ഐസിആര്‍ടി ഇന്ത്യ സബ്കോണ്ടിനന്‍റ് പുരസ്ക്കാരം: നാല് സുവര്‍ണപുരസ്ക്കാരങ്ങളുമായി കേരളം

ഐസിആര്‍ടി ഇന്ത്യ സബ്കോണ്ടിനന്‍റ് പുരസ്ക്കാരം: നാല് സുവര്‍ണപുരസ്ക്കാരങ്ങളുമായി കേരളം
Trivandrum / September 9, 2022

തിരുവനന്തപുരം: മദ്ധ്യപ്രദേശ് സര്‍ക്കാരും ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസവും (ഐസിആര്‍ടി) ചേര്‍ന്ന് നടത്തിയ ഐസിആര്‍ടി ഇന്ത്യ സബ്കോണ്ടിനന്‍റ് അവാര്‍ഡ് 2022 ല്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ കേരളം നാല് ഗോള്‍ഡ് പുരസ്ക്കാരങ്ങള്‍ നേടി. ഇതാദ്യമായാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പുരസ്ക്കാരവേദിയില്‍ കേരളം ഹാട്രിക് നേട്ടം കരസ്ഥമാക്കുന്നത്.

പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനം, ജലസംരക്ഷണം(വാട്ടര്‍ സ്ട്രീറ്റ് പ്രോജക്ട് - സ്ട്രീറ്റ് പ്രോജക്ട്)ടൂറിസം മേഖലയിലെ വൈവിദ്ധ്യവത്കരണം,കൊവിഡിന് ശേഷം ടൂറിസം മേഖലകളുടെ തിരിച്ചുവരവ് എന്നീ നാല് വിഭാഗങ്ങളിലാണ് കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഗോള്‍ഡ് പുരസ്ക്കാരത്തിന് അര്‍ഹമായത്. ഗോള്‍ഡ് പുരസ്ക്കാരം നേടിയതിനാല്‍ ഈ നാല് വിഭാഗങ്ങളിലും വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് പുരസ്ക്കാരത്തിന് മത്സരിക്കാനുള്ള അര്‍ഹതയും കേരളം നേടി.

ഭോപ്പാല്‍ മിന്‍റോ ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് മദ്ധ്യപ്രദേശ് ടൂറിസം മന്ത്രി ശ്രീമതി ഉഷാ ഠാക്കൂറില്‍ നിന്നും ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ശ്രീ കെ രൂപേഷ്കുമാര്‍ കേരളത്തിന് വേണ്ടി പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി. ഐസിആര്‍ടി സ്ഥാപകനും വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് അഡ്വൈസറുമായ ഡോ. ഹാരോള്‍ഡ് ഗുഡ്വിന്‍, ഐസിആര്‍ടി വെസ്റ്റ് ആഫ്രിക്ക സ്ഥാപകന്‍ ശ്രീ അദാമ ബാ, മദ്ധ്യപ്രദേശ് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ ഷിയോ ശേഖര്‍ഗുപ്ത എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കേരളത്തിലെ വിനോദസഞ്ചാര പ്രക്രിയയെ ജനകീയമായി വികസിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ വിജയകരമായി നടത്തി വരികയാണെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ജനകീയ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളുടെ മാതൃകയായി മാറിയിട്ടുണ്ട്. അതിന് ലഭിച്ച അംഗീകാരമാണിതെന്നും മന്ത്രി പറഞ്ഞു. 

ടൂറിസം മേഖലയ്ക്ക് മാത്രമല്ല, മാലിന്യ സംസ്ക്കരണത്തിന്‍റെ കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകയാണ് സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം മിഷനെന്ന് സംസ്ഥാന ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ കെ എസ് ശ്രീനിവാസ് പറഞ്ഞു. കേവലം സംസ്ക്കരണത്തിനപ്പുറത്തേക്ക് മൂല്യവര്‍ധിത ഉത്പന്നങ്ങളായി ഇതിനെ പരിണമിപ്പിക്കാനുള്ള പദ്ധതികള്‍ ആര്‍ടി മിഷനെ വ്യത്യസ്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍, ഉത്തരവാദിത്ത ടൂറിസം മിഷന്‍, കേരള ടൂറിസം, എന്നിവയുടെ സാമൂഹിക പ്രതിബന്ധത വെളിവാക്കുന്നതാണ് ഈ പുരസ്ക്കാരലബ്ധിയെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ യൂണിറ്റുകളിലെ വനിതാമുന്നേറ്റത്തെക്കുറിച്ച് ജൂറി നടത്തിയ അഭിപ്രായങ്ങള്‍ അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ കേരളം തുടര്‍ച്ചയായ 15-ാം വര്‍ഷവും നടത്തുന്ന ഇടപെടല്‍ ശ്ലാഘനീയമാണെന്ന് ഡോ. ഹാരോള്‍ഡ് ഗുഡ്വിന്‍റെ നേതൃത്വത്തിലുള്ള ജൂറി വിലയിരുത്തി. തദ്ദേശീയ ജനതയെ വിനോദ സഞ്ചാരവുമായി ബന്ധിപ്പിക്കുന്നതിന് നടത്തുന്ന കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കേരളത്തെ ലോകത്തിന് മുന്നില്‍ ശ്രദ്ധേയമാക്കുന്നു.  ഉത്തരവാദിത്ത ടൂറിസം മിഷന്‍ ആരംഭിച്ച സ്ട്രീറ്റ് പദ്ധതിയിലെ വാട്ടര്‍ സ്ട്രീറ്റുകള്‍ എന്ന ആശയം ജനപങ്കാളിത്തത്തിന്‍റെ ആവേശകരമായ മാതൃകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. 

ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും പങ്കാളിത്തത്തോടെ  ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കല്‍, പ്ലാസ്റ്റിക്ക് കുപ്പികള്‍ ഉപയോഗം പരമാവധി കുറക്കാന്‍ എടുത്ത നടപടികള്‍ എന്നിവയിലെ ആര്‍ടി മിഷന്‍റെ പങ്ക്, 80 ശതമാനം ആര്‍ടി മിഷന്‍ യൂണിറ്റുകളും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കിയത്, പ്ലാസ്റ്റിക് ഇതര പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ പരമാവധി ആര്‍ടി മിഷന്‍ യൂണിറ്റുകളെക്കൊണ്ട് ഉത്പാദിപ്പിച്ച്   അക്കോമഡേഷന്‍ യൂണിറ്റുകള്‍ക്ക് നല്‍കാന്‍ നടത്തിയ പ്രവര്‍ത്തനം ഇവയെല്ലാം കേരള ടൂറിസത്തിന്‍റെ പാരിസ്ഥിതിക പ്രതിബദ്ധത വെളിവാക്കുന്ന നടപടികളാണെന്ന് ജൂറി പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസം മിഷന്‍ യൂണിറ്റുകള്‍ വികസിപ്പിച്ച വര്‍ക്ക് അറ്റ് ഹോം വീഡിയോകള്‍,  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തിയ ടൂറിസം റിസോര്‍സ് മാപ്പിങ്ങ്, വില്ലേജ് ലൈഫ് ,സാംസ്ക്കാരിക-ഉത്സവ ടൂര്‍ പാക്കേജുകള്‍, കാര്‍ഷിക ടൂറിസത്തെ ശക്തിപ്പെടുത്താന്‍ ആരംഭിച്ച കേരള അഗ്രി ടൂറിസം നെറ്റ്വര്‍ക്ക്, തനത് ഭക്ഷണ വൈവിധ്യം പരിചയപ്പെടുത്താന്‍ ആരംഭിച്ച എക്സ്പീരിയന്‍സ് എത്നിക്ക് ക്യുസീന്‍ പ്രോഗ്രാം എന്നിവ ടൂറിസം മേഖലയിലെ വൈവിധ്യവല്‍ക്കരണത്തിന്‍റെ അത്ഭുതപ്പെടുത്തുന്ന ഉദാഹരണങ്ങളാണ്. വിനോദ സഞ്ചാരമേഖലയിലെ സ്ത്രീ ശാക്തീകരണത്തിന്‍റെ രാജ്യത്തെ ഉത്തമമാതൃകയുമാണിതെന്നും  അവാര്‍ഡ് ജൂറി  അഭിപ്രായപ്പെട്ടു.

ഉത്തരവാദിത്ത പൂര്‍ണ്ണമായ ജനകീയ വിനോദ സഞ്ചാരം രൂപപ്പെടുത്താന്‍ കേരളം നടത്തുന്ന അശ്രാന്ത പരിശ്രമങ്ങളെ ലോകത്തിന് കാണാതിരിക്കാനാവില്ല എന്ന് ഡോ. ഹാരോള്‍ഡ് ഗുഡ്വിന്‍ അഭിപ്രായപ്പെട്ടു.

കേരളത്തില്‍ നിന്നും കേരള വോയജസ്, ലെറ്റ്സ് ഗോ ഫോര്‍ എ ക്യാമ്പ് , വീര്‍ നാച്ചുറല്‍ സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സംരഭങ്ങളും പുരസ്ക്കാരങ്ങള്‍ നേടി.
 

Photo Gallery

+
Content