ദേശീയ ക്ഷീരദിനം: മില്‍മ കൊല്ലം ഡെയറി പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം

Kollam / November 18, 2025

കൊല്ലം: ദേശീയ ക്ഷീരദിനാഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 24, 25 തീയതികളില്‍ കൊല്ലം മില്‍മ ഡെയറി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയാണ് സന്ദര്‍ശന സമയം.

 പൊതുജനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മില്‍മയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാനുള്ള അവസരം ലഭിക്കും. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 പ്രത്യേക സ്റ്റാളില്‍ സജ്ജീകരിച്ചിരിക്കുന്ന മില്‍മ ഉത്പന്നങ്ങള്‍ ഡിസ്കൗണ്ട് നിരക്കില്‍ വാങ്ങാന്‍ സന്ദര്‍ശകര്‍ക്ക് ഈ ദിവസങ്ങളില്‍ അവസരമുണ്ട്.

 ഇന്ത്യയിലെ ധവള വിപ്ലവത്തിന്‍റെ പിതാവായ ഡോ. വര്‍ഗീസ് കുര്യന്‍റെ ജന്മദിനമായ നവംബര്‍ 26 നാണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്.

ദേശീയ ക്ഷീരദിനാഘോഷത്തിന്‍റെ ഭാഗമായി നവംബര്‍ 20 ന് കൊല്ലം ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും നവംബര്‍ 21 ന് പെയിന്‍റിംഗ് മത്സരവും നടക്കും. കൊല്ലം മില്‍മ ഡെയറിയില്‍ രാവിലെ 10.00 മുതലാണ് മത്സരം. ജില്ലയിലെ എല്ലാ സ്കൂളുകളില്‍ നിന്നും ഓരോ ടീമിന് വീതം പങ്കെടുക്കാം.

വിവരങ്ങള്‍ക്ക്: 0474 2794556.     

Photo Gallery