ദേശീയ ക്ഷീര ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നാളെ (നവംബര്‍ 26) കൊല്ലത്ത്
മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും; മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, കെ.ബി ഗണേഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും
Kollam / November 25, 2025
കൊല്ലം: ദേശീയ ക്ഷീര ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (നവംബര്‍ 26) കൊല്ലത്ത് നടക്കും. കൊല്ലം ലാലാസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ രാവിലെ 10 ന് നടക്കുന്ന പരിപാടി മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ സംബന്ധിക്കും.
ധവളവിപ്ലവത്തിന് നേതൃത്വം വഹിക്കുകയും ആനന്ദ് മാതൃകാ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലൂടെ പാല്‍ ഉല്‍പാദനത്തില്‍ ഇന്ത്യയെ ഒന്നാമത് എത്തിക്കുകയും ചെയ്ത ഡോ. വര്‍ഗീസ് കുര്യന്‍റെ ജന്‍മദിനമാണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്.
ചടങ്ങില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എം. നൗഷാദ് എം.എല്‍.എ, മേയര്‍ ഹണി ബഞ്ചമിന്‍ എന്നിവരും പങ്കെടുക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍ ഡോ. വര്‍ഗീസ് കുര്യന്‍ അനുസ്മരണ പ്രഭാഷണം നടത്തും. മില്‍മ ചെയര്‍മാന്‍ കെ.എസ് മണി സ്വാഗതം പറയും. മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ്, മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍ വത്സലന്‍ പിള്ള, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ വി.പി, കൗണ്‍സിലര്‍ എ. അനീഷ് കുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിക്കും. മില്‍മ എം.ഡി ആസിഫ് കെ യൂസഫ് ചടങ്ങിന് നന്ദി പ്രകാശിപ്പിക്കും.
ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മ പുതിയതായി വിപണിയില്‍ ഇറക്കുന്ന ഉല്‍പന്നങ്ങളുടെ പ്രകാശനം മില്‍മ ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ നിര്‍വ്വഹിച്ചു. സമൃദ്ധി നെയ്യ്, മില്‍മ പ്ലസ് ഫ്ളേവേര്‍ഡ് മില്‍ക്ക് കാന്‍, മില്‍മ ഗീ ഹല്‍വ, മില്‍മ കാന്താരി മോര്, ബനാന ബര്‍ഫി എന്നീ ഉല്‍പന്നങ്ങളാണ് പുറത്തിറക്കിയത്.
ഉന്നത ഗുണനിലവാരത്തോടെ നെയ്യിന്‍റെ നിറവും മണവും രുചിയും ഘടനയും നിലനിര്‍ത്തിക്കൊണ്ട് മഡ്ക ഗ്ലാസ് ബോട്ടിലില്‍ തയ്യാറാക്കിയിരിക്കുന്ന ഉല്‍പ്പന്നമാണ് സമൃദ്ധി നെയ്യ്. 500 എംഎലിന് 480 രൂപയും 1000 എംഎലിന് 900 രൂപയുമാണ് വില. പ്രധാനമായും സൂപ്പര്‍ മാര്‍ക്കറ്റുകളും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളും വഴി വിപണനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
മില്‍മയുടെ ആലപ്പുഴ ഡെയറിയില്‍ നിന്നും വിപണനം ചെയ്യുന്ന ഉല്‍പ്പന്നമാണ് മില്‍മ പ്ലസ് ഫ്ളേവേര്‍ഡ് മില്‍ക്ക് കാന്‍. പാല്‍, ബദാം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ഉല്‍പന്നം വിവിധ ഫ്ളേവറുകളില്‍ ലഭ്യമാണ്. പ്രിസര്‍വേറ്റീവുകളും ചേര്‍ക്കാതെ സ്റ്റെറിലൈസേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ ഉല്‍പന്ന സാധാരണ കാലാവസ്ഥയില്‍ 9 മാസം വരെ കേടുകൂടാതെ ഇരിക്കും. നവീകരിച്ച ഡിസൈനില്‍ ചോക്ലേറ്റ്, ബദാം, വാനില, റോസ് എന്നീ ഫ്ളേവറുകളില്‍ ലഭ്യമാക്കിയിട്ടുള്ള ഇതിന്‍റെ വില 38 രൂപയാണ്.
മില്‍മ നെയ്യ് ഉപയോഗിച്ച് മലബാര്‍ മില്‍മ പുതുതായി വിപണിയിലിറക്കുന്ന ഉല്‍പന്നമാണ് മില്‍മ ഗീ ഹല്‍വ. കോഴിക്കോടന്‍ ഹല്‍വയുടെയും മില്‍മ നെയ്യിന്‍റെയും രുചിഭേദങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് പ്രീമിയം ബ്രാന്‍ഡായിട്ടാണ് ഇത് വിപണിയിലിറങ്ങുന്നത്. 450 ഗ്രാം പാക്കറ്റില്‍ ലഭ്യമാകുന്ന ഈ ഉല്‍പന്നത്തിന്‍റെ വില്‍പന വില 260 രൂപയാണ്.
മലബാര്‍ മില്‍മ തയ്യാറാക്കിയിട്ടുള്ള പ്രീമിയം ഉല്‍പ്പന്നമാണ് മില്‍മ കാന്താരി മോര്. മില്‍മ തൈര്, ഉപ്പ്, കാന്താരി മുളക് എന്നിവ ചേര്‍ത്ത് ആരോഗ്യപ്രദമായി തയ്യാറാക്കിയിട്ടുള്ള ഈ ഉല്‍പന്നത്തിന്‍റെ വില, 700 എംഎല്‍ ബോട്ടിലിന് 50 രൂപയാണ്.
മില്‍മ നെയ്യും നേന്ത്രപ്പഴവും ശര്‍ക്കരയും ചേര്‍ത്ത് നിര്‍മ്മിച്ച ഉല്‍പ്പന്നമാണ് മില്‍മ ബനാന ബര്‍ഫി. ഈ ഉല്‍പന്നം 100 ഗ്രാം കാര്‍ട്ടണിലും, 250 ഗ്രാം പ്ലാസ്റ്റിക് കണ്ടെയിനറിലും ലഭ്യമാണ്. 100 ഗ്രാമിന്‍റെ വില 70 രൂപയും 250 ഗ്രാമിന്‍റെ വില 160 രൂപയുമാണ്.
ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ആകര്‍ഷകവും ലോകോത്തരവുമായ പാക്കേജിംഗിലൂടെ മറ്റ് ബഹുരാഷ്ട്ര കമ്പനികളുമായി മത്സരിക്കാന്‍ കഴിയുന്ന അന്താരാഷ്ട്ര ബ്രാന്‍ഡായി മില്‍മയെ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതുതായി പുറത്തിറക്കിയ ഉല്‍പ്പന്നങ്ങളെന്ന് കെ.എസ്. മണി പറഞ്ഞു. റീപൊസിഷനിംഗ് മില്‍മ പദ്ധതിയിലൂടെ ഗുണനിലവാരം, പാക്കിംഗ്, വിതരണം എന്നിവ ഏകീകരിക്കുന്ന നടപടികളില്‍ വലിയ മുന്നേറ്റമാണ് മില്‍മ നടത്തിവരുന്നത്. വിപണി വിപുലീകരണത്തിലൂടെ പരമാവധി ലാഭമുണ്ടാക്കി കര്‍ഷകരെ സഹായിക്കാനാണ് ലക്ഷ്യമിടുന്നത്. കയറ്റുമതി സാധ്യത പരമാവധി പ്രയോജനപ്പെടുത്തി മില്‍മ ഉല്‍പന്നങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍, മാലിദ്വീപ്, ലക്ഷദ്വീപ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ കയറ്റുമതി ചെയ്തുവരുന്നു. യുഎസ്എ, കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ മില്‍മയുടെ ലാഭവിഹിതത്തില്‍ 254.79 കോടി രൂപ (92.5 ശതമാനം) അധിക പാല്‍വിലയായും കാലിത്തീറ്റ സബ്സിഡിയായും മറ്റ് ക്ഷേമപ്രവര്‍ത്തനങ്ങളായും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിയെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. പ്രതിദിനം 1.25 ദശലക്ഷം ലിറ്റര്‍ പാല്‍ സംഭരണവും 1.65 ദശലക്ഷം ലിറ്റര്‍ പാല്‍ വിപണനവും നിരവധി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുമായി വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാന്‍ മില്‍മയ്ക്കായിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപകുതി പാല്‍ സംഭരണത്തില്‍ 14 ശതമാനത്തിന്‍റെ വര്‍ധനവുണ്ടാക്കാനായി. നിലവില്‍ 4327 കോടി രൂപയോളം വിറ്റുവരവുള്ള സഹകരണ പ്രസ്ഥാനമാണ് മില്‍മയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്ഷീരമേഖലയിലെ മികച്ച സംഭാവനകള്‍ക്കുള്ള പരമോന്നത ബഹുമതിയായ ദേശീയ ഗോപാല്‍ രത്ന പുരസ്കാരങ്ങളില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ മില്‍മയുടെ മലബാര്‍ മേഖലാ യൂണിയന്‍റെ അംഗസംഘങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. മികച്ച ക്ഷീര സഹകരണ സംഘങ്ങളുടെ വിഭാഗത്തില്‍ കേരളത്തിന് ഇത് അഭിമാനകരമായ നേട്ടമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. വയനാട് ജില്ലയിലെ മീനങ്ങാടി ക്ഷീരോല്പാദക സഹകരണ സംഘത്തിനാണ് ഒന്നാം സ്ഥാനം. പാലക്കാട് ജില്ലയിലെ കുന്നങ്കാട്ടുപതി ക്ഷീരോത്പാദക സഹകരണ സംഘം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ്, എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍ വത്സലന്‍ പിള്ള, മില്‍മ എം.ഡി ആസിഫ് കെ യൂസഫ്, മില്‍മ മലബാര്‍ മേഖല യൂണിയന്‍ എം.ഡി കെ.സി ജെയിംസ്, തിരുവനന്തപുരം മേഖല യൂണിയന്‍ എം.ഡി രാരാരാജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.