നിശബ്ദ തൊഴിലാളിയുടെ അതിജീവനത്തിന്റെ അടയാളമായി ബിരേന്ദര്‍ യാദവിന്റെ ബിനാലെ പ്രതിഷ്ഠാപനം

Kochi / December 19, 2025

കൊച്ചി: രാജ്യപുരോഗതിയുടെ ഓരോ ഇഷ്ടികയും അക്ഷരാര്‍ഥത്തില്‍ പണിതുയര്‍ത്തുന്ന നിശബ്ദ തൊഴിലാളികളെ ഓര്‍ക്കാനും അവര്‍ സമൂഹത്തിന് നല്‍കുന്ന പങ്കിനെയും കുറിച്ച് ആഴത്തില്‍ ചിന്തിപ്പിക്കുകയാണ് കൊച്ചി മുസിരിസ് ബിനാലെ ആറാംലക്കത്തില്‍ ആസ്പിൻവാൾ ഹൗസില്‍ ബിരേന്ദര്‍ യാദവ് ഒരുക്കിയിട്ടുള്ള പ്രതിഷ്ഠാപനം.

"ഓൺലി ദ എർത്ത് നോസ് ദെയർ ലേബർ" (ഭൂമിക്ക് മാത്രമേ അവരുടെ അധ്വാനമറിയൂ) എന്ന പ്രതിഷ്ഠാപനത്തിലെ ഈ വരികൾ അംഗീകാരം ലഭിക്കാത്ത തൊഴിലാളികൾക്കുള്ള ഉചിതമായ സ്മാരകശിലയാണ്. ആൾക്കൂട്ടത്തിനിടയിൽ മുഖമില്ലാത്തവരായി തൊഴിലാളികൾ മാറുന്ന കയ്പ് നിറഞ്ഞ യാഥാർത്ഥ്യത്തെ വരികൾ ഓർമ്മിപ്പിക്കുന്നു. യാദവിന്റെ പ്രതിഷ്ഠാപനത്തില്‍ തൊഴിലാളികൾ ആരും തന്നെ ഇല്ലെന്നതാണ് യാഥാര്‍‌ഥ്യം. പക്ഷെ കലാരൂപത്തിന്റെ ഇഴകളില്‍ അവരുടെ സാന്നിധ്യം സര്‍വവ്യാപിയാകുന്നു.

കളിമണ്ണിന്റെ ചുവപ്പും കാണാമറയത്തുള്ള കഠിനാധ്വാനത്തിന്റെ ഭാരവും നിറഞ്ഞ അന്തരീക്ഷമാണ് ഈ കലാസൃഷ്ടി കാണുമ്പോള്‍ അനുഭവപ്പെടുന്നത്. ഉയർന്നുനിൽക്കുന്ന ഇഷ്ടിക ഭിത്തികളിലൂടെയുള്ള പടവുകൾ സാവധാനം ചുറ്റപ്പെട്ട ഭൂപ്രകൃതിയായി മാറുന്നു. മധ്യഭാഗത്ത് ഇഷ്ടിക ചൂളയുടെ പുകക്കുഴലിനെ അനുസ്മരിപ്പിക്കുന്ന കളിമണ്‍ നിർമ്മിതിയും കാണാം.

നിലനിൽക്കുന്നവയെക്കാൾ പ്രധാനം ഇവിടെ അദൃശ്യമായതാണ്. തൊഴിലാളികൾ അദൃശ്യരാണെങ്കിലും അവരുടെ അധ്വാനം മായാതെ നിൽക്കുന്നു. ഉത്തർപ്രദേശിലെ മിർസാപൂരിലെ ഇഷ്ടിക ചൂളകളിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തിലാണ് യാദവിന്റെ ഈ സൃഷ്ടി വേരൂന്നിയിരിക്കുന്നത്. ഭൂരഹിതരും കടക്കെണിയിലായവരുമായ ഇവര്‍ തലമുറകളായി ചൂഷണത്തിന് വിധേയരാകുകയാണ്. ഈ തൊഴിലാളികളുടെ ജീവിതരീതികളെയും സ്വത്വത്തെയും ചൂഷണത്തിന്റെ വ്യവസ്ഥിതികൾ എങ്ങനെ മായ്ച്ചുകളയുന്നു എന്ന് വർഷങ്ങളായി ഡല്‍ഹി സ്വദേശിയായ ബീരേന്ദര്‍ യാദവ് നിരീക്ഷിച്ചുവരികയാണ്.

ഈ പ്രതിഷ്ഠാപനത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ചൂള കാഴ്ചയ്ക്കുവേണ്ടിയോ വികാരപ്രകടനത്തിനായോ അല്ല, മറിച്ച് അതിജീവനത്തിന്റെ അടയാളമാണ്. ഓരോ ഇഷ്ടികയിലും നനഞ്ഞ മണ്ണിൽ പതിഞ്ഞ കൈപ്പത്തിയുടെ പാടുകൾ ഒരുകാലത്ത് അവ രൂപപ്പെടുത്തിയ ശരീരങ്ങളുടെ ശേഷിപ്പുകളാണ്. കരാറുകളോ സുരക്ഷയോ അംഗീകാരമോ ഇല്ലാതെ ദിവസങ്ങളോളം മണ്ണ് കുഴയ്ക്കുകയും ചുമക്കുകയും അടുക്കുകയും ചുട്ടെടുക്കുകയും ചെയ്ത കൈകളെ അവ ഓർമ്മിപ്പിക്കുന്നു.

തൊഴിലാളികൾ താൽക്കാലിക വാസസ്ഥലങ്ങളിൽ ഉപേക്ഷിച്ചുപോയ പണിയായുധങ്ങളും വസ്ത്രങ്ങളും പോലുള്ള നിത്യോപയോഗ സാധനങ്ങളുടെ കളിമണ്‍ രൂപങ്ങൾ പ്രതിഷ്ഠാപനത്തിലാകെ ചിതറിക്കിടക്കുന്നു. ഒരേ വലിപ്പത്തിലുള്ള ഇഷ്ടികകൾക്കിടയിലുള്ള ചെറിയ വ്യത്യാസങ്ങൾ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നു. പണിക്കാരന്‍ എന്ന പൊതുനാമത്തില്‍ അറിയപ്പെടുന്ന ഇവരെ വേറിട്ടു നിറുത്തികയാണ് ഈ വ്യത്യാസങ്ങള്‍. തൊഴിലാളിയുടെ ശാരീരികാധ്വാനവും മണ്ണും തമ്മിലുള്ള ബന്ധമാണ് യാദവിന്റെ പ്രവർത്തനങ്ങളുടെ കാതൽ.

ഇഷ്ടിക ചൂളകളിൽ നിന്ന് ശേഖരിച്ച മണ്ണും പൊടിയും ഉപയോഗിച്ച് വരച്ച ചിത്രങ്ങള്‍ അധ്വാനത്തെ വരച്ചുകാട്ടുകയല്ല, മറിച്ച് അതിനെ പ്രതിധ്വനിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവിടെ വിവരണങ്ങളോ വിശദീകരണങ്ങളോ ഇല്ല പകരം, ഈ സ്ഥലം നിശബ്ദമായ ശ്രദ്ധ ആവശ്യപ്പെടുന്നു. ചിതറിക്കിടക്കുന്ന വസ്തുക്കൾ വെറും കാഴ്ചവസ്തുക്കളല്ല, മറിച്ച് കളിമണ്ണിൽ ആവാഹിച്ച ജീവിതങ്ങളാണെന്ന് തിരിച്ചറിയാൻ സമയം വേണ്ടിവരും.

ബിരേന്ദര്‍ യാദവ് പ്രശ്നപരിഹാരങ്ങളോ വീരപരിവേഷങ്ങളോ ഇവിടെ നൽകുന്നില്ല. ചരിത്രം പലപ്പോഴും അവഗണിക്കുന്ന അധ്വാനത്തിന്റെ മഹത്വത്തെയും ഓർമ്മകളെയും അദ്ദേഹം കാണികളിലേക്ക് ആഴത്തില്‍ എത്തിക്കുന്നു. സാമ്പത്തിക വ്യവസ്ഥകൾ മുന്നോട്ട് പോകുമ്പോഴും, മണ്ണ് അതിൽ പണിയെടുത്തവരുടെ മുദ്രകൾ കാത്തുസൂക്ഷിക്കുന്നു എന്ന സത്യമാണ് ശീർഷകം ഓർമ്മിപ്പിക്കുന്നത്. നിശബ്ദമായ ഈ ചൂളയിൽ, അധ്വാനം സംസാരിക്കുന്നത് ശബ്ദങ്ങളിലൂടെയല്ല, കളിമണ്ണിലൂടെയാണ് എന്ന് ബീരേന്ദര്‍ യാദവ് തന്റെ സൃഷ്ടിയിലൂടെ പറയുകയാണ്.

 

Photo Gallery

+
Content