ദേശീയ ക്ഷീര ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വ്വഹിച്ചു
രാജ്യത്തിന്‍റെ സഹകരണ ക്ഷീരമേഖലയെ പരിവര്‍ത്തനം ചെയ്തതിന് വര്‍ഗീസ് കുര്യന് ഭാരതരത്നം നല്‍കണം: പ്രൊഫ. വി.കെ രാമചന്ദ്രന്‍
Kollam / November 26, 2025
കൊല്ലം: ദേശീയ ക്ഷീര ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വ്വഹിച്ചു.
ധവളവിപ്ലവത്തിന് നേതൃത്വം വഹിക്കുകയും ആനന്ദ് മാതൃകാ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലൂടെ പാല്‍ ഉല്‍പാദനത്തില്‍ ഇന്ത്യയെ ഒന്നാമത് എത്തിക്കുകയും ചെയ്ത ഡോ. വര്‍ഗീസ് കുര്യന്‍റെ ജന്മദിനമാണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്.
ക്ഷീരകര്‍ഷകര്‍ക്ക് ജീവിതമാര്‍ഗവും സ്ഥിരവരുമാനവും ഒരുക്കുന്നതില്‍ വര്‍ഗീസ് കുര്യന്‍ വഹിച്ച പങ്ക് ഏറെ വലുതാണെന്ന് മന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ ഫ്ളഡിന്‍റെ രണ്ടാം ഘട്ടത്തില്‍ കേരളത്തെ ഉള്‍പ്പെടുത്തിയതോടെയാണ് സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ക്ഷീരവ്യവസായ പ്രസ്ഥാനം ആരംഭിച്ചത്. പാലിന് സ്ഥിരമായ വിലയും വിപണിയും ഉറപ്പാക്കുന്ന മില്‍മ 45 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണ വ്യവസായ സ്ഥാപനങ്ങളിലൊന്നാണ്.
സംസ്ഥാനത്തെ ക്ഷീരമേഖലയുടെ ശാക്തീകരണത്തില്‍ മില്‍മ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അധിക പാല്‍വില നല്‍കിയും കാലിത്തീറ്റ സബ്സിഡിയിലൂടെയും മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയും മില്‍മ ക്ഷീരകര്‍ഷകരെ ചേര്‍ത്തുനിര്‍ത്തി അവരോടുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ മില്‍മയുടെ ലാഭവിഹിതത്തില്‍ 92.5 ശതമാനം ക്ഷീരകര്‍ഷകര്‍ക്ക് നല്‍കി. പ്രതിദിനം 1.25 ദശലക്ഷം ലിറ്റര്‍ പാല്‍ സംഭരണവും 1.65 ദശലക്ഷം ലിറ്റര്‍ പാല്‍ വിപണനവും നിരവധി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുമായി വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാന്‍ മില്‍മയ്ക്കായിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപകുതി പാല്‍ സംഭരണത്തില്‍ 14 ശതമാനത്തിന്‍റെ വര്‍ധനവുണ്ടാക്കാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ എം. നൗഷാദ് എം.എല്‍.എ സംബന്ധിച്ചു.
ക്ഷീരമേഖല ഇന്ന് എത്തിനില്‍ക്കുന്ന വളര്‍ച്ചയുടെ പിന്നില്‍ വര്‍ഗീസ് കുര്യന്‍റെ ഭാവനാപൂര്‍ണമായ പ്രവര്‍ത്തനമാണുള്ളതെന്ന് അധ്യക്ഷത വഹിച്ച മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. പാല്‍സംഭരണത്തിലും വിപണനത്തിലും വര്‍ധനവ് രേഖപ്പെടുത്താന്‍ മില്‍മയ്ക്ക് സാധിച്ചിട്ടുണ്ട്. പാല്‍സംഭരണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ സംസ്ഥാനത്തിനാകും. സഹകരണ സംഘങ്ങളിലൂടെ മില്‍മ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള പദ്ധതികള്‍ മേഖലാ യൂണിയനുകള്‍ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നു. വിദേശ രാജ്യങ്ങളില്‍ മില്‍മ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുകയാണ്. ഗുണനിലവാരമുള്ള വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളിലൂടെ ഏതു സ്വകാര്യ ബ്രാന്‍ഡുകളുമായും മത്സരിക്കാന്‍ മില്‍മയ്ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍ ഡോ. വര്‍ഗീസ് കുര്യന്‍ അനുസ്മരണ പ്രഭാഷണം നടത്തി. രാജ്യത്തിന്‍റെ സഹകരണ മേഖലയെ പരിവര്‍ത്തനം ചെയ്യുന്നതില്‍ ആധുനിക ഇന്ത്യയുടെ നായകനാണ് ഡോ. വര്‍ഗീസ് കുര്യന്‍ എന്ന് പ്രൊഫ. വി. കെ. രാമചന്ദ്രന്‍ പറഞ്ഞു. രാജ്യത്തിന്‍റെ സഹകരണ ക്ഷീരമേഖലയെ പരിവര്‍ത്തനം ചെയ്തതിന് ഡോ. വര്‍ഗീസ് കുര്യന് ഭാരതരത്നം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രാരംഭ മൂലധനമോ ഭൂമിയോ ഇല്ലാത്ത ആളുകളെ പോലും ക്ഷീരമേഖലയിലേക്ക് പ്രവേശിക്കാന്‍ പ്രാപ്തരാക്കുന്ന സഹകരണ വായ്പാ സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു വര്‍ഗീസ് കുര്യന്‍റെ ദര്‍ശനം എന്ന് പ്രൊഫ. വി.കെ. രാമചന്ദ്രന്‍ പറഞ്ഞു. സ്വകാര്യ, കോര്‍പ്പറേറ്റ് കമ്പനികളുമായി മത്സരിക്കുന്നതിന് സഹകരണ മേഖലയ്ക്ക് നൂതന സാങ്കേതികവിദ്യയോടൊപ്പം പ്രൊഫഷണല്‍ മാനേജ്മെന്‍റിനും വര്‍ഗീസ് കുര്യന്‍ മുന്‍ഗണന നല്‍കി.
സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിലും ക്ഷീരമേഖലയിലെ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിലും, ഉല്‍പ്പാദിപ്പിക്കുന്ന വരുമാനത്തില്‍ സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട നിയന്ത്രണം നേടാന്‍ പ്രാപ്തരാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വൈവിധ്യമാര്‍ന്നതും മൂല്യവര്‍ധിതവുമായ ഉല്‍പന്നങ്ങളിലൂടെ വിപണനശൃംഖല മെച്ചപ്പെടുത്താന്‍ മില്‍മയ്ക്ക് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മില്‍മയും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന ആനൂകൂല്യങ്ങളിലൂടെയാണ് സംസ്ഥാനത്ത് പാല്‍ സംഭരണം വര്‍ധിപ്പിക്കാനായതെന്ന് സ്വാഗതം ആശംസിച്ച മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ് പറഞ്ഞു. ക്ഷീരകര്‍ഷകരെ ചേര്‍ത്തുനിര്‍ത്തുന്ന നിലപാടാണ് മില്‍മ എക്കാലത്തും സ്വീകരിച്ചിട്ടുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ക്ഷീരമേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഓരോ പ്രദേശത്തിനും കാര്‍ഷിക ലഭ്യതയ്ക്കും അനുസൃതമായി ആസൂത്രണം ചെയ്യണമെന്ന് മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍ വത്സലന്‍ പിള്ള പറഞ്ഞു. അതിലൂടെ ക്ഷീരമേഖലയില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ കൂടുതല്‍ ഫലപ്രാപ്തിയിലെത്തിക്കാനാകുമെന്നും ചെറുകിട ഫാമുകളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, ഫെഡറേഷന്‍ ബോര്‍ഡ് അംഗങ്ങള്‍, ഭരണസമിതി അംഗങ്ങള്‍, മില്‍മ മലബാര്‍ മേഖല യൂണിയന്‍ എം.ഡി കെ.സി ജെയിംസ്, എറണാകുളം മേഖല യൂണിയന്‍ എം.ഡി വില്‍സന്‍ ജെ പുറവക്കാട്ട്, തിരുവനന്തപുരം മേഖല യൂണിയന്‍ എം.ഡി രാരാരാജ് എന്നിവര്‍ സംബന്ധിച്ചു. ടിആര്‍സിഎംപിയു ഭരണസമിതി അംഗം കെ.ആര്‍ മോഹനന്‍ പിള്ള ചടങ്ങിന് നന്ദി പറഞ്ഞു.
സംസ്ഥാനത്തെ വിവിധ പ്രാഥമിക ക്ഷീര സംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ക്ഷീരകര്‍ഷകരും പരിപാടിയില്‍ സംബന്ധിച്ചു.