ഹെക്സ്20 യ്ക്ക് ടെക്നോപാര്‍ക്കില്‍ പുതിയ ലാബ്

Trivandrum / December 18, 2025

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ ചെറുകിട സാറ്റലൈറ്റ് നിര്‍മ്മാണ കമ്പനിയായ ഹെക്സ്20, ടെക്നോപാര്‍ക്കിലെ നിള കെട്ടിടത്തില്‍ പുതിയ ലാബ് തുറന്നു. കമ്പനിയുടെ ഉത്പാദനക്ഷമത, നവീകരണ സാധ്യത, സംഭരണ ശേഷി എന്നിവ വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു സുപ്രധാന നാഴികക്കല്ലാണ് പുതിയ ലാബ്. അത്യാധുനിക സാങ്കേതിക ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലാബിന്‍റെ വിസ്തീര്‍ണം നിലവിലുള്ള ലാബിന്‍റെ ഇരട്ടിയാണ്.

മത്സരാധിഷ്ഠിത ചെറുകിട ഉപഗ്രഹ നിര്‍മ്മാണ മേഖലയിലെ ഗവേഷണം, പ്രോട്ടോടൈപ്പിംഗ് തുടങ്ങിയവയില്‍ ഹെക്സ്20 സജീവ സാന്നിധ്യമാണ്. പുതിയ ലാബിലൂടെ ഉപഗ്രഹ നിര്‍മ്മാണ പ്രക്രിയ വേഗത്തിലാക്കാനും ഉപഭോക്താക്കള്‍ക്ക് മികച്ച ഉത്പന്നം നല്കാനും സാധിക്കും.

പുതിയ ലാബിലൂടെ കമ്പനിയുടെ വളര്‍ച്ചയ്ക്കും വിപുലീകരണത്തിനും ആക്കം കൂട്ടാന്‍ കഴിഞ്ഞതായി ഹെക്സ്20 യുടെ സിഇഒ ഡോ. അമല്‍ ചന്ദ്രന്‍ പറഞ്ഞു. ചെറിയ ഉപഗ്രഹങ്ങളുടെ സാങ്കേതികവിദ്യയിലെ നവീകരണത്തിനും മികവിനുമുള്ള കമ്പനിയുടെ പ്രതിബദ്ധത തെളിയിക്കാന്‍ പുതിയ സംരംഭത്തിലൂടെ സാധിക്കുന്നു.

അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഉത്പാദനക്ഷമതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാനാകുന്നതിനൊപ്പം ഹെക്സ്20 ടീമിന്‍റെ കഴിവുകളെ വികസിപ്പിക്കാനുമാകും. പ്രധാനപ്പെട്ട ബഹിരാകാശ ദൗത്യങ്ങള്‍ക്ക് വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ പരിഹാരങ്ങള്‍ നല്കാന്‍ ഹെക്സ്20 യ്ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
സ്വകാര്യ മേഖലയില്‍ നിന്നുള്ള കേരളത്തിലെ ആദ്യത്തെ ഉപഗ്രഹമാണ് 'നിള'. യുഎസ് വിക്ഷേപണ ദാതാവായ സ്പേസ് എക്സ്പ്ലോറേഷന്‍ ടെക്നോളജീസ് കോര്‍പ്പറേഷനുമായി (സ്പേസ് എക്സ്) പങ്കാളിത്തം സ്ഥാപിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പാണ് ഹെക്സ് 20.

ഓസ്ട്രേലിയ, യുഎഇ, തായ് വാന്‍ എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള ഹെക്സ്20 ഐഎസ്ആര്‍ഒ ദൗത്യങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ആഭ്യന്തര നിര്‍മ്മാണ ശൃംഖലയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

കമ്പനിയുടെ പ്രധാന പങ്കാളികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Photo Gallery