ടെക്നോപാര്‍ക്കില്‍ പ്രതിധ്വനി സെവന്‍സ് ഫുട്ബോള്‍ ഫൈനല്‍: നവംബര്‍ 27 ന്

Trivandrum / November 26, 2025

തിരുവനന്തപുരം: ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന 'റാവിസ് പ്രതിധ്വനി സെവന്‍സ്-സീസണ്‍ 8' ഫൈനല്‍ മത്സരം നവംബര്‍ 27 ന് ടെക്നോപാര്‍ക്കില്‍ നടക്കും. ഐടി മേഖലയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ടൂര്‍ണമെന്‍റാണിത്.

ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് 3.30 ന് നടക്കുന്ന ഫൈനല്‍ ടൂര്‍ണമെന്‍റില്‍ എന്‍വെസ്റ്റ്നെറ്റ്, എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ടീമുകള്‍ മാറ്റുരയ്ക്കും. അതേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് മൂന്നാം സ്ഥാനത്തിനായി നടക്കുന്ന മത്സരത്തില്‍ ട്രെന്‍സര്‍, ഇന്‍ഫോസിസ് ടീമുകള്‍ മത്സരിക്കും.

യൂഡി പ്രൊമോഷന്‍സ്, റാവിസ് ഹോട്ടല്‍സ് എന്നിവയുമായി സഹകരിച്ചാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്. 'റാവിസ് പ്രതിധ്വനി സെവന്‍സ്-സീസണ്‍ 8' സെവന്‍സ് ഫോര്‍മാറ്റിലുള്ള ഒരു ഫുട്ബോള്‍ ടൂര്‍ണമെന്‍റാണ്. 90-ലധികം കമ്പനികളില്‍ നിന്നുള്ള 2,500-ലധികം ഐടി ജീവനക്കാരും 101 ടീമുകളും പങ്കെടുക്കുന്ന ടൂര്‍ണമെന്‍റില്‍ 164 മത്സരങ്ങളുണ്ട്.

ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും എവര്‍ റോളിംഗ് ട്രോഫിയുമാണ് സമ്മാനം. ഇതിനുപുറമേ വിജയികള്‍ക്ക് കൊല്ലത്തെ റാവിസ് അഷ്ടമുടി റിസോര്‍ട്ടില്‍ ഒരു ദിവസത്തെ താമസവും, റാവിസ് ഹോട്ടല്‍സും യൂഡി പ്രൊമോഷന്‍സും നല്‍കുന്ന സമ്മാനങ്ങളും ലഭിക്കും. ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരന്‍, കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരന്‍, മികച്ച ഗോള്‍കീപ്പര്‍ എന്നിവര്‍ക്ക് പ്രത്യേക സമ്മാനങ്ങളുമുണ്ട്. ഓരോ മത്സരത്തിലേയും മികച്ച കളിക്കാരന് യൂഡിയും സഞ്ചി ബാഗ്സും നല്കുന്ന 'പ്ലെയര്‍ ഓഫ് ദി മാച്ച്' ട്രോഫി ലഭിക്കും. കാണികള്‍ക്ക് സമ്മാനങ്ങള്‍ നേടാനുള്ള അവസരവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

വാര്‍ഷിക ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഭാഗമായി വനിതകള്‍ക്കുള്ള ഫൈവ്സ് ടൂര്‍ണമെന്‍റിന്‍റെ അഞ്ചാം സീസണും നടക്കുന്നു. 14 കമ്പനികളിലെ 250 ലധികം കളിക്കാരുള്ള ഏകദേശം 14 ടീമുകള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. വനിതാ ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ നവംബര്‍ 27 ന് ഉച്ചയ്ക്ക് 3 ന് വേ ഡോട്ട് കോമും എച്ച് ആന്‍റ് ആര്‍ ബ്ലോക്കും തമ്മില്‍ നടക്കും. മൂന്നാം സ്ഥാനത്തിനായി യുഎസ്ടി ടീം ഇന്‍ ആപ്പ് ടീമിനെ നേരിടും.

ഫൈനല്‍ മത്സരങ്ങളുടെ പ്രധാന അതിഥികളായി സെവന്‍സ് ഫുട്ബാളിലെ സെന്‍സേഷന്‍ ആഷിക് ഉസ്മാന്‍, കബഡി ഏഷ്യന്‍ ഗോള്‍ഡ് മെഡല്‍ ജേതാവ് റോസ്മേരി പ്രിസില്ല എന്നിവര്‍ പങ്കെടുക്കുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വ്വഹിക്കും.
 

Photo Gallery