെ അപരിചിതവും ബഹുമുഖവുമായ ലോകത്തെയും പുനരന്വേഷിക്കുന്നതാണിത്.
ഗവേഷണാധിഷ്ഠിതമായ കലാപ്രവര്‍ത്തനങ്ങളില്‍ റെസിഡന്‍സി പ്രോഗ്രാമുകള്‍ക്ക് പ്രത്യേക സ്ഥാനമുണ്ടെന്ന് കെബിഎഫ് ഡയറക്ടര്‍ ഓഫ് പ്രോഗ്രാംസ് മാരിയോ ഡിസൂസ പറഞ്ഞു. കലാപ്രവര്‍ത്തനങ്ങളിലെ അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കാന്‍ രാജ്യവ്യാപകമായി നടത്തുന്ന റെസിഡന്‍സി പ്രോഗ്രാമുകളിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.