തനിയാവര്‍ത്തനവുമായി വീയപുരം സിബിഎല്‍ കായംകുളം മത്സരത്തിലും ചാമ്പ്യന്മാര്‍
Alappuzha / November 22, 2025
ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണില്‍ കായംകുളത്ത് നടന്ന എട്ടാം മത്സരത്തില്‍ വില്ലേജ് ബോട്ട് ക്ലബ് കൈനകരി (5:04:145 മിനിറ്റ്) തുഴഞ്ഞ വീയപുരം ചുണ്ടന്‍ ജേതാക്കളായി. സിബിഎല്ലിലെ ഏറ്റവും വലിയ അട്ടിമറിയ്ക്ക് കളമൊരുങ്ങിയ മത്സരത്തില്‍ ഇമ്മാനുവേല്‍ ബോട്ട് ക്ലബ് തുഴഞ്ഞ നടുവിലേപറമ്പന്‍ രണ്ടാം സ്ഥാനത്ത് (5:05:838 മിനിറ്റ്)ഫിനിഷ് ചെയ്തു.
നിരണം ചുണ്ടന്‍(നിരണം ബോട്ട് ക്ലബ്) മൂന്നാമതും (5:06:359 മിനിറ്റ് )ഫിനിഷ് ചെയ്തു.
തുഴക്കാരുടെ പേടിസ്വപ്നമായ കായംകുളത്തെ നെട്ടായത്തില്‍ ഹീറ്റ്സ് മത്സരത്തില്‍ തന്നെ അടിയൊഴുക്കുകള്‍ പിടികിട്ടിത്തുടങ്ങിയിരുന്നു. ഹീറ്റ്സിലെ മികച്ച സമയത്തില്‍ ഇക്കുറി നടുവിലേപറമ്പന്‍ ഫൈനലില്‍ ഇടംപിടിച്ചപ്പോള്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ലൂസേഴ്സ് ഫൈനല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
തുടക്കത്തില്‍ നടുവിലേപറമ്പന്‍ ലീഡ് നേടി മുന്നോട്ടു കുതിച്ചു. ആദ്യപകുതിയില്‍ വ്യക്തമായ ലീഡുണ്ടായിരുന്നെങ്കിലും കൗശലപൂര്‍വം തുഴഞ്ഞ വീയപുരം സ്വതസിദ്ധമായ ശൈലി പുറത്തെടുത്തു. അവസാന ലാപ്പിലേക്കെത്തിയപ്പോള്‍ വീരു തനിനിറം പുറത്തെടുത്തു. തുഴക്കാരുടെ ആവേശം പങ്കായത്തിലുറച്ചപ്പോള്‍ വ്യക്തമായ ലീഡോടെ വീയപുരം ഫിനിഷ് ലൈന്‍ കടന്നു. ഈ സീസണിലെ ഏറ്റവും മികച്ച തുഴച്ചില്‍ പുറത്തെടുത്ത് നടുവിലേപറമ്പന്‍ രണ്ടാമതുമെത്തി.
മേല്‍പ്പാടം(പള്ളാത്തുരുത്തി ബോട്ട് ക്ലബ്) നാല്, നടുഭാഗം ചുണ്ടന്‍(പുന്നമട ബോട്ട് ക്ലബ്)അഞ്ച്, ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്) ആറ്, കാരിച്ചാല്‍ (കാരിച്ചാല്‍ ചുണ്ടന്‍ ബോട്ട് ക്ലബ്-കെസിബിസി) ഏഴ്,പായിപ്പാടന്‍ (കുമരകം ടൗണ്‍ ബോട്ട് ക്ലബ്) എട്ട്, ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്) ഒമ്പത് എന്നിങ്ങനെയാണ് കായംകുളത്തെ പോയിന്റ് നില.
കേന്ദ്രീയവിദ്യാലയം ഡെ. കമ്മീഷണര്‍ സന്തോഷ് കുമാര്‍ പതാക ഉയര്‍ത്തി. യു പ്രതിഭ എംഎല്‍എ, മുന്‍ എംഎല്‍എ സി കെ സദാശിവന്‍, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടറും സിബിഎല്‍ നോഡല്‍ ഓഫീസറുമായ അഭിലാഷ് കുമാര്‍ ടി ജി, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. അന്‍സാര്‍ കെഎഎസ്, ആലപ്പുഴ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഭാത് ഡി വി, സിബിഎല്‍ ടെക്നിക്കല്‍ കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
ഓരോ മത്സരവേദികളിലും വിജയികളാകുന്നവരില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്.