കൊവിഡ് കാലത്തെ ഹംപിയുടെ ആത്മീയാന്തരീക്ഷത്തിന്‍റെ ഫോട്ടോ പ്രദര്‍ശനം മാഷാ ആര്‍ട്ട് ഡല്‍ഹിയില്‍

കൊവിഡ് കാലത്തെ ഹംപിയുടെ ആത്മീയാന്തരീക്ഷത്തിന്‍റെ ഫോട്ടോ പ്രദര്‍ശനം മാഷാ ആര്‍ട്ട് ഡല്‍ഹിയില്‍
New Delhi / September 7, 2022

ന്യൂഡല്‍ഹി: വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന ഹംപിയുടെ കൊവിഡ് കാലത്തെ 60 ഫോട്ടോകള്‍ ഉള്‍പ്പെടുത്തി മാഷാ ആര്‍ട്ട് ഒരുക്കുന്ന ഫോട്ടോ പ്രദര്‍ശനം ന്യൂഡല്‍ഹിയില്‍ അരങ്ങേറുന്നു.
    ഡല്‍ഹിയിലെ ബിക്കാനീര്‍ ഹൗസിലെ മാഷാ ആര്‍ട്ട് വേദിയില്‍ സെപ്തംബര്‍ 13 മുതല്‍ 22 വരെയാണ് റിഡിസ്കവറിംഗ് ഹംപി എന്ന ചിത്രപ്രദര്‍ശനം നടക്കുന്നത്. യുവ ഫോട്ടോഗ്രാഫര്‍ മനോജ് അറോറയാണ് ജനങ്ങള്‍ക്ക് വീടുകളില്‍ തന്നെ കഴിയേണ്ടി വന്ന കൊവിഡ് കാലത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.  ചരിത്രപ്രധാനമായ തുംഗഭദ്ര നദിയുടെ മനോഹാരിതയും ഈ ചിത്രപ്രദര്‍ശനത്തിലൂടെ കാഴ്ചക്കാരിലേക്കെത്തും.
    പ്രശസ്ത ഗവേഷക ഉമാ നായരാണ് ഈ പ്രദര്‍ശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. ഹംപിയുടെ കലാപരമായ പ്രതിഫലനമാണ് മനോജ് അറോറയുടെ ലെന്‍സിലൂടെ ചിത്രങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നതെന്ന് ഉമാ നായര്‍ പറഞ്ഞു. ചരിത്രപരവും, ഭൂമിശാസ്ത്രപരവും സാമൂഹ്യ-രാഷ്ട്രീയപരവുമായ പ്രാധാന്യം ഈ കളര്‍ചിത്രങ്ങള്‍ക്കുണ്ട്. മനോജിന്‍റെ വ്യക്തിപരമായ താത്പര്യവും ഇതില്‍ പ്രകടമാണെന്ന് അവര്‍ പറഞ്ഞു.
    ഹംപിയിലെ ചുവര്‍ചിത്രങ്ങള്‍, കല്ലില്‍ കൊത്തിയെടുത്ത ദേവീദേവന്മാരുടെ ശില്‍പങ്ങള്‍ എന്നിവ അസ്തമയസൂര്യന്‍റെ പശ്ചാത്തലത്തിലാണ് മനോജ് പകര്‍ത്തിയിരിക്കുന്നത്. വാസ്തുകലാ ശാസ്ത്രവും ചരിത്രവുമെല്ലാം അദ്ദേഹത്തിന്‍റെ ചിത്രങ്ങളില്‍ പ്രതിപാദ്യമായിരിക്കുന്നു. സാംസ്ക്കാരിക ബോധതലത്തിലെ മുഖ്യധാരയിലേക്കുള്ള ജീവചരിത്രപരമായ ഇടപെടലാണ് ഈ ഫോട്ടോകളെന്നും ഉമാ നായര്‍ ചൂണ്ടിക്കാട്ടി.
    ബിക്കാനീര്‍ ഹൗസിലെ മാഷാ ആര്‍ട്ടിന്‍റെ ആദ്യ പ്രദര്‍ശനമായി ഡിസ്കവറിംഗ് ഹംപി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് സിഇഒ സമര്‍ഥ് മാഥുര്‍ പറഞ്ഞു. നൂറ്റാണ്ടുകള്‍ക്ക് പിന്നിലുള്ള ഇന്ത്യയുടെ സമ്പന്നമായ സംസ്ക്കാരത്തിന്‍റെ പ്രദര്‍ശനം ഏറെ അഭിമാനകരമാണ്. ഒരേ സമയം ദേവദത്തവും ആസുരവുമായ ശില്‍പങ്ങളാണ് ഹംപിയുടെ പ്രത്യേകത. മൃഗങ്ങളുടെ ശില്‍പങ്ങള്‍ക്ക് മാന്ത്രികമായ യാഥാര്‍ത്ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
    ഡെക്കാന്‍ സാമ്രാജ്യങ്ങളുടെ സുപ്രധാനമായ തലസ്ഥാനമെന്ന് ഹംപിയെ വിശേഷിപ്പിക്കാം. പരുത്തിയും സുഗന്ധവ്യഞ്ജനങ്ങളുമാണ് ഇവിടുത്തെ വരുമാനമാര്‍ഗങ്ങള്‍. ദ്രാവിഡ വാസ്തുകലാ രീതിയില്‍ പണികഴിപ്പിച്ച കൊട്ടാരങ്ങളും ക്ഷേത്രങ്ങളുമാണ് ഇവിടുത്തെ കാഴ്ചവിരുന്നുകള്‍. കൊവിഡ് കാലത്ത് ഇവിടം സന്ദര്‍ശിച്ച് ആത്മീയമായ അനുഭവങ്ങളാണ് മനോജ് അറോറ പകര്‍ത്തിയത്. 
    ചരിത്രത്തെ ശക്തമായി പ്രതിനിധാനം ചെയ്യുന്ന പ്രദേശത്തിന്‍റെ തുറന്ന മനസ്സോടെയുള്ള വീക്ഷണമാണ് ഈ ചിത്രങ്ങളെന്ന് മനോജ് അറോറയും ഉമാ നായരും പറഞ്ഞു.
 

Photo Gallery

+
Content
+
Content
+
Content