ദേശീയ ക്ഷീരദിനം: മില്‍മ പത്തനംതിട്ട ഡെയറി പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം

Pathanamthitta / November 20, 2025

പത്തനംതിട്ട: ദേശീയ ക്ഷീരദിനാഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 24, 25 തീയതികളില്‍ മില്‍മ പത്തനംതിട്ട ഡെയറി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയാണ് സന്ദര്‍ശന സമയം.

പൊതുജനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മില്‍മയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാനുള്ള അവസരം ലഭിക്കും. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഡെയറി കോമ്പൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന സ്റ്റാളില്‍ നിന്ന് മില്‍മ ഉത്പന്നങ്ങള്‍ ഡിസ്കൗണ്ട് നിരക്കില്‍ വാങ്ങാന്‍ സന്ദര്‍ശകര്‍ക്ക് ഈ ദിവസങ്ങളില്‍ അവസരമുണ്ട്. നെയ്യ്, ബട്ടര്‍, പനീര്‍, മില്‍മ പേഡ, പാല്‍ക്രീമില്‍ ഉത്പാദിപ്പിക്കുന്ന സ്വാദിഷ്ടമായ വിവിധ ഇനം മില്‍മ ഐസ്ക്രീമുകള്‍, ഗുലാബ് ജാമുന്‍, മില്‍മ മാംഗോ ജ്യൂസ്, റസ്ക്ക്, മില്‍മ ഫ്ളേവേര്‍ഡ് മില്‍ക്ക്, കപ്പ് കേക്ക് തുടങ്ങിയവയാണ് വില്പനയ്ക്കുള്ളത്. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ക്ലാസുകള്‍, പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്ന ഐഎസ്ഒ 22000: 2018 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ദക്ഷിണ കേരളത്തിലെ ആദ്യ ഡെയറിയാണ് പത്തനംതിട്ട ഡെയറി. ആധുനിക സാങ്കേതികവിദ്യാ സംവിധാനങ്ങളിലൂടെ സംസ്കരിച്ച് വിതരണം ചെയ്യുന്ന പാല്‍, തൈര്, മില്‍മ പേഡ, കപ്പിലുള്ള കട്ട തൈര്, പനീര്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ ഉത്പാദനം സന്ദര്‍ശകര്‍ക്ക് നേരിട്ടു കണ്ടു മനസ്സിലാക്കാനും സാധിക്കും.
 
ഇന്ത്യയിലെ ധവള വിപ്ലവത്തിന്‍റെ പിതാവായ ഡോ. വര്‍ഗീസ് കുര്യന്‍റെ ജന്മദിനമായ നവംബര്‍ 26 നാണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9947450433, 9447231446.

 

Photo Gallery