ചട്ടമ്പിസ്വാമി ജന്മവാര്‍ഷിക അന്താരാഷ്ട്ര ഉച്ചകോടി കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉദ്ഘാടനം ചെയ്യും

ചട്ടമ്പിസ്വാമി ജന്മവാര്‍ഷിക അന്താരാഷ്ട്ര ഉച്ചകോടി കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉദ്ഘാടനം ചെയ്യും
New Delhi / September 9, 2022

ന്യൂഡല്‍ഹി: സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്ന ചട്ടമ്പി സ്വാമികളുടെ 169-ാം ജന്മദിനത്തോടനുബന്ധിച്ച് നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്) ഡല്‍ഹി ഘടകവും ഗ്ലോബല്‍ എന്‍എസ്എസും സംയുക്തമായി സംഘടിപ്പിക്കുന്ന ആഗോള ഉച്ചകോടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധര്‍മ്മേന്ദ്ര പ്രധാന്‍ ഉദ്ഘാടനം ചെയ്യും. സെപ്തംബര്‍ 11 ഞായറാഴ്ച ഡല്‍ഹിയിലെ സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍  വൈകീട്ട് നാല് മണിക്കാണ് ഗ്ലോബല്‍ നായര്‍ സമ്മിറ്റും വിദ്യാധിരാജോത്സവവും നടക്കുന്നത്.
    കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും. ജാതിവ്യവസ്ഥിതിക്കെതിരെ അഹിംസാമാര്‍ഗത്തിലൂടെ സമരം ചെയ്ത ചട്ടമ്പി സ്വാമികളുടെ പ്രബോധനങ്ങള്‍ അടങ്ങിയ സ്മരണികയും ഇതോടൊപ്പം പുറത്തിറക്കുന്നുണ്ട്. സാംസ്ക്കാരിക- കലാപരിപാടികളും ഉച്ചകോടിയോടനുബന്ധിച്ച് നടക്കും. നര്‍ത്തകന്‍ ബാലകൃഷ്ണ മാരാര്‍ ഒരുക്കുന്ന വിദ്യാധിരാജ എന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ഉച്ചകോടിയുടെ ആകര്‍ഷണമാണ്.
    ഗ്ലോബല്‍ നായര്‍ സേവാ സമാജത്തിന്‍റെ(ഗ്ലോബല്‍ എന്‍എസ്എസ്) സഹകരണത്തോടു കൂടിയാണ് പരിപാടി നടത്തുന്നത്. വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ സമാധിയുടെ നൂറാം വാര്‍ഷികമാണ് അടുത്ത മേയില്‍ നടക്കുന്നത്.
    അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടാത്ത ചരിത്രപുരുഷനാണ് വിദ്യാധിരാജ ചട്ടമ്പിസ്വാമികളെന്ന് ഗ്ലോബല്‍ എന്‍എസ്എസ് ചെയര്‍മാനും ഡല്‍ഹി എന്‍എസ്എസിന്‍റെ പ്രസിഡന്‍റുമായ ശ്രീ എം ജി കെ പിള്ള ചൂണ്ടിക്കാട്ടി. ഗ്ലോബല്‍ എന്‍എസ്എസിന്‍റെ ഭാവി പരിപാടികള്‍ക്കുള്ള ദിശാരേഖ ജന. സെക്രട്ടറി സി ഉദയഭാനു അവതരിപ്പിക്കും.
    മുന്‍ അഡി. ചീഫ് സെക്രട്ടറി ഡോ. സി വി ആനന്ദബോസ്, ഖത്തറിലെ എബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും നോര്‍ക്ക ഡയറക്ടറുമായ ശ്രീ ജെ കെ മേനോന്‍, റിട്ട ജസ്റ്റീസ് പി എന്‍ രവീന്ദ്രന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ പി കെ ഡി നമ്പ്യാര്‍, സംരംഭകരായ എന്‍ ആര്‍ പണിക്കര്‍, ബാബു പണിക്കര്‍(ഗ്ലോബല്‍ എന്‍എസ്എസ്, ഡല്‍ഹി എന്‍എസ്എസ് വൈസ് ചെയര്‍മാന്‍), ഗ്ലോബല്‍ എന്‍എസ്എസ് മുന്‍ ചെയര്‍മാന്‍ ശ്രീ ജയശങ്കര്‍ ഉണ്ണിത്താന്‍ എന്നിവര്‍ സംബന്ധിക്കും. ഗ്ലോബല്‍ എന്‍എസ്എസ് സെക്രട്ടറി വി എസ് സുഭാസ് വിഷന്‍ 2040 രേഖ അവതരിപ്പിക്കും.
    സംഘാടക സമ്മിതി ജന. കണ്‍വീനറും ഡല്‍ഹി എന്‍എസ്എസ് ജന. സെക്രട്ടറിയുമായ ശ്രീ എം ഡി ജയപ്രകാശ് സ്വാഗതവും വൈസ് പ്രസിഡന്‍റ് ശ്രീ എം ജി രാജശേഖരന്‍ നായര്‍ നന്ദിയും രേഖപ്പെടുത്തും.

Photo Gallery